അഹങ്കാരമുണ്ടെന്നറിയാനുള്ള പരിശോധനകൾ
അത് മാറ്റാനുള്ള ചികിത്സകൾ
By: മുഹമ്മദ് ലുഖ്മാൻ ശാമിൽ ഇർഫാനി കാമിൽ സഖാഫി കുറ്റിപ്പുറം
(ഇമാം ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി (റ) യുടെ ഇഹ്യാ ഉലൂമുദ്ദീൻ ആസ്പതമാക്കി എഴുതിയത്)
മുസ്ലിമിന് നാശം വിതയ്ക്കുന്ന മാനസിക രോഗമാണ് അഹങ്കാരം. ഈ വിപത്തിൽ നിന്ന് ഒരാളും അകലെയല്ല. ഈ രോഗം മനസ്സിൽ നിന്നും എടുത്തു കളയൽ എല്ലാവർക്കും ഒരു വ്യക്തികതാ ബാധ്യതയാണ്. വെറും ആഗ്രഹിച്ചത് കൊണ്ട് മാത്രം ഈ രോഗത്തെ ഉന്മൂലനം ചെയ്യാൻ സാധ്യമല്ല. പ്രത്യുത ഇതിനെ പാടെ നശിപ്പിക്കാൻ കഴിയുന്ന, ആത്മജ്ഞാനികൾ നിർദ്ദേശിക്കുന്ന മരുന്നുകളും ചികിത്സകളും നാം പ്രയോഗിക്കേണ്ടതുണ്ട്.
രണ്ടു മാർഗ്ഗങ്ങൾ മുഖേന അഹങ്കാരം ചികിത്സിച്ച് മാറ്റാം.
ഒന്നാം മാർഗ്ഗം: അഹങ്കാരത്തിന്റെ അടിവേര് തന്നെ മാന്തിക്കളയുക. അഥവാ ഹൃദയത്തിൽ അഹങ്കാരം മുളക്കാൻ നിമിത്തമായ പൊതുവായ ചിന്തകളും വിചാരങ്ങളും പാടെ നശിപ്പിച്ച് കളയുക.
രണ്ടാം മാർഗ്ഗം: മറ്റുള്ളവരേക്കാൽ താൻ മേലെയാണെന്ന് ധരിക്കാൻ കാരണമായ തന്റെ വിശേഷങ്ങളെ (ഉദാ: അറിവ്, സൗന്ദര്യം) മനസ്സിലാക്കി പ്രത്യേകമായി ചികിത്സിക്കുക.
ഒന്നാം മാർഗ്ഗത്തിൽ രണ്ടു രീതികളിലൂടെയാണ് അഹങ്കാരം സുഖപ്പെടുത്തുന്നത്. മാനസികം, കാർമ്മികമം എന്നിവയാണവ. ഇവ രണ്ടും ഒരുമിച്ചു പയറ്റിയാലേ അഹങ്കാരത്തിൽ നിന്ന് പൂർണ്ണ വിമുക്തി നേടാൻ കഴിയൂ.
1 : മാനസികം (അഥവാ സ്വന്തത്തെയും സ്രഷ്ടാവിനെയും മനസ്സിലാക്കുക): ഇത് മാത്രം മതി അഹങ്കാരത്തെ മനസ്സിൽ നിന്ന് നുള്ളിക്കളയാൻ. കാരണം ഒരാൾ തന്നെ കുറിച്ച് ശരിയാം വണ്ണം മനസ്സിലാക്കിയാൽ തന്റെ നിസ്സാരതകൾ തിരിച്ചറിയും. അത് കൊണ്ട് എനിക്ക് വിനയമാണ് യോജിച്ചെതെന്ന് തോന്നും. ഖുർആനിലെ അബസ സൂക്തത്തിലെ 17 മുതൽ 22 വരെയുള്ള വചനങ്ങൾ ആഴത്തിൽ ചിന്തിച്ചാൽ അഹങ്കാരത്തിന് തീരെ നിലനിൽപ്പുണ്ടാകില്ല. അല്ലാഹു (സു.ത) പറയുന്നു: “മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു. പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്”. മനുഷ്യന്റെ വിവിധ ഘട്ടങ്ങളെ ഇവിടെ പരാമർശിക്കുന്നു. പ്രഥമ ഘട്ടത്തിൽ അവൻ പറയപ്പെടാവുന്ന ഒരു വസ്തുവേ ആയിരുന്നില്ല. അനന്തകാലം അവനിവിടെ ഇല്ലായിരുന്നു. അവന്റെ അസ്തിത്വം തന്നെ ഇല്ലായിരുന്നു എന്ന് പറയുമ്പോൾ എത്രത്തോളം നിസാരനാണവൻ?!. അനന്തരം അറക്കപ്പെടുന്ന ബീജത്തിൽ നിന്ന് അവന് ഉണ്മ നൽകി. പിന്നെയത് രക്തക്കട്ടയായി. തുടർന്ന് മാംസപിണ്ഠമായി. പന്നീട് അതൊരെല്ലായി മാറി. തദനന്തരം ആ എല്ലിനെ മാംസം കൊണ്ട് ആവരണം ചെയ്യപ്പെട്ടു. ഇതായിരുന്നില്ലേ അവന്റെ തുടക്കം?! . അപ്പഴും അവന് ജീവനില്ലായിരുന്നു. ഒന്നും കേള്ക്കാനോ, കാണാനോ, ഗ്രഹിക്കാനോ, ചലിക്കാനോ, അറിയാനോ, പറയാനോ കഴിയാത്ത അവസ്ഥ. അവന്റെ തുടക്കം ജീവനു മുമ്പ് മരണമായിരുന്നു, ശക്തിക്ക് മുമ്പ് ബലഹീനതയായിരുന്നു, വിജ്ഞാനത്തിന് മുമ്പ് അജ്ഞാനമായിരുന്നു, കാഴ്ചക്ക് മുമ്പ് അന്ധതയായിരുന്നു, കേൾവിക്ക് മുമ്പ് ബധിരതയായിരുന്നു, സംസാരശേഷിക്ക് മുമ്പ് മൂകതയായിരുന്നു, സന്മാർഗത്തിന് മുമ്പ് അസന്മാർഗമായിരുന്നു, ഐശ്വര്യത്തിന് മുമ്പ് ദാരിദ്ര്യമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്ന ഒരുത്തൻ പിന്നെങ്ങെനെ വലിയവനാകും?! യഥാർത്ഥത്തിൽ അവൻ നിസാരനിൽ നിസാരനെല്ലേ?!
ഇനി അവൻ പിറന്നതിന് ശേഷമോ? ഒന്നും അവനെ കൊണ്ട് ചെയ്യാൻ കഴിയില്ല. അവന് സ്വന്തമായി നടക്കാൻ കഴിയുന്നത് പോലും 365 ദിവസങ്ങൾക്ക് ശേഷമാണ്. പട്ടിയും പൂച്ചയും അല്ലേ അവനേക്കാൾ ഭേദം?! . അവക്ക് പ്രസവാനന്തരം തന്നെ ഓടിനടക്കാൻ സാധിക്കും. അവൻ വളർന്ന് വലുതായാലോ?! അപ്പോഴും അവന്റെ ബലഹീനതകൾക്കൊരു കുറവും ഇല്ല. എപ്പോഴും അവന് രോഗങ്ങൾ പിടിപെടാം, അപകടങ്ങൾ വന്ന് ഭവിക്കാം. ഭക്ഷണമില്ലാതെ ജീവിക്കാൻ കഴിയില്ല, വെള്ളമില്ലാതെ നിലനിൽക്കാൻ സാധിക്കില്ല, വായു ശ്വസിക്കാതെ അതിജീവിക്കാൻ പറ്റില്ല. മരണത്തെയോ, രോഗത്തെയോ, ദാഹത്തെയോ, വിശപ്പിനെയോ, വിപത്തിനെയോ തടുക്കാൻ അവനെക്കൊണ്ടാകില്ല.
അവന്റെ അവസാന ഘട്ടം മരണമാണ്. അനന്തരം അവന്റെ ശരീരം ദുർഗന്ധം വമിക്കാൻ തുടങ്ങുന്നു. അത് മണ്ണിലലിയുന്നു. ഇഴജന്തുക്കൾ തിന്നുമതിക്കുന്നു. ജീവിതകാലത്ത് മലവും മുത്രവും വയറ്റിൽ ചുമന്ന് നടന്നിരുന്ന അവൻ അവറ്റകളുടെ വയറ്റിലെ തീട്ടമായി മാറുന്നു. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പട്ട അവൻ മണ്ണായി തന്നെ രൂപാന്തരം പ്രാപിക്കുന്നു. ആ മണ്ണ് കൊണ്ട് പാത്രങ്ങളും കെട്ടിടങ്ങളും നിർമ്മിക്കപ്പെടുന്നു. തന്റെ ഉണ്മക്ക് ശേഷം അഗാധശൂന്യതയിലേക്ക് പതിക്കുന്നു. ദീർഘകാലത്തിന് ശേഷം മറ്റൊരുണ്മയിലേക്ക് കൂടി അവനെ തന്റെ രക്ഷിതാവ് ഉയർത്തെഴുന്നേൽപ്പിക്കുന്നു. ശരീരം പൂർവ്വാവസ്തയിലാകുന്നു. അവൻ മറ്റൊരു ജീവിത്തിലേക്കും ലോകത്തേക്കും കാലെടുത്തു വെക്കുന്നു. ഒരു ബുദ്ധിമുട്ടേറിയ ജീവിതം, ഭയാനകമായ ലോകം. അവന്റെ ഇഹലോകവാസത്തിലെ തിന്മകൾ വിചാരണ ചെയ്യപ്പെടുന്ന ദിവസം. അവന്റെ നന്മകൾക്ക് പ്രതിഫലം നൽകപ്പെടുന്ന ദിനം. അവന്റെ ജീവിതം നിർണ്ണയിക്കപ്പെടുന്ന വാസരം. ഒന്നുകിൽ കത്തിയാളുന്ന നരകത്തിലേക്ക്, അല്ലെങ്കിൽ കൊതിയൂറുന്ന സ്വർഗത്തിലേക്ക്.
ആ വിചാരണ ദിവസം ഏടുകൾ നൽകി അവനോട് പറയപ്പെടും : നിന്റെ കിതാബ് നീ വായിക്കുക… ആ സമയം ഇവൻ ചോദിക്കും:;ഇതെന്തൊന്നാ… തദനന്തരം അവന് ഇങ്ങനെ മറുപടി നൽകപ്പെടും: “നീ ആഹ്ലാദത്തോടെ കഴിഞ്ഞിരുന്ന, അഹങ്കരിച്ച് നടന്നിരുന്ന, സുഖസൗകര്യങ്ങൾ കൊണ്ട് വീമ്പ് കൊണ്ടിരുന്ന ഇഹലോക ജീവിത്തിൽ നിന്റെ സകല ചലനങ്ങളും ഒപ്പിയെടുക്കാൻ, നീ സംസാരിക്കുന്നതും നീ ചെയ്യുന്ന ചെറുതും വലുതുമായ മുഴുപ്രവർത്തനങ്ങളും രേഖപ്പെടുത്താൻ രണ്ട് മലക്കുകളെ നിയോഗിക്കപ്പട്ടിരുന്നു. നിന്റെ സകലതും ഈ ഗ്രന്ഥത്തിലുണ്ട്. നീ വിചാരണക്ക് വരൂ… മറുപടി പറയാൻ തയ്യാറായിക്കോളൂ… അല്ലെങ്കിൽ നിന്നെ ശിക്ഷാവസതിലേക്ക് തെളിക്കപ്പടും”. അന്നേരം ഇവന്റെ ഹൃദയം ഭയത്താൽ വിളറിപിടിക്കും. കിതാബ് വായിച്ചു നോക്കി അവൻ പറയുമത്രെ: “എന്റെ നാശമേ…ഇതെന്തൊരു കിതാബാണ്…എന്റെ ചെറുതും വലുതുമായ സകല കർമ്മളും ഇതിലുണ്ടല്ലോ….” തന്റെ ഭാവിയിൽ ഇതൊക്കെയാണ് അവനഭിമുഖീകരിക്കുന്നതെങ്കിൽ പിന്നെന്തിനവനഹങ്കരിക്കണം?! അല്ലാഹുവിന്റെ കരുണാകടാക്ഷമില്ലാതെ ഒരുത്തനും രക്ഷയില്ല. സൃഷ്ടികളിൽ അത്യുന്നരായ നബി (സ) ക്ക് പോലും അങ്ങനയെല്ലേ?! അഹങ്കരിക്കാൻ അർഹതയുള്ളവൻ ഒരുത്തനേ ഉള്ളു. വിചാരണ ദിവസം സർവ്വതിന്റെയും ഉടമസ്ഥനാണവൻ. അവനാണ് അല്ലാഹു (സു.ത). അവന്റെ തൃപ്തിയിലേ രക്ഷയുള്ളൂ. അവന് വഴിപ്പെട്ട് വിനയാന്വിതനായി കഴിയുന്നതിലേ കാര്യമുള്ളൂ.
2- കാർമ്മികം (അതായത് കാർമ്മികമായി വിനയം കാണിക്കുക): നാമെപ്പോഴും വിനയാന്വിതരുടെ പ്രവർത്തനങ്ങൾ ചെയ്ത് ശീലക്കുക. നബി (സ) യുടെയും പിന്കാമികളായ സച്ചരിതരുടെയും വിനയത്തിന്റെ ഉദാത്ത മാതൃകൾ മനസിലാക്കി അനുധാവനം ചെയ്യുക. ഇത് യഥാർത്ഥ വിനയം പ്രാപിക്കാൻ സഹായിക്കും. നബി (സ) ഒരിക്കൽ പറയുകയുണ്ടായി: “നിശ്ചയം ഞാനൊരടിമയാണ്. അടിമ വേല ചെയ്യുന്ന ഒരാൾ എങ്ങനെ ഭക്ഷിക്കുന്നുവോ അങ്ങനെയേ ഞാനും കഴിക്കൂ. അവനിരിക്കുന്ന പോലെയേ ഞാനിരിക്കൂ” (അജ്ലൂനി) . എപ്പോഴും യജമാനന്റെ വിളിയും കാത്തിരിക്കുന്ന ഒരടിമ പതുങ്ങിയിരുന്നേ ഭക്ഷണം കഴിക്കൂ. അതേപടിയാണ് തങ്ങളും ഭക്ഷണം കഴിച്ചിരുന്നത്. തിരുദൂതർ വിനയത്തിന്റെ ഉൽക്കടമായ മാതൃകയാണ്. അവിടുത്തെ ധാരാളം വിനയവിശേഷങ്ങൾ ഹദീസുകളിൽ ചിതറിക്കിടക്കുന്നു. അവ പഠിച്ച് നാം ജീവിതത്തിൽ പകർത്തുക.
ഒരു വിശ്വാസിക്ക് വിനയം പരിശീലിപ്പിക്കുക എന്ന ധർമ്മമാണ് നിസ്കാരം പ്രധാനമായും നിർവ്വഹിക്കുന്നത്. സുജൂദും റുകൂഉം വിനയത്തിന്റെ അങ്ങേ അറ്റങ്ങളാണ്. കയ്യിൽ നിന്ന് വല്ലതും താഴെ വീണാൽ അതെടുക്കാൻ കുനിയുന്നത് പോലും പ്രാചീനഅറബികൾ വെറുപ്പോടെയാണ് കണ്ടിരുന്നത്. കാരണം കുനിയാൻ അവരുടെ അഹങ്കാരം സമ്മതിച്ചിരുന്നില്ല. സുജൂദ് അവരുടെ ഏറ്റവും വലിയ നിന്ദ്യതയും മോശത്തരവും ആയിരുന്നു. ഇസ്ലാം വന്നതോടെ ഈ മോശത്തരങ്ങൾ ദിനേന ചെയ്തു അവരുടെ അടപടലം അഹങ്കാരം നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. അവരുടെ ഹൃദയാന്തരങ്ങളിൽ വിനയ പുഷ്പങ്ങൾ വിടർത്തപ്പട്ടു. അപ്രകാരം നിസ്കാരത്തെ വിനയ പരിശീലനമായിക്കൂടി കാണുക. നാം ശരീരത്തിലെ ഏറ്റമുത്തമ ഭാഗമായി കാണുന്ന മുഖം ആളുകൾ ചവിട്ടി നടക്കുന്ന തറയിൽ ചെന്ന് പതിക്കുമ്പോൾ വിനയത്തിന്റെ ഉത്തുംഗതയിലേക്ക് നാം കയറുന്നു. “നീ ഒരു നിസാരനണാടാ” എന്ന് സുജൂദ് നമ്മോട് വിളിച്ചു പറയുന്നു.
രണ്ടാം മാർഗ്ഗം: അഹങ്കരിക്കാൻ നിമിത്തമായ പ്രത്യേക വിശേഷങ്ങൾ കണ്ടെത്തി അതിനുള്ള പ്രത്യേക പ്രതിവിധി സ്വികരിക്കലാണ് ഇതിൽ ചെയ്യുന്നത്. പ്രധാനമായും 7 തരം വിശേഷണങ്ങളാണ് അഹംഭാവത്തിന്റെ തുടക്കം.
1 : കുലം; കുല, കുടുംബ മഹിമയിൽ പലരും അഹങ്കരിക്കുന്നു. ഇങ്ങനെയുള്ളവർ രണ്ടു കാര്യങ്ങൾ മനസ്സിലാക്കി ഇതിനെ പ്രതിരോധിക്കുക.
ഒന്ന് : ഇതൊരു അഞ്ജതയാണ്. കാരണം തന്റേതല്ലാത്ത മറ്റൊരാളുടെ ഔന്നത്യത്തിലാണ് ഇവൻ വീമ്പ് കൊള്ളുന്നത്. തന്റെ പിതാക്കന്മാരുടെ പേര് പറഞ്ഞാണ് ഇവൻ ഊറ്റം കൊള്ളുന്നത്. തനിക്ക് സ്വന്തമായി ശ്രേഷ്ഠത പറയാനില്ലെങ്കിൽ പിന്നെങ്ങെനെ മറ്റൊരാളുടെ സൽവിശേഷത്തിൽ പൊങ്ങച്ചം നടിക്കുന്നത്?! സ്വയം നിന്ദ്യനാണെങ്കിൽ തന്റെ നിന്ദ്യതയെ എങ്ങനെയാണ് പിതാക്കളുടെ സൽപേര് പരിഹരിക്കുന്നത്?!
രണ്ട്: അവൻ പെരുമ നടിക്കുന്ന കുടംബ പരമ്പരയെ യഥാവിധി മനസ്സിലാക്കുക. അവന്റെ പിതാവിനെയും പിതാമഹനെയും കുറിച്ച് ചിന്തിക്കുക. തന്റെ ജീവിച്ചിരിപ്പുള്ള പിതാവ് വെറുക്കപ്പെടുന്ന ശുക്ളത്തിൽ നിന്നല്ലേ ഉണ്ടായത്?! മൃതിയടഞ്ഞ ഉപ്പാപ്പമാർ ഇന്ന് മൃത്തികയല്ലേ?! അവരെല്ലാം ആത്മനാ അധമരായിരിക്കുന്നു. അവന്റെ കുടുംബ മഹിമ ഇതെല്ലാമായിരിക്കെ അവനെന്തിനഹങ്കരിക്കണം?!
2 : സൗന്ദര്യം; സൗന്ദര്യത്തിന്റെ പേരിൽ അഹങ്കാരം മനസ്സിലലിഞ്ഞാൽ ഇപ്രകാരം ചെയ്യുക. അവന്റെ ശരീരത്തിന്റെ അകത്തേക്കും പുറത്തേക്കും ഉൾകാഴ്ചയോടെ വീക്ഷിക്കുക. തന്റെ ജഡത്തിന്റെ ഉൾഭാഗം മലീമസമാണ്. ആമാശയത്തിൽ മലമാണ്, മൂത്രസഞ്ചിയിൽ മൂത്രമാണ്, മൂക്കിൽ മൂകട്ടയാണ്, ഞരമ്പുകളിൽ രക്തമാണ്, വായയിൽ തുപ്പലാണ്, തൊണ്ടയിൽ ശ്ലേഷ്മമാണ്, ചെവിയിൽ ചെപ്പിയാണ്, തൊലിക്കുള്ളിൽ ചലമാണ്, ത്വക്കിൽ ദുർഗന്ധമാണ്. പുറംഭാഗവും അത്തരത്തിൽ മാലിന്യവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാ ദിവസവും ഒന്നോ, രണ്ടോ തവണ തന്റെ കൈ കൊണ്ട് മലം കഴുകി വൃത്തിയാക്കുന്നു. പല പ്രാവശ്യം വിസർജ്ജനസ്ഥലം അവൻ സന്ദർശിക്കുന്നു. താൻ താങ്ങി നടക്കുന്ന, സ്പർശിക്കാൻ പോലും അറക്കുന്ന മലമൂത്ര വിസർജ്യങ്ങൾ ഒഴിവാക്കാൻ പെടാപ്പാട് പെടുന്നു. ഇതെല്ലാം തന്റെ നിന്ദ്യതയെയും നിസാരതയെയും വിളംബരം ചെയ്യുന്നു.
അവന്റെ പ്രാരംഭഘട്ടം തന്നെ മ്ലേച്ചമായ പലതിൽ നിന്നുമാണ്. ബീജത്തിൽ നിന്ന് തുടക്കം കുറിച്ച അവൻ മാതാവിന്റെ ഗർഭാശയത്തിലായിരിക്കെ ആർത്തവരക്തത്തിൽ നിന്നായിരുന്നു തനിക്ക് ഭക്ഷണം നൽകപ്പെട്ടിരുന്നത്. മാലിന്യപാതകളിലൂടെയായിരുന്നു അവന്റെ സഞ്ചാരം. പിതാവിന്റെ ലിംഗത്തിൽ നിന്ന് മാതാവിന്റെ യോനിയേക്ക് പുറപ്പെട്ട അവൻ ഗർഭപാത്രത്തിൽ വാസമാരംഭിച്ചു. അറക്കപ്പെടുന്ന ആർത്തവ രക്തത്തിന്റെ ഇടമാണത്. മാസങ്ങൾ ആ ഹീനലോകത്ത് പാർത്ത ശേഷം യോനിയിലൂടെ തന്നെയായിരുന്നു പുറം ലോകത്തേക്കുള്ള അവന്റെ വരവ്. അനസ് (റ) ഉദ്ധരിക്കുന്നു: അബൂബക്കർ (റ) പ്രസംഗിക്കുമ്പോൾ ഞങ്ങളോട് പറയാറുണ്ടായിരുന്നു: നിങ്ങൾ മൂത്രനാളികളിലൂടെ രണ്ടു പ്രാവശ്യം പുറപ്പെട്ടവരാണ്.
ഒരാൽ ഒരു ദിവസം വിസർജന ശേഷമുള്ള വൃത്തിയാക്കലുകൾ ഉപേക്ഷിക്കുകയാണെങ്കിൽ അവനിൽ നിന്ന് ദുർഗന്ധങ്ങൾ വമിക്കും. ഇതര ജീവികൾ ശൗച്യം ചെയ്യുന്നില്ലെങ്കിലും അവറ്റകളേക്കാൾ ഈ മനുഷ്യന്നായിരിക്കും കൂടുതൽ നാറ്റമുണ്ടാകുന്നത്. തന്റെ ആവിർഭാവവും, വാസനവും മ്ലേച്ഛങ്ങളിൽ നിന്നാണ് എന്നും, എല്ലാ തരം മ്ലേച്ഛത്തേക്കാൾ മ്ലേച്ഛമായാണ് താൻ മൃതിയടയുന്നത് എന്നും ഒരാൾ തിരിച്ചറിഞ്ഞാൽ തന്റെ സൗന്ദര്യം കൊണ്ട് അഹങ്കരിക്കുകയില്ല. ഇതെല്ലാം പൂത്ത് നിൽക്കുന്ന പുഷ്പങ്ങളെ പോലെയാണ്. ശക്തമായ കാറ്റടിച്ചാൽ അതെല്ലാം നിലംപൊത്തും. തന്റെ സൗന്ദര്യം കെടുത്തിക്കളയുന്ന വല്ല രോഗവും ഏത് നിമിശവും വന്ന് ഭവിക്കാം. എത്രയെത്ര സുന്ദരമുഖങ്ങളാണ് ഇത്തരം രോഗങ്ങൾ കൊണ്ട് വിരൂപമായിത്തീർന്നത്?! ഭംഗിക്കും സൗന്ദര്യത്തിനും അത്രയേ ആയുസുള്ളൂ. ഇത്തരം ചിന്തകൾ ഇടക്കിടക്ക് മനസ്സിൽ മന്ത്രിക്കുന്നതിലൂടെ ഇത്തരം അഹങ്കാരത്തെ ഇല്ലാതാക്കാൻ നമുക്ക് കഴിയും.
3 : ശക്തി: ഒരാൾക്ക് അല്ലാഹു (സു.ത) കനിഞ്ഞേകുന്ന അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ് ശക്തി. ആരോഗ്യത്തിന്റെ മൂർത്തീ ഭാവമാണത്. എന്നാൽ അത് കൊണ്ട് അഹങ്കരിക്കാവതല്ല. മുമ്പ് പറഞ്ഞത് പോലെ രോകങ്ങളും അസുഖങ്ങളും എപ്പോഴും അവനെ പിടികൂടാം എന്ന ധാരണ ഇത്തരം അഹങ്കാരത്തെയും ഇല്ലായ്മ ചെയ്യുന്നു. അശക്തനാകാൻ തന്റെ കയ്യിലെ ഒരു ഞെരമ്പിന്റെ പ്രവർത്തനം നിലച്ചാൽ മതി. ഒരുപക്ഷേ നിസാരമെന്ന് കരുതുന്ന കൊതികിന്റെ കടിയേറ്റത് കൊണ്ടാകാമത്. ഒരു ഉറുമ്പ് ചെവിയുടെ ഉള്ളിലേക്ക് കടന്ന് കളഞ്ഞാൽ പോലും അവന്റെ കഥകഴിയാം. അഹങ്കാരിയായിരുന്ന നംറൂദിന്റെ കാറ്റ്പോയത് ഒരു തരം ചെറുജീവികൾ മൂക്കിൽ കയറിയപ്പോഴായിരുന്നു. കാലിൽ ചെറിയ മുള്ള് തറച്ചാൽ അതെടുത്ത് മാറ്റാതെ നടക്കൽ പ്രയാസകരമാണ്. ഈ വിപത്തുകളിൽ നിന്ന് അവൻ സുരക്ഷിതമല്ലാതിരിക്കെ അവന്നെങ്ങനെ തന്റെ ശക്തിയിലും കഴിവിലും അഹങ്കരിക്കാനൊക്കുന്നത്?! അവൻ എത്ര കായിക ബലമുള്ളവനാണെങ്കിലും കഴുത, പോത്ത്, ആന, ഒട്ടകം എന്നീ മൃഗങ്ങളേക്കാൾ ശക്തനല്ല. ഇവറ്റകളേക്കാൾ ശക്തമല്ല അവന്റെ ശക്തിയെങ്കിൽ എന്തടിസ്ഥാനത്തിലാണ് തന്റെ ശക്തിയിൽ അഹംഭാവിയാകുന്നത്?!
4: സമ്പത്ത്
5: കൂട്ട്: ഇവ രണ്ടും ഒരേ രീതിയിലുള്ളതും മനുഷ്യന്റെ പുറമേയുള്ള കാര്യങ്ങളുമാണ്. ഇവ കാരണമുള്ള അഹങ്കാരം വളരെ വഷളയാതാണത്രെ. സമ്പത്ത് കൊണ്ട് അഹങ്കരിക്കുകയും അത് നഷ്ടപ്പെട്ടു പോവുകയും ചെയ്താൽ അവൻ പാപ്പരായില്ലേ?! തന്റെ കൂട്ടാളികൾ ഒരു വേള തന്നെ ഇട്ടേച്ച് പോയാൽ അഹങ്കാരത്തിന് എന്ത് പ്രസക്തിയാണുള്ളത്?! ഒരു ജനപ്രതിനിധിക്ക് അഹങ്കാരം വരുന്നെങ്കിൽ അവന്റെ പ്രാധിനിധ്യത്തിന് അടുത്ത തെരഞ്ഞെടുപ്പ് വരേയല്ലേ ആയുസുള്ളത്?! ഇത് കൊണ്ടല്ലാം പവർ നടിക്കൽ എത്രമാത്രം വിഡ്ഡിത്തമാണ്?! ഇതെല്ലാം നശ്വരമാണ്.
6: ജ്ഞാനം: വിജ്ഞാനം കൊണ്ട് അഹങ്കരിക്കുന്നത് ഏറ്റവും വലിയ നാശമാണ്. വൻ അപകടമാണ് ഇത് വരുത്തിവെക്കുന്നത്. അറിവ് കൊണ്ടും അമല് കൊണ്ടും അഹങ്കരിക്കുന്നതിനുള്ള ചികിത്സ ബുദ്ധിമുട്ടേറിയതാണ്. കാരണം ഇവ രണ്ടും നിലനിൽക്കുന്ന അനുഗ്രഹങ്ങളാണ്. മൃത്യുവിന് ശേഷവും അത് ഉപകരിക്കുന്നതാണ്. അത് കൊണ്ട് സന്തോഷിക്കാൻ വകതരുന്ന 2 പൂർണ്ണ ഗുണങ്ങളാണവ. മേൽ പ്രതിപാദിക്കപ്പെട്ട 5 അനുഗ്രഹങ്ങളും മരണത്തോടെ അറ്റുപോകുന്നതാണ്. എന്നാൽ ഇവ രണ്ടു കൊണ്ടും അഹങ്കരിക്കുന്നത് സൂക്ഷ്മമായ അജ്ഞതയിൽ പെട്ടതാണെത്രെ.
കഠിനമായ പ്രയത്നങ്ങൾ കൊണ്ടെല്ലാതെ അറിവ് കൊണ്ട് അഹങ്കരിക്കുന്നതിനെ ചെറുക്കാനാവില്ല. കാരണം അറിവിന് അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനമുണ്ട്. ജനങ്ങളുടെ ഇടയിൽ അതിനൊരു നിലവാരമുണ്ട്. സമ്പത്തിനേക്കാളും സൗന്ദര്യത്തേക്കാളും മറ്റു എന്തിനേക്കാളും മഹത്തായതാണ് മതവിജ്ഞാനം. പക്ഷെ അതിനനുസരിച്ചുള്ള കർമ്മമില്ലെങ്കിൽ അതിനൊരു സ്ഥാനവുമില്ല. ഞാനൊരു ജഞാനിയായത് കൊണ്ട് അഹങ്കാരം വരുന്നെങ്കിൽ ഇനി കുറിക്കുന്ന കാര്യങ്ങൽ മനസ്സിലിട്ട് താലോലിക്കുക.
ഒന്നാം കാര്യം- പണ്ഡിന്മാർ പരലോകത്ത് നേരിടുന്ന പ്രതിസന്ധികൾ അപകടം പിടിച്ചതാണ്. സർവ്വജ്ഞനും സർവ്വാധിതപനുമായ അല്ലാഹുവിന്റെ പ്രമാണം ജ്ഞാനികൾക്ക് നേരേ ശക്തമാണ്. വിവരമില്ലാത്തവർ ചെയ്ത് കൂട്ടുന്ന പലതും അല്ലാഹു (സു.ത) പൊറുത്തു കൊടുക്കും. പ്രത്യുത അതിന്റെ പത്തിലൊന്ന് പോലും അവൻ വിവരമുള്ളവർക്ക് പൊറുത്തേക്കുകയില്ല. കാരണം അറിവോടെയും ജ്ഞാനത്തോടെയും അല്ലാഹുവിന് എതിര് കാണിക്കുന്നതിന്റെ ശിക്ഷ കടുത്തതാണ്. നബി (സ) പരലോകത്തെ ജ്ഞാനിയുടെ അവസ്ഥ വിവരിക്കുന്നു: “അന്ത്യനാളിൽ പണ്ഡിതനെ കൊണ്ട് വരപ്പെടും. ഉടനെ നരകത്തിലേക്ക് ഇടപ്പെടും. തന്റെ കുടൽമാല പുറത്ത് ചാടുകയും കഴുത ആസ്കല്ലിൽ കറങ്ങുന്നത് പോലെ നരകിത്തിൽ അവനങ്ങനെ കറങ്ങുന്നതുമാണ്. ആ സമയം നരകവാസികൾ അവനോട് ചോദിക്കുമെത്രെ: നിങ്ങൾക്കെന്ത്പറ്റി? അവൻ പറയും: ഞാൻ നന്മ കൊണ്ട് കൽപിക്കുമായിരുന്നു. പക്ഷെ ഞാനതെടുക്കാറില്ല. തിന്മ നിരോധിക്കുമായിരുന്നു. എന്നാൽ അത് തന്നെ ഞാൻ ചെയ്തിരുന്നു”. പണ്ഡിതൻ ദേഹേച്ഛകൾക്ക് വഴിപ്പെടുന്നത് വഴി തിന്മകൾ ചെയ്ത് കഴിഞ്ഞാൽ അവൻ അധമരിൽ അധമനാകുന്നതാണ്. അതിനുള്ള ശിക്ഷ കടുത്തതാണ്. ഇതെല്ലാമാണ് ജ്ഞാനിയുടെ അവസ്ഥയെങ്കിൽ അവന്ന് അതിന്റെ പേരിൽ എങ്ങനെ അഹങ്കരിക്കാൻ കഴിയും.
രണ്ടാം കാര്യം – അഹങ്കരിക്കാൻ അർഹതയുള്ളവൻ സർവ്വജ്ഞനായ അല്ലാഹു (സു.ത) ആണെന്ന് മനസ്സിലാക്കുന്നവനാണ് യഥാർത്ഥ ജ്ഞാനി. അഹങ്കാരിച്ചാൽ താൻ അവന്റെ മുന്നിൽ താന്നവനും കോപിക്കപ്പട്ടവനും ആയിരുക്കുമെന്ന് അവൻ അറിയുന്നവനാണ്. അല്ലാഹു (സു.ത) പറയുന്നു: നീ നിനക്ക് ഒരു സ്ഥാനം കൽപിക്കാത്തിടത്തോളം ഞാൻ നിനക്കൊരു സ്ഥാനം കൽപ്പിക്കും. പ്രത്യുത നീ നിനക്ക് സ്ഥാനം കൽപ്പിക്കുകയാണെങ്കിൽ എന്റെയടുത്ത് നിനക്കൊരു സ്ഥാനവുമില്ല. ഇതറിയുന്ന ദൈവകാംക്ഷിയായ വിദ്യവാഹകൻ വിനയത്തിവൂടെയല്ലാതെ ഉയരങ്ങൾ എത്തിപ്പിടിക്കാൻ കഴിയില്ലെന്ന് തിരിച്ചറിയുന്നു. അത് കൊണ്ട് തന്നെ അവൻ അഹംഭാവ സ്വഭാവത്തിൽ നിന്ന് അകലുകയും താഴ്മയുടെ തീരത്തേക്ക് അടുക്കുകയും ചെയ്യും.
ഈ ചോദ്യം പ്രസക്തമാണ്: നല്ല ഒരു പണ്ഡിതനായിരിക്കെ എങ്ങനെയാണ് തെമ്മാടിയോടും പുത്തൻ വാദിയോടും അവൻ വിനയം കാണിക്കുക? വിജ്ഞാനവും സൽകർമ്മവുമെല്ലേ തെമ്മാടാത്തരത്തേക്കാളും പുത്തനാശയത്തേക്കാളും ശ്രേഷ്ഠമായത്? ജ്ഞാനത്തെയും കർമ്മത്തേയും താഴ്തിക്കെട്ടാമോ?
മറുപടി: നീ അദ്യം ഈ കാര്യം മനസ്സിലാക്കുക : എല്ലാത്തിന്റെയും ഗതി നിർണ്ണയിക്കുന്നത് അവസാനമാണ്. പരിശുദ്ധ റസൂൽ (സ്വ) ഇപ്രകാരം പറഞ്ഞു: ഒരാളുടെ കർമ്മങ്ങൾ അവയുടെ അവസാനം കൊണ്ടാണ് (ബുഖാരി: 6493) . കർമ്മ-വിദ്യകളുടെ യഥാർത്ഥ നേട്ടം പരലോകത്തേ ഉറപ്പാകൂ. അത് കൊണ്ട് നിലവിൽ സൽജ്ഞാനകർമ്മിയായ ഒരുവൻ ഒരുപക്ഷേ ദുർജ്ഞാനകർമ്മിയായായിരിക്കും മൃതിയടയുന്നത്. പ്രത്യുത വിവരദോശിയും തെമ്മാടിയുമായ ഒരുത്തൻ ഭക്തനും സൽകർമ്മിയും ആയിട്ടായിരിക്കാം അന്തരിക്കുന്നത്. എന്നല്ല അവിശ്വാസിയായ ഒരാൾ വിശ്വാസിയായും, വിശ്വാസി അവിശ്വാസിയായും അന്ത്യം കുറിക്കാം. അത് കൊണ്ട് നാം എന്ത് ഉയരത്തിലാണെങ്കിലും കാഫിറായ ഒരുത്തനോട് പോലും അഹങ്കരിക്കരുത് എന്നാണ് ഇസ്ലാമിക നിലപാട്. ദൈവത്തിന്റെയടുക്കൽ വലിയവൻ പരലോകത്ത് വലിയവനായവൻ മാത്രമാണ്. അത് പരലോകം പുൽകിയാലേ മനസ്സിലാകൂ.
ആരെ കണ്ടാലും നമ്മേക്കാൾ ശ്രേഷ്ഠത ഏതെങ്കിലും വിധേന അവനുണ്ടെന്ന് വിജാരിക്കുന്നതാണ് യഥാർത്ഥ വിനയം. വിവരദോശിയെ കണ്ടാൽ വിനയാന്വിതനായ വിദ്വാൻ ഇങ്ങനെ കരുതുമെത്രെ: ഇദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതദ്ദേഹത്തിന്റെ വിവരദോശം കൊണ്ടാണ്. വിവരമുണ്ടായിരിക്കേ ഞാൻ പാപം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ മുമ്പിൽ കാരണം ബോധിപ്പിക്കാനും ഇളവ് നൽകപ്പെടാനും അർതയുള്ളത് അവനാണ്. മറ്റൊരു പണ്ഡിതനെ കണ്ടാൽ പറയും : ഞാനറിയാത്ത പലതും ഇദ്ദേഹത്തിനറിയുമായിരിക്കാം. ഞാനെങ്ങെനെ അങ്ങോരെ പോലെയാവുക?! വയാധികനോ തന്നേക്കാൾ വയസ്സുള്ളവനോ ആണെങ്കിൽ വിജാരിക്കും : എന്നേക്കാൾ വയസ്സുള്ളത് കൊണ്ട് തന്നെ ഇദ്ദേഹം എന്നേക്കാൾ ഒരുപാട് സൽകർമ്മങ്ങൾ അനുഷ്ഠിച്ചിട്ടുണ്ടാകും. ഞാനെങ്ങനെ അദ്ദേഹത്തിന്റെ ഒപ്പമെത്തും?! തന്നേക്കാൾ വയസ്സ് കുറവുള്ളവനെ കണ്ട് മുട്ടുമ്പോൾ അവൻ മനനം ചെയ്യും: ഇവനേക്കാൾ ധാരാളം കാലം ജീവിച്ചത് കൊണ്ട് നിരവധി തെറ്റുകൾ ചെയ്ത് കൂട്ടിയിട്ടുണ്ട് ഞാൻ. ഞാനെങ്ങനെ ഇവനോട് സമാനനാകുന്നത്?! നവീനവാദിയോ അമുസ്ലിമോ ആയ ഒരാളെ കാണാനിടയായാൽ മനസ്സിൽ മന്ത്രിക്കും: അവന്റെ അന്ത്യം അദ്ദേഹത്തിന്റെ ഇസ്ലാമാശ്ലേഷണത്തിന് ശേഷമോ സുന്നിയായതിനുടനെയോ ആയിരിക്കാം. എന്നാൽ എന്റെ അന്ത്യം എന്തായിരിക്കും? ഞാൻ സന്മാർഗ്ഗശാശ്വതനാണന്ന് എന്തുറപ്പാണ് എനിക്കുള്ളത്?
തന്റെ പര്യവസാനചിന്ത അഹംഭാവചിന്തക്കുമേലുള്ള ബ്രേക്കാണ്. അതോർത്ത് വേവലാതിപ്പെടുമ്പോൾ താനേ അഹങ്കാരം അവനിൽ നിന്ന് ഇറങ്ങിപ്പോവുന്നു. ഒരു സംഘം ആളുകളെ ജയിലിൽ പ്രവേശിപ്പിക്കുകയും നാളെ തൂക്കിലേറ്റും എന്ന് മുന്നറിയിപ്പ് നൽകപ്പെടുകയും ചെയ്യ്താൽ എങ്ങനെ പരസ്പരമവർക്ക് അഹങ്കാരം വരുക?! സ്വന്തകാര്യത്തിൽ ഭയപ്പെട്ടിരിക്കുന്നവർ ഏത് വിധേനയാണ് മറ്റുള്ളവരുടെ അല്പത്തരം തപ്പി നടക്കുക?!
ഈ ചോദ്യവും പ്രസക്തം തന്നെ: പുത്തൻവാദികളോടും തെമ്മാടികളോടും ദേഷ്യം ഉണ്ടാകണം എന്നൊരു കൽപ്പനയില്ലേ?! അവരോടും വിനയം കാണിക്കണം എന്നുള്ളപ്പോൾ എങ്ങനെയാണ് ഞാൻ അവരെ കോപിക്കുക?
മറുപടി: യഥാർത്ഥത്തിൽ ഇതൊരു പുകയാണ്. കോപവും അഹങ്കാരവും വേർത്തിരിക്കാൻ ബുദ്ധിമുട്ടുള്ള പുക. കാരണം പുത്തനാശയത്തോടും തിന്മയോടുമുള്ള രോഷം പലപ്പോഴും വിദ്യ കൊണ്ടും നന്മ കൊണ്ടും അഹങ്കരിക്കുന്നതിലേക്ക് വഴിതെളിയിക്കപ്പടുന്നു. അരികിൽ വന്നിരുന്ന തേവിടിശ്ശികളെ എത്രയെത്ര ജ്ഞാനികളും സൽകർമ്മികളുമാണ് ആട്ടിയോടിച്ചിട്ടുള്ളത്?! അവർ തിന്മയുടെ വക്താക്കളായത് കൊണ്ട് ഞങ്ങൾക്ക് അവരോടുള്ള കോപം പുറത്തെടുത്താണ് എന്ന് ആ ചെയ്തിയെ പറ്റി അവർ ധരക്കുന്നു. സത്യത്തിൽ അവരുടെ മനതലങ്ങളിൽ ഒളിച്ചിരിക്കുന്ന അഹങ്കാരവും അതിൽ ഉൾചേർന്നിരിക്കുന്നു. ഇത് അഹങ്കാരത്തിന്റെയും കോപത്തിന്റെയും സങ്കലനമാണ്. ഈ കോപം നല്ലതാണെങ്കിലും അഹങ്കാരം അതിലലിഞ്ഞത് കോണ്ട് അത് മലിനമാണ്. ഒരുപക്ഷേ ഈ കോപം അഹങ്കാരത്തിൽ നിന്ന് തന്നെ പിറവിയെടുത്തതായിരിക്കാം. അപ്പോൾ അത് തനി വിസർജ്യവുമാണ്.
ഇങ്ങനെയൊരു കഥയുണ്ട്: ബനു ഇസ്രാഈലിലെ വൃത്തികെട്ടവൻ എന്ന് വിളിക്കപ്പടുന്ന ഒരാൾ ബനൂ ഇസ്റാഈലിലെ സൽകർമ്മി എന്ന് വിളിക്കുപ്പെടുന്ന ഓരാളുടെ അരികിലൂടെ കടന്നുപോകാനിടയായി. ഈ ദുഷ്കർമ്മി മനസ്സിൽ മന്ത്രിച്ചു: ഞാൻ വൃത്തി കെട്ടവനാണ്, ഇദ്ദേഹം സൽകർമ്മിയാണ്. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നാൽ അല്ലാഹു (സു.ത) എന്നോട് കാരുണ്യം കാണിക്കുമായിരിക്കാം. അങ്ങനെ സൽകർമ്മിയുടെ അടുത്ത് ദുർകർമ്മി വന്നിരുന്നു. തദവസരം സൽകർമ്മി പറഞ്ഞെത്രെ : ഞാൻ ബനൂ ഇസ്റാഈലിലെ സൽകർമ്മിയാ… ഇവൻ അവരിലെ ദുർകർമ്മിയല്ലേ… പിന്നെങ്ങനെയാ ഇവൻ എന്റെയടുത്ത് വന്നിരിക്കുന്നത്?! സൽകർമ്മി വെറുപ്പ് പ്രകടിപ്പിച്ചു. തുടർന്ന് അദ്ദേഹം ദുർകർമ്മിയോട് പറഞ്ഞു: നീ എന്റെടുത്ത് നിന്ന് പോടാ… തദനന്തരം അക്കാലത്തെ ഒരു നബിയിലേക്ക് അല്ലാഹു (സു.ത) വഹ് യ് നൽകി: താങ്കൾ അവരിരുപേരോടായി പറയുക: നിങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക…ഞാൻ ദുർകർമ്മിയുടെ മുഴുപാപങ്ങളും പൊറുത്തിരിക്കുന്നു. സൽകർമ്മിയുടെ സകല കർമ്മളും മായ്ച്ചിരിക്കുന്നു.
ഇവിടയുള്ള പുകമറക്ക് കാരണം ഈ പറയുന്നതാണ്. ഒരു സൽകർമ്മിയൊട് അഹങ്കാരം വെച്ചുപുലർത്തുന്നത് ഹീനമാണ് എന്നത് പ്രകടമാണ്. എല്ലാവർക്കും അതറിയാം. അത് കൊണ്ട് ഈ അഹങ്കാരത്തിൽ നിന്നുള്ള മുക്തി ദുർഘടമല്ല. എന്നാൽ നവീനാശയക്കാരനോടും തെമ്മാടിയോടുമുള്ള അഹങ്കാരം അല്ലാവിന് വേണ്ടി കോപിക്കുന്നതിനോട് സാദൃശ്യമാണ്. കോപം അല്ലാഹുവിന് വേണ്ടിയാണെങ്കിൽ അത് ധർമ്മവും നന്മയുമാണ്. അഹങ്കാരത്തിലൂടെയും അല്ലാതെയും കോപം വരാം. അഹങ്കാരം കോപം കാരണമായോ മറ്റന്തെങ്കിലും കാരണത്താലോ ഉണ്ടാവാം . പലപ്പോഴും ഒന്ന് മറ്റൊന്നിന്റെ പൂരകമാണ്. അഥവാ ഒന്ന് ഉണ്ടായാൽ അതിന്റെ ഫലമായി മറ്റേതും ഉണ്ടാവാം. കോപമുണ്ടായത് അഹങ്കാരം കാരണമായാണൊ അല്ലയോ എന്ന് തിരിച്ചറിയുന്നവർ വിരളമാണ്. അല്ലാഹു പ്രത്യേകം തൗഫീഖ് നൽകിയവർക്കല്ലാതെ ഇത് വേർത്തിരിച്ച് മനസ്സിക്കാൻ കഴിയില്ല
ഇത്തരം അഹങ്കാരത്തിൽ നിന്ന് രക്ഷ നേടാനും മാർഗ്ഗമുണ്ട്. പുത്തൻവാദിയെയോ തെമ്മാടിയെയോ കാണുകയോ അവരോട് ഗുണദോഷിക്കുകയോ ചെയ്യുന്ന സന്ദർഭം അവൻ ഈ 3 കാര്യങ്ങൾ മനസ്സിൽ കുടിയിറക്കട്ടെ:
ഒന്ന്- മുൻകാലങ്ങളിൽ താൻ ചെയ്ത പാപങ്ങളിലേക്ക് കണ്ണോടിക്കുക. സ്വനയനങ്ങളിൽ തന്റെ സ്ഥാനം കുറയാൻ ഇത് സഹായിക്കും.
രണ്ട്- തന്റെ മതവിജ്ഞാനവും സത്യവിശ്വാസവും സൽകർമ്മവും അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്. അത് കൊണ്ട് അവന്നാണ് അതിന്റെ മേന്മകൾ. എനിക്കതിൽ ഒരു പങ്കുമില്ല. ഇങ്ങനെ മനനം ചെയ്താൽ ഹൃദയത്തിലുള്ള ഉൾനാട്യം പടിയിറങ്ങും. ഉൾനാട്യമില്ലെങ്കിൽ അഹങ്കാരം വരില്ലല്ലോ.
മൂന്ന്- താൻ മൃതിയടയുന്നത് എങ്ങെനെയാവും എന്ന് ആവലാതിപ്പെടുക. ചിലപ്പോൽ നല്ലൊരവസ്ഥയിലായിരിക്കുമത്. ഒരുപക്ഷേ മോശം നിലയിലായിരിക്കും. ഈയൊരു ഭയം അവനെ അഹങ്കരിക്കുന്നതിൽ നിന്ന് അശ്രദ്ധനാക്കും.
ചോദ്യം : എന്നാൽ ഈ കാര്യങ്ങൾ പാലിക്കുന്നതിനോടൊപ്പം എങ്ങനെ അവനോട് കോപം വെച്ച് പുലർത്തും?
മറുപടി: നീ അവനോട് കോപിക്കുന്നത് നിന്റെ രക്ഷിതാവായ അല്ലാഹുവിന് വേണ്ടി മാത്രമാണ്, നിനക്ക് വേണ്ടിയല്ല. അതാണ് നിന്നോട് കൽപ്പിക്കപ്പെടുന്നത്. നീ അവനോട് കോപിതനാകുന്നത് കൊണ്ട് നീ വിജയിച്ചവനായും അവൻ നശിച്ചവനായും ചിത്രീകരിക്കരുത്. നിനക്ക് അറിവുണ്ടായിട്ടും എത്രയെത്ര തിന്മകൾ ചെയ്ത് കൂട്ടിയിട്ടുണ്ട്?! അവൻ അറിവില്ലാത്ത തെമ്മാടിയാണ്. അത് കൊണ്ട് തന്നെ നിന്റെ പര്യവസാനം അവനേക്കാൾ ദുഷ്കരവും ദുർഘടവുമാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരാളെ കോപിക്കുമ്പോഴെല്ലാം അയാളോട് അഹങ്കരിക്കണമെന്നില്ല. ഇതിനൊരുദാഹരണം പറയാം:
ഒരു രാജാവിന് ഒരു കുഞ്ഞുമകനും തൊഴിലാളിയായ അടിമയുമുണ്ട്. മകനോട് പെരുത്തിഷ്ടമാണ് രാജാവിന്. തന്റെ മകനെ നോക്കാനായി അദ്ദേഹം അടിമയെ ഏൽപ്പിച്ചു. അവൻ മര്യാദക്കേട് കാണിക്കുമ്പോൾ കോപിക്കാനും വേണ്ടിവന്നാൽ അടിക്കാനും രാജാവ് അടിമക്ക് നിർദ്ദേശം നൽകി. കുട്ടി അപമര്യാദകൾ ചെയ്യുമ്പോൾ അടിമ അവനെ ശകാരിക്കുന്നതും തല്ലുന്നതും തന്റെ യജമാനനായ രാജാവിന്റെ ഇഷ്ടം പിടിച്ച്പറ്റാനും തൃപ്തി നേടാനും മാത്രമാണ്. താൻ രാജാവിന്റെ മകനേക്കാൾ ഉയർന്ന പദവിയിലാണ് എന്ന് കരുതി അഹങ്കരിച്ചത് കൊണ്ടല്ല. മറിച്ച് ആ കുട്ടിയോട് ഈ അടിമ വിനയാന്വിതനാണ്. കുട്ടിക്കാണ് ഉയർന്ന സ്ഥാനമുള്ളത് എന്ന് വിശ്വസിക്കുന്നതോടൊപ്പമാണ് കുട്ടിയോട് കോപിക്കുന്നതും ശകാരിക്കുന്നതും.
7- കർമ്മം (ഇബാദത്ത്) : കർമ്മം, പാപസൂക്ഷ്മത എന്നിവ കൊണ്ട് അഹങ്കരിക്കുന്നത് ജ്ഞാനം പോലെതന്നെ കടുത്തതാണ്. ഇതിൽ നിന്ന് രക്ഷ പ്രാപിക്കാൻ ഇപ്രകാരം ചെയ്യുക. സകലരോടും അവൻ താഴ്മ കാണിക്കുക. ഒരു വിദ്വാനെ അവൻ ദർശിക്കാനിടവന്നാൽ അവന്റെ ശ്രേഷ്ഠതകൾ മനനം ചെയ്യുക. ഏത് വിധേന ചിന്തിച്ചാലും അവനോടൊപ്പമെത്തില്ല എന്ന് ഗ്രഹിക്കുക. നിശ്ചയം അല്ലാഹു (സു.ത) തിരുദൂതരോട് ആജ്ഞാപിച്ചുവല്ലോ : നബിയേ അങ്ങ് പറുയുവീൻ; അറിവുള്ളവരും അറിവില്ലാത്തവരും സമാനരാണോ? (സുമുർ: 9 സാരാംശം). പ്രവാചകർ (സ്വ) തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ: ജ്ഞാനിക്ക് കർമ്മിയേക്കാൾ ഉള്ള മേന്മ എന്റെ സഖാക്കളിലെ ഏറ്റം പദവികുറഞ്ഞവനേക്കാൾ എനിക്കുള്ള മേന്മ പോലെയാണ് (തുർമുദി: 2685).
ചോദ്യം: ഒരു വിദ്വാന് ഇത്തരം ശ്രേഷ്ഠതകൾ കൈവരുന്നത് അതിനനുരിച്ചുള്ള കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോഴാണ്. ഈ വിദ്വാൻ അത്തരക്കാരനല്ല, ഇവൻ മഹാ ദുർകർമ്മിയാണ്. ഇവനേക്കാൾ ഭേദം സൽകർമ്മിയല്ലേ?
മറുപടി: നന്മകൾ തിന്മകളെ കഴുകിക്കളയും എന്ന് നിനക്കറിയില്ലേ?! ജ്ഞാനിക്കെതിരെ അവന്റെ ജ്ഞാനം പ്രമാണമായി വരുമെങ്കിലും അപ്രകാരം തന്നെ അവന്റെ തിന്മകൾക്കുള്ള പ്രായശ്ചിത്തമാകാനും ഇടയുണ്ട് .രണ്ടിനും സാധ്യത നിലനിൽപുണ്ട്. തിരുമൊഴികൾ ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ഇവ രണ്ടിൽ ഏതാണ് വിദ്വാന് സംഭവിക്കുക എന്നത് അവ്യക്തമാണ്. എന്നതിനാൽ പണ്ഡിതൻ നീചനാണെങ്കിലും അവനെ തരംതാഴ്തരുത്. പ്രത്യുത സൽകർമ്മി അവനോട് വിനയം കൊണ്ട് പെരുമാറട്ടെ.
പണ്ഡിതനല്ലാത്ത ഒരാളോട് എങ്ങനെ അവൻ വിനിയാന്വിതനാവും? ശ്രദ്ധിക്കുക ആ ഗണത്തിൽ പെട്ടവർ 2 തരമാണ്. പ്രകടമായവർ, അവ്യക്തമായവർ. സ്ഥിതിഗതികൾ വെളിവാക്കപ്പടാത്തവരാണ് അവ്യക്തമായവർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇവരുടെ കാര്യങ്ങൾ രഹസ്യമായിരിക്കും. തന്നേക്കാൾ ഇബാദത്ത് ചെയ്യുന്നവനാണോ, തെറ്റ് ചെയ്യുന്നവനാണോ എന്ന് അറിയാൻ കഴിയില്ല. ഇത്തരം ആളുകളോട് അഹങ്കരിക്കാൻ വകുപ്പില്ല. കാരണം അവൻ തന്നേക്കാൾ ദോഷം കുറഞ്ഞവനും സൽകർമ്മങ്ങൾ കൂടിയവനും അല്ലാഹിവിന്ന് കൂടുതൽ തൃപ്തിയുള്ളവനും ആയിരിക്കാം.
സ്ഥിതിഗതികൾ പരസ്യമായവരാണ് പ്രകടമായവർ. ഇവരുടെ വിശേഷങ്ങൾ പരസ്യവും പ്രകടവുമായിരിക്കും. നിന്റെ ആയുസ്സിൽ നീ ചെയ്ത്കൂട്ടിയ അധർമ്മളും നീചപ്രവർത്തനങ്ങളും അവനേക്കൾ അധികമാണെങ്കിൽ അഹങ്കരിക്കാൻ ന്യായമില്ല. അവന്റെ ആയുസ്സിൽ അവൻ ചെയ്ത്പോയ സകലപാപങ്ങൾ അറിയാൻ മറ്റൊരാൾക്ക് സാധിക്കില്ല എന്നത് കൊണ്ടും എന്റെ മുഴു തിന്മകൾ പരിഗണിച്ച് കൊണ്ടുമാണ് അവനാണ് ദോഷം കുറഞ്ഞവൻ എന്ന നിഗമനത്തിലെത്തുന്നത് എന്നും കൃത്യമായി ഇരുപേരുടെയും ദുഷ്കർമ്മങ്ങൾ കണക്കാക്കുയാണെങ്കിൽ അവന്റെ പാപങ്ങൾ വർധിക്കാൻ സാധ്യതയുണ്ട് എന്നും പറയാവതല്ല. കൊലപാതകം, വ്യഭിചാരം തുടങ്ങിയ താൻ ചെയ്യാത്ത വൻകുറ്റങ്ങൾ അവൻ ചെയ്തിട്ടുണ്ട് എന്ന് വെച്ചാലും അവനേക്കാൾ അഹങ്കരിക്കാവതല്ല. കാരണം അഹങ്കാരം, അസൂയ, ലോകമാന്യം, വഴിപിഴച്ച വിശ്വാസം തുടങ്ങിയ ഹൃദയരോഗങ്ങൾ അല്ലാഹു (സു.ത) ന്റെ അടുക്കൽ കടുത്തതും ഹീനവുമാണ്. അവ നിന്റെ അന്തരംഗങ്ങളിൽ ഒളിച്ചിരിപ്പുണ്ടെങ്കിൽ നീ അവന്റെ കൊപപാത്രമാകാൻ സാധ്യതയുണ്ട്. വൻപാപങ്ങൾ ചെയ്ത ആ തമ്മാടി അസൂയ പോലെയുള്ള മാനസികരോഗങ്ങളിൽ നിന്ന് മുക്കനും ഹൃദയശുദ്ധിയുള്ളവനും നിനക്കില്ലാത്ത ദൈവസ്നേഹവും ബഹുമാനവും ആത്മാർത്തതയും കൈവന്നവനും ആണെങ്കിൽ അവനല്ലേ നിന്നേക്കാൾ നല്ലവൻ. അവന്റെ ഇത്തരം നന്മകൾ കാരണം അവൻ ചെയ്ത വൻപാപങ്ങൾ അല്ലാഹു (സു.ത) പൊറുത്ത് കൊടുത്തേക്കാം. നീ വൻകുറ്റവാളിയാണെന്ന് കരുതിയ ആ മനുഷ്യൻ തന്റെ മറകൾ നീകി അന്ത്യനാളിൽ പുറത്ത് വരുമ്പോൾ മാത്രമാണ് നീ യാഥാർത്ഥ്യം തിരിച്ചറിയുന്നത്. അവൻ നിനക്കുമെത്രയോ മുകളിലായിരിക്കുമന്നേ ദിവസം. നിശ്ചയം ഇതൊന്നും അസംഭവ്യമല്ല. ഇതൊരു വിദൂര സാധ്യതയാണെന്ന് നീ വിജാരിക്കുന്നുണ്ടെങ്കിൽ അതിനെ നിന്റെ മനതലങ്ങളിൽ സമിപസാധ്യതയുള്ളതാക്കി മാറ്റണം. നിനക്ക് അനുകൂലമായ കാര്യങ്ങൾ അകലെയും പ്രതികൂലമായ കാര്യങ്ങൾ വിദൂരവും ആയി ഗണിക്കുമ്പോൾ അഹങ്കാരം നിന്നിൽ നിന്ന് വിദൂരമാകുന്നു.
ചുരുക്കത്തിൽ നാം ഏത് ആളെ കാണുമ്പോഴും നമ്മേക്കാൾ മഹത്വവും മേന്മയും അവന് പ്രതിഷ്ഠിക്കുക. ഇങ്ങനെയുരു കഥയുണ്ട്: സദാ ആരാധനയിൽ മുഴുകിയ ഒരാൽ ഒരു പർവ്വതനിരയിൽ അഭയം പ്രാപിച്ചു. തന്റെ മയക്കത്തിൽ തന്നോട് ഇപ്രകാരം ആജ്ഞാപിക്കപ്പെട്ടു: ഇന്ന ചെരുപ്പ്കുത്തിയുടെ അടുത്തേക്ക് പോകൂ… അദ്ദേഹത്തോട് നിനക്കായി പ്രാർത്ഥിക്കാൻ പറയൂ… അങ്ങനെ അദ്ദേഹം ചെന്നു. ചെരുപ്പ്കുത്തിയുടെ കർമ്മങ്ങളെ കുറിച്ചു ആരാഞ്ഞു. അദ്ദേഹം പറഞ്ഞു: “ഞാൻ പകലിൽ വ്രതമെടുക്കും, ജോലി ചെയ്യും, അതിൽ നിന്ന് കിട്ടുന്നത് കൊണ്ട് ധർമ്മം ചെയ്യുകയും കുടുംബം പോറ്റുകയും ചെയ്യും”. അങ്ങനെ അദ്ദേഹം മടങ്ങി. മൂപർ പറഞ്ഞു: ഇദ്ദേഹം നല്ലൊരു മനുഷ്യനൊക്കെ തന്നെയാണ്. പക്ഷെ ആരാധനക്ക് വേണ്ടി ജീവിതം ഒഴിഞ്ഞ് വെക്കുന്നതിനേക്കാൾ മികച്ചതല്ലയിത് . തദനന്തരം അദ്ദേഹത്തിന്റെ നിദ്രയിൽ ഇങ്ങനെ കൽപ്പിക്കപ്പെട്ടു: ആ ചെരുപ്പ്കുത്തിയുടെ അരികത്തേക്ക് പോ… അദ്ദേഹത്തോട് ഇങ്ങനെ പറ: താങ്കളുടെ മുഖത്ത് മഞ്ഞനിറം വരാനുള്ള കാരണമെന്താണ്? അവിടെയെത്തി അദ്ദേഹം അപ്രകാരം ചോദിച്ചു. ചെരുപ്പ്കുത്തിയുടെ മറുപടി ഇങ്ങനെയായിരുന്നു: ഏതൊരാളെ കണ്ടാലും ഞാൻ ഇപ്രകാരം ബോധിക്കും: അവൻ വിജയിക്കാം, ഞാൻ നശിച്ചുപോകാം.
പരലോകകാര്യത്തിൽ ആശങ്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്നവർക്ക് അഹങ്കാരം വരാനിടയില്ല. ഇത് അറയിക്കുന്ന ഈ ഖുർആനിക വചനങ്ങൾ നോക്കൂ: “തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും, തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് ഹൃദയങ്ങളിൽ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരുമാരോ അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും (മുഅ്മിനൂൻ 57- 61 (സാരാംശം)). ഇത്തരം ഭയങ്ങൾ പിടികൂടപ്പെട്ടയാൾ അല്ലാഹുവിന്റെ ശിക്ഷയപ്പെറ്റി നിർഭയനാവുകയില്ല. അല്ലാഹുവിന്റെ കഠിനമായ ശിക്ഷയെ പറ്റി ഒരാൾക്ക് പേടിയില്ലെങ്കിൽ അവനിലേക്ക് അഹങ്കാരം കടന്ന് വരാൻ എളുപ്പമാണ്. അഹങ്കാരം ആ നിർഭയത്വത്തിന്റെ ലക്ഷണമാണ്. അത് കൊണ്ട് തന്നെ ഈ നിർഭയത്വം അയാളെ പാടെ ഇല്ലാതാക്കിക്കളയുന്നതാണ്. വിനയമാകട്ടെ പരലോക-ഭയത്തിന്റെ അടയാളമാണ്. അതാണ് നമ്മെ ഉയർച്ചയിലേക്കും വിജയത്തിലേക്കും നയിക്കുന്നത്.
ഇങ്ങനെയൊക്കെയാണ് അഹങ്കാരത്തെ ചികിത്സിക്കേണ്ടത്. മറ്റൊരു രീതിയില്ല. എന്നാൽ ഈ ചികിത്സയെല്ലാം ചെയ്ത് നോക്കിയ ശേഷം ചില ആളുകളുടെ മനസ്സുകൾ അഹങ്കാരത്തെ എവിടെയോ ഒളിപ്പിച്ച് വെക്കുകയും അഹങ്കാരം ഇല്ലാതായി എന്ന് തോന്നിപ്പിക്കുകയും ചെയ്തേക്കാം. പിന്നീട് അഹങ്കാരം വരാനിടയുള്ള വല്ല സംഭവവും വന്നാൽ അഹങ്കാരം ഒളിപ്പുരയിൽ നിന്ന് ചാടിവരും. മുമ്പുണ്ടായിരുന്ന രീതിയിൽ അത് മറനീക്കി പുറത്ത്ചാടും. ഇങ്ങനെ വീണ്ടും അഹങ്കാരം വന്നാൽ പ്രതിപാദ്യ ചികിത്സ മാത്രം പോരാ. ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടി വരും. അഹങ്കാരം വരുന്ന ഇടങ്ങളിൽ വിനയാന്വിതരുടെ പ്രവർത്തനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്.
അഹങ്കാരമുണ്ടെന്നറിയാനുള്ള പരിശോധനകൾ
ചികിത്സക്ക് ശേഷവും ഒളുച്ചിരിക്കുന്ന അഹങ്കാരത്തെ പുറത്ത് ചാടിക്കാൻ നാം ചില പരീക്ഷണങ്ങൾ നടത്തേണ്ടി വരും. അപ്പോഴറിയാം അഹങ്കാരം പോയോ ഇല്ലയോ എന്ന്. പ്രധാനമായും 5 പരീക്ഷണങ്ങളാണ് ഇതിന്നായുള്ളത്.
ഒന്നാം പരീക്ഷണം: ഒരു വിഷയത്തിൽ തന്റെ സഹപാടിയോടോ സമപ്രായക്കാരനോടോ സംവാദം നടത്തുക. അവനിലൂടെയാണ് സത്യം വെളിപ്പെടുന്നതെങ്കിൽ അത് സ്വീകരിക്കാനും അംഗീകാരിക്കാനും സത്യം വെളിപ്പെട്ടതിന്റെ പേരിൽ അവന് നന്ദി രേഖപ്പെടുത്താനും മനസ്സിന് ഭാരം തോന്നുന്നുവെങ്കിൽ തന്നിൽ കുഴിച്ചു മൂടപ്പെട്ട അഹങ്കാരമുണ്ടെന്ന് മനസ്സിലാക്കാം. ഇതിന് പരിഹാരമായി ആദ്യചികിത്സകൾ ആവർത്തിക്കുക. കൂടാതെ ഇത്തരം സന്ദർഭങ്ങളിൽ തനിക്ക് ഭാരമായി തോന്നുന്ന കാര്യങ്ങൾ ചെയ്ത് ശീലിക്കുക. സഹപാടിയെ പുകഴ്ത്തുകയും തന്റെ നിസാരത അംഗീകരിക്കുകയും ചെയ്യുക. ഇവൻ അവനോട് ഇത് കൂടി പറയട്ടെ: “നീ പറഞ്ഞതെത്ര കൃത്യം. എനിക്കിതറിയില്ലായിരുന്നു. ഇത് ഉണർത്തിയതിന് നിനക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ”. വിശ്വാസിയുടെ വീണ്പോയ മുത്താണ് വിജ്ഞാനം. അത് ആര് അറിയിച്ചു തന്നാലും അതിന് നന്ദി അറിയിക്കണം. ഇങ്ങനെ പതിവായി ചെയ്താൽ അത് അവന്റെ പ്രകൃതമായിത്തീരും. സത്യം ഉൾക്കൊള്ളാൻ ഭാരമുണ്ടാകില്ല.
ജനമധ്യത്തിൽ സത്യസ്വികരണത്തിനുള്ള ഭാരം വരുകയും തനിച്ചാണെങ്കിൽ അതില്ലാതിരിക്കുകയുമായാൽ തനിക്ക് അഹങ്കാരമില്ലെന്ന് ഗ്രഹിക്കാവുന്നതാണ്. ലോകമാന്യമാണ് അവന്ന് സംഭവിച്ചത്. ഇതും ഒരു മാനസിക രോഗമാണ് . ജനപ്രീതി മോഹം കൈവെടിയുകയും ഇതിന് നിർദേശിക്കപ്പെടുന്ന ചികിത്സ നേടുകയും ചെയ്താൽ ഇതിൽ നിന്ന് രക്ഷ നേടാം. എന്നാൽ ജനമധ്യത്തിലും തനിച്ചും ഈ ഭാരം അനുഭവപ്പെടുകയാണെങ്കിൽ അഹങ്കാരവും ലോകമാന്യവും അവനിൽ സമ്മേളിച്ചിരിക്കുന്നു എന്ന് കരുതാം. അവൻ ഈ രണ്ട് അസുഖങ്ങളും ചികിത്സിച്ച് ഭേദമാക്കട്ടെ.
രണ്ടാം പരീക്ഷണം: അവന്റെ സമാനരോടൊപ്പം പരിപാടികളിൽ പങ്കെടുക്കുക. എല്ലാത്തിലും സ്വന്തത്തേക്കാൾ അവരെ മുമ്പിലാക്കുക. അവരുടെ അൽപം പിറകിലായി നടക്കുക. അവരുടെ സ്വൽപം പിന്നിലായി ഇരിക്കുക. ഇവ ചെയ്യുമ്പോൾ വല്ല ഭാരവും അവന് അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അവന്റെ അഹങ്കാരം നീങ്ങിപ്പോയിട്ടില്ല. ഈ ഭാരം ഇല്ലാതാകുന്നത് വരെ വീണ്ടും വീണ്ടും ഇക്കാര്യങ്ങൾ ചെയ്ത് കൊണ്ടേയിരിക്കുക. ഇങ്ങനെ പതിവായി ചെയ്താൽ അഹങ്കാരം തനിയേ ഇറങ്ങിപ്പോകും.
ഇവിടെ പിശാച് അവനോട് ചെയ്യുന്ന ഒരു കുതന്ത്രമുണ്ട്. അഥവാ അവൻ അവസാന വരിയിലിരിക്കും. അല്ലെങ്കിൽ അവന്റെയും അവന്റെ സമാനരുടെയും ഇടയിൽ ദൂരം പാലിക്കും. അവന്റെ ധാരണ ഇത് വിനയമാണെന്നാണ്. എന്നാൽ ഇത് തനി അഹങ്കാരമാണ്. ഇത്തരം അഹങ്കാരം അഹങ്കാരികളുടെ അന്തരങ്കങ്ങളിൽ പതുങ്ങി നിൽക്കുന്നതാണ്. തങ്ങളുടെ സമാനരോടൊപ്പം ഇരിക്കാൻ വേണ്ട എല്ലാ അർഹതകളും ശ്രേഷ്ഠതകളും ഉണ്ടായിരക്കെയാണ് തങ്ങൾ അത് ഒഴിവാക്കിയിരിക്കുന്നത് എന്ന് ഇക്കൂട്ടർ മന്ത്രിച്ചു കൊണ്ടിരിക്കും. സത്യത്തിൽ ഇവർ വെറും അഹങ്കരിക്കുക മാത്രമല്ല ചെയ്തത്. മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കാത്ത വിനയം തങ്ങൾക്കുണ്ട് എന്ന് വിജാരിച്ച് അഹങ്കരിക്കുകയും മറ്റുള്ളവർക്ക് അത് പ്രദർശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ സമാനരെ മുന്തിക്കുകയും അവരുടെ അരികിൽ തന്നെ അൽപ്പം പിന്നിലായി ഇരുക്കുകയുമാണ് അഹങ്കാരശുദ്ധീകരണത്തിന് തെയ്യാറെടുത്തവർ ചെയ്യേണ്ടത്. ചെരുപ്പുകൾ അഴിച്ചിടുന്നയിടത്തോട് സമീപമല്ല അവർ ഇരിക്കേണ്ടത്.
മൂന്നാം പരീക്ഷണം : ഒരു പാവപ്പെട്ട ഒരാളുടെ ക്ഷണം സ്വീകരിക്കുക. അല്ലെങ്കിൽ കുടുംബക്കാരുടെയോ കൂട്ടുകാരുടെയോ ആവശ്യങ്ങൾക്ക് വേണ്ടി തെരുവിലേക്കിറങ്ങുക. ഇവ ചെയ്യാൻ ഭാരം തോന്നുന്നുവെങ്കിൽ അവന്റെയുള്ളിൽ ഇപ്പോഴും അഹങ്കാരം അടിഞ്ഞ് കിടക്കുന്നു. ഇത് പതിവായി ചെയ്യുകയും മുമ്പ് പറഞ്ഞ കാര്യങ്ങൾ മനസ്സിൽ എപ്പോഴും കൊണ്ട് വരികയും ചെയ്താൽ അഹങ്കാരം പമ്പകടക്കും.
നാലാം പരീക്ഷണം: തന്റെയോ കുടുംബക്കാരുടെയോ സ്നേഹിതരുടെയോ വീട്ടുസാധനങ്ങൾ അങ്ങാടിയിൽ നിന്ന് പുരയിലേക്ക് ചുമന്ന് കൊണ്ട് വരിക. അത് ചെയ്യാൻ അവൻ നിരസിച്ചാൽ അവന്റെ മനസിനകത്ത് അഹങ്കാരമോ, ലോകമാന്യമോ ഉണ്ടെന്ന് അറിയാം. വഴി കാലിയായ സമയത്ത് അത് ചെയ്യാൻ ഭാരം തോന്നുന്നുവെങ്കിൽ അവനിൽ അഹങ്കാരം ഉണ്ട്. മറിച്ച് ആളുകൾ വഴിയിലുണ്ടെങ്കിൽ മാത്രമാണ് അത് വരുന്നതെങ്കിൽ അത് രിയാആണ്, ലോകമാന്യമാണ്. ഇവ രണ്ടിനുമുള്ള മരുന്നുകൾ അവൻ പ്രയോഗിക്കട്ടെ. അവ മാറ്റാതെ അവൻ രക്ഷപ്രാപിക്കില്ലത്രെ. തെളിമയില്ലാത്ത മനസ്സിനുടമ അന്ത്യനാളിൽ വിജയിക്കില്ലത്രെ. ഒരിക്കൽ സ്വഹാബിയായ അബ്ദുല്ലാഹി ബ്നു സലാം (റ) വിറക് കെട്ട് ചുമക്കുന്ന രംഗം ആരോ കാണാനിടയായി. അദ്ദേഹം അങ്ങോരോട് ചോദിച്ചു: ഓ അബൂ യൂസുഫ് എന്നവരേ… ഈ ചുമട് താങ്കളുടെ അടിമകളോ മക്കളോ ചുമന്ന് തരില്ലേ?! അങ്ങോര് ഇങ്ങനെ മറുപടി നൽകി: “അതെ, ഞാനെന്നെ പരീക്ഷിച്ചു നോക്കുകയാണ്. ഈ കാര്യം ചെയ്യാൻ എന്റെ മനസ്സ് വെറുക്കുമോ എന്ന് ആരായുകയാണ്”. അഹങ്കരിക്കൂല എന്ന് പ്രതിജ്ഞ എടുക്കൽ മാത്രം ചെയ്യാതെ. അഹങ്കാരം പരിപൂർണ്ണമായി ഇല്ലാതായോ എന്ന് അന്വേഷിക്കുകയാണ് മഹാൻ. ഹദീസിൽ ഇങ്ങനെയുണ്ട്: “ആരെങ്കിലും ചുമടെടുത്താൽ അവൻ അഹങ്കാരത്തിൽ നിന്ന് ഒഴിവായി” (ബൈഹഖി).
അഞ്ചാം പരീക്ഷണം: കീറിയ വസ്ത്രം ധരിക്കുക. ആളുകളുടെ മുമ്പിൽ അത് ബുദ്ധിമുട്ടാണെങ്കിൽ അവനിൽ ലോകമാന്യമുണ്ട്. അവരുടെ ഇടയിലല്ലെങ്കിലും പ്രയാസം തോന്നുന്നുവെങ്കിൽ അത് അഹങ്കാരമാണ്. തിരുദുതർ (സ) പ്രസ്താവിച്ചു: വല്ലവനും രോമവസ്ത്രം ധരിക്കുകയും ആടിനെ കറക്കുകയും അടിമയോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്താൽ അവന്റെ മനസ്സിൽ അഹങ്കാരമില്ല, ഇൻ ഷാ അല്ലാഹ് (തബറാനി). മറ്റൊരിക്കൽ തങ്ങൾ ഇങ്ങനെ പറഞ്ഞു: ഞാൻ ഭൂമിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന അടിമയാണ്. ഞാൻ രോമവസ്ത്രം ധരിക്കും, ഒട്ടകത്തെ കെട്ടിയിടും, ഭക്ഷണശേഷം വിരലുകൾ ഊമ്പും, അടിമയുടെ ക്ഷണം സ്വീകരിക്കും. ആരെങ്കിലും എന്റെ ചര്യയെ തമസ്കരിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല”. നബി (സ) വീട്ടുജോലികളിൽ പത്നിമാരെ സഹായിച്ചിരുന്നു. ഗൃഹജോലികളിൽ ഏർപ്പെടുന്നത് അഹങ്കാര നിർമ്മാർജ്ജനത്തിന് സഹായകമാണ്. അങ്ങനെയെങ്കിൽ നമുക്കും കഴിയുന്ന രീതിയിൽ അതിൽ പങ്കാളികളാവാം.
നാം വിനയം കാണിക്കുമ്പോൾ പറ്റ താഴ്ന്ന രീതിയിലേക്ക് അധഃപതിക്കരുത്. മധ്യനില സ്വീകരിക്കണം. അതാണ് അല്ലാഹു (സു.ത) ന് തൃപ്തി. ഉദാഹരണമായി : ഒരു പണ്ഡിതന്റെ അരികലേക്ക് ഒരു ചെരുപ്പ് കുത്തി കടന്ന് വരുന്നു. പണ്ഡിതൻ തന്റെ ഇരിപ്പിടത്തിൽ നിന്ന് ഇറങ്ങി ചെരുപ്പ് കുത്തിയെ അവിടെ ഇരിത്തുന്നു. എന്നിട്ട് ചെരുപ്പ്കുത്തിയുടെ പാദരക്ഷകൾ നന്നാക്കാൻ ഇരിക്കുന്നു. ഇത്തരം വിനയപ്രകടനങ്ങൽ നിന്ദ്യതെയും മഹാമോശവുമാണ്. ഇത് യഥാർത്ഥ വിനയമല്ല. ശ്ലാഖനീയമായ വിനയപ്രകടനം സർവ്വരുടേയും സ്ഥിതിഗതികൾ മനസ്സിലാക്കിയുള്ളതാണ്. കേവല പ്രകടനമല്ലയത്. ആത്മാർത്ഥമായി മനസ്സിൽ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതാണ്.
By : MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM
(ഇമാം ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി (റ) യുടെ ഇഹ്യാ ഉലൂമുദ്ദീൻ ആസ്പതമാക്കി എഴുതിയത്)
ഇത് കൂടി വായിക്കൂ…
—————————————-
അഹങ്കാരിയുടെ ലക്ഷണങ്ങൾ, അഹങ്കാരത്തിന്റ അടയാളങ്ങൾ, അംഭാവിയുടെ സ്വഭാവങ്ങൾ, അഹങ്കാരം ഉണ്ടോ എന്നറിയാനുള്ള മാർഗ്ഗങ്ങൾ, ടിപ്പുകൾ, അഹങ്കാരത്തിനുള്ള ചികിത്സകൾ, മരുന്നുകൾ, അഹങ്കാരം ഇല്ലാതാക്കാനുള്ള വഴികൾ , ചികിത്സകൾ, വിനയം ഉണ്ടാക്കാനുള്ള വഴികൾ, മാർഗ്ഗങ്ങൾ, താഴ്മ ലഭിക്കാനുള്ള കാര്യങ്ങൾ, വിനയാന്വിതരുടെ പ്രവർത്തനങ്ങൾ, അഹങ്കാരത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം , How to get rid of pride
Please support our efforts: you can buy our books.
نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق
Nuzhathunnalar fi thoolihi nuqbathul fikr
Download book sample
Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹150 in India, ₹200 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات في علم أصول الفقه مع التعليق والتحقيق
Sharahul waraqath
Download book sample
Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹130 in India, ₹180 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الميبذي على هداية الحكمة مع تعليقات
Sharahul maibadi ala hidayathul hikma
Download book sample
Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹230 in India, ₹280 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات مع حاشية الدمياطي
Sharahul warakath with Hshiyathu thamyathi
Download book sample
Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين
Sharahu rasheediyya ala risalathishareefa
Download book sample
Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)
Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)
Download book sample
Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹185 in India, ₹235 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
Leave a comment