തിരു നബിﷺയുടെ ജനനം മുതൽ വഫാത്ത് വരെയുള്ള ചരിത്രം ഹ്രസ്വമായി

✍️ സുലൈമാൻ ശാമിൽ ഇർഫാനി
ph: 9961605676
〰️〰️〰️〰️〰️〰️〰️〰️〰️〰️
മനുഷ്യ പിതാവ് മുതൽ മാനവ നേതാവ് വരെ
➖➖➖➖➖➖➖➖➖➖
അല്ലാഹു തൻറെ നിയമങ്ങൾ ഭൂമിയിൽ നടപ്പിൽ വരുത്തുവാൻ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു.അവൻറെ വിധിവിലക്കുകൾ പാലിക്കുക എന്ന ഉത്തരവാദിത്വം മനുഷ്യനെ ഏൽപ്പിച്ചു. ആ മഹത്തായ ഉത്തരവാദിത്വത്തെ ഓർമ്മപ്പെടുത്താനും അത് നിർവഹിക്കേണ്ട രീതികൾ പഠിപ്പിക്കാനും വേണ്ടി നിരവധി ദൂതന്മാരെ മനുഷ്യരിലേക്കയച്ചു. മനുഷ്യ പിതാവായ ആദ്യ മനുഷ്യൻ ആദം നബി അലൈഹിസ്സലാം പ്രഥമ പ്രവാചകൻ കൂടിയാണ്. മനുഷ്യജീവിത നിയമസംഹിതയാകുന്ന ഇസ്ലാമിനെ ആദം അലൈഹിസ്സലം മുഖേന അല്ലാഹു മനുഷ്യരിലേക്ക് പ്രബോധനം ചെയ്തു. ആദം നബി അലൈഹിസ്സലാമിന് ശേഷം മഹാനവർകളുടെ സന്താന പരമ്പരയിൽ നിന്ന് ഇദ്‌രീസ്, ശീസ് അലൈഹിമസ്സലാം അടക്കമുള്ള പ്രവാചകൻമാരെ അല്ലാഹു നിയോഗിച്ചു.ആ കാലഘട്ടത്തിൽ മനുഷ്യരെല്ലാവരും തൗഹീദിൽ അടിയുറച്ച മുസ്ലീങ്ങൾ മാത്രമായിരുന്നു.പിന്നീട് പൈശാചിക പ്രേരണയാൽ മനുഷ്യരുടെയിടയിൽ വിഗ്രഹാരാധന രംഗപ്രവേശനം ചെയ്തു.
ഇസ്ലാമിന് വിരുദ്ധമായ ബഹുദൈവാരാധനയുടെ വക്താക്കൾ ഭൂമിയിൽ വർദ്ധിച്ചു തുടങ്ങി. അപ്പോൾ ഇസ്ലാമിൻറെ ആണിക്കല്ലാകുന്ന തൗഹീദിലേക്ക് ജനതയെ നയിക്കാൻ നൂഹ് നബി അലൈഹിസ്സലാമിനെ അല്ലാഹു നിയോഗിച്ചു വിഗ്രഹാരാധകരിലേക്കയക്കപ്പെട്ട ആദ്യ പ്രവാചകനാണ് മഹാനവർകൾ. 950 വർഷക്കാലം നൂഹ് നബി അലൈഹിസ്സലാം ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചു. പക്ഷേ, വളരെ കുറച്ചുപേർ മാത്രമാണ് വിശ്വസിച്ചത് ഇനി ആരും വിശ്വസിക്കില്ലെന്ന് റബ്ബിൽ നിന്ന് ദിവ്യബോധനം ലഭിച്ചപ്പോൾ അധർമ്മത്തിന്റെ വക്താക്കളെ ഭൂമുഖത്ത് അവശേഷിപ്പിക്കരുതെന്ന് മഹാനവർകൾ അല്ലാഹുവിനോട് ദുആ ചെയ്തു.തുടർന്ന് ഭൂമുഖം നിറഞ്ഞ പ്രളയത്തിലൂടെ നൂഹ് നബി അലൈഹിസ്സലാമിന്റെ ഒരു മകനായ കൻആൻ അടക്കമുള്ള അക്രമികളെയാകമാനം അള്ളാഹു നശിപ്പിച്ചു. നൂഹ് നബി അലൈഹിസ്സലാമും ഭാര്യയും അവിടുത്തെ മൂന്ന് മക്കളായ സാം, ഹാം, യാഫി സ് എന്നിവരും അവരുടെ ഭാര്യമാരും പിന്നെ 36 പുരുഷന്മാരും 36 സ്ത്രീകളും അടങ്ങുന്ന 80 പേർ മാത്രം മഹാനവർകൾ അല്ലാഹുവിന്റെ കൽപ്പന പ്രകാരം മുമ്പേ നിർമ്മിച്ചിരുന്ന കപ്പലിൽ കയറി രക്ഷപ്പെട്ടു. അവരാണ് ഈ ഭൂമുഖത്ത് മഹാപ്രളയാനന്തരം അവശേഷിച്ച ആകെ മനുഷ്യർ.
അവരിൽ നൂഹ് നബി അലൈഹിസ്സലാമിന്റെ മക്കൾക്ക് മാത്രമാണ് സന്താന പരമ്പര ഉണ്ടായത്. അതിനാൽ തൂഫാന് ശേഷമുള്ള എല്ലാ മനുഷ്യരും നൂഹ് നബി അലൈഹിസ്സലാമിന്റെ മക്കളാണ്. നൂഹ് നബി അലൈഹിസ്സലാമിന്റെ മകനായ സാം എന്നവരുടെ പരമ്പരയിലാണ് ശേഷമുള്ള എല്ലാ പ്രവാചകന്മാരും ജനിച്ചത്.
ആ പ്രവാചകന്മാരിൽ പ്രമുഖരാണ് ഇബ്രാഹിം നബി അലൈഹിസ്സലാം.ഇറാഖിലെ ബാബിലോണിയയിൽ ജനിച്ച മഹാനവർകൾ സത്യ ദീനിന്റെ പ്രബോധനം നടത്തിയതിന്റെ പേരിൽ ജന്മനാട്ടിൽ പീഡനങ്ങൾ നേരിട്ടപ്പോൾ ഫലസ്തീനിലേക്കും പിന്നെ ഈജിപ്തിലേക്കും പിന്നെ അവിടുന്ന് വീണ്ടും തിരിച്ചു ഫലസ്തീനിലേക്കും പാലായനം നടത്തേണ്ടി വന്നു. തൗഹീദിന്റെ പ്രബോധനത്തിനു വേണ്ടിയാണ് മഹാനവർകൾ അതെല്ലാം സഹിച്ചത്.അതിനാൽ അല്ലാഹു മഹാനവർകളെ ആദരിക്കുകയും ശേഷം വന്ന പ്രവാചകന്മാരെയെല്ലാം മഹാനവർകളുടെ പരമ്പരയിൽ നിന്ന് തന്നെ ആക്കുകയും ചെയ്തു.
ഇബ്രാഹിം നബി അലൈഹിസ്സലാമിന് 13 മക്കളുണ്ടായിരുന്നു. അതിൽ പ്രസിദ്ധർ മൂന്നുപേരാണ്. ഇസ്മാഈൽ,ഇസ്ഹാഖ്, മദ്‌യൻ എന്നിവരാണവർ. മദ്‌യൻ എന്നവരുടെ പരമ്പരയിലാണ് ശുഐബ് നബി അലൈഹിസ്സലാം ജനിച്ചത്. ഇസ്ഹാഖ് നബി അലൈഹിസ്സലാമിന്റെ പരമ്പരയിലാണ് നമ്മുടെ നേതാവ് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ഒഴിച്ചുള്ള മറ്റെല്ലാ നബിമാരും പിറന്നത്. ഇസ്മാഈൽ നബി അലൈഹിസ്സലാമിന്റെ പരമ്പരയിലാണ് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ജനിക്കുന്നത്.
മുലകുടി പ്രായത്തിൽ തന്നെ ഇസ്മാഈൽ നബി അലൈഹിസ്സലാമിനെയും അവിടുത്തെ ഉമ്മയായ ഹാജർ ബീവിയെയും മക്കയിൽ പാർപ്പിക്കാൻ അല്ലാഹു ഇബ്രാഹീം നബി അലൈഹിസ്സലാമിനോട് നിർദേശിച്ചു. വിജനമായ മക്കയെ സജനം ആക്കാനും അന്ത്യ ദൂതരുടെ ആഗമനത്തിന് വേണ്ടി വിശുദ്ധ ഭൂമിയെ സജ്ജമാക്കാനും അല്ലാഹു അതിലൂടെ ഉദ്ദേശിച്ചു.
പ്രയാസങ്ങൾ സഹിച്ച് ഹാജർ ബീവിയും മകനായ ഇസ്മാഈൽ അലൈഹിസ്സലാമും മക്കയിൽ കഴിഞ്ഞു. വെള്ളം ലഭിക്കാതെ കാലിട്ടടിച്ച കുട്ടിയായ ഇസ്മാഈൽ അലൈഹിസ്സലാമിന്റെ കാൽ ചുവട്ടിൽ നിന്ന് വറ്റാത്ത വിശുദ്ധ ജലമായ സംസം പുറപ്പെടുവിച്ച് അല്ലാഹു അവനെ അനുഗ്രഹിച്ചു. അതിലൂടെ കടന്നുവന്ന ജുർഹും എന്ന അറബി ഗോത്രം അവിടെ താമസിക്കാൻ ഹാജർ ബീവിയോട് അനുവാദം ചോദിക്കുകയും അങ്ങനെ അവിടെ താമസമാക്കുകയും ചെയ്തു. ഇസ്മാഈൽ നബി അലൈഹിസ്സലാം അവരോടൊപ്പം ജീവിക്കുകയും അവരിൽ നിന്ന് അറബി പഠിക്കുകയും പിന്നീട് ആ ഗോത്രത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യ ഭാര്യയുടെ സ്വഭാവ ദൂഷ്യം നിമിത്തം അവളെ വിവാഹമോചനം നടത്തി രണ്ടാമത് മറ്റൊരു സ്ത്രീയെ അതേ ഗോത്രത്തിൽ നിന്ന് തന്നെ വിവാഹം കഴിച്ചു. അതിൽ 12 മക്കൾ ജനിച്ചു. അവരിൽ പ്രസിദ്ധരാണ് നാബിത് , ഖയ്ദർ എന്നിവർ .
അതിൽ നാബിത് എന്നവരുടെ പരമ്പരയിലാണ് മുത്ത്നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഇരുപതാമത്തെ ഉപ്പാപ്പയായ അദ്നാൻ എന്നവർ ജനിക്കുന്നത്. അവരുടെ സന്താന പരമ്പരയിൽ എട്ടാമത്തെയാളാണ് നള്‌റ് (النضر) .ജനങ്ങളുടെ ആവശ്യങ്ങൾ അന്വേഷിച്ച് നിർവഹിക്കുന്നവരായതിനാൽ ഖുറൈശ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.
അദ്ദേഹത്തിൻറെ സന്താന പരമ്പരയിൽ ഒമ്പതാമത്തെയാളായ അബ്ദു മനാഫിന്റെ കുടുംബമാണ് ബനീ അബ്ദി മനാഫ്. പ്രസ്തുത കുടുംബത്തിൽ അബ്ദു മനാഫിന്റെ മകനായ ഹാശിം എന്നവരുടെ മകനായാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഉപ്പാപ്പയായ അബ്ദുൽ മുത്ത്വലിബ് ജനിക്കുന്നത്.അദ്ദേഹത്തിൻറെ യഥാർത്ഥ നാമം ശയ്ബ എന്നാണ്. പിതാവിന്റെ മരണത്തെ തുടർന്ന് മുത്ത്വലിബ് എന്ന തൻറെ എളാപ്പയോടൊപ്പം യസ്‌രിബിൽ നിന്ന് മക്കയിലേക്ക് മടങ്ങവേ ഉമ്മയുടെ കുടുംബം കുട്ടിയെ കൈവശപ്പെടുത്തുന്നത് ഭയന്ന് മുത്ത്വലിബ് കാണുന്നവരോടൊക്കെ ഇതുതന്റെ അടിമയാണെന്ന് പറഞ്ഞു. മക്കയിലെത്തുമ്പോഴേക്കും അബ്ദുൽ മുത്ത്വലിബ് എന്ന പേര് അദ്ദേഹത്തിൻറെ മേൽ സ്ഥിരപ്പെട്ടു.
അബ്ദുൽ മുത്ത്വലിബ് മക്കയിൽ വളർന്ന് മുതിർന്നപ്പോൾ ഖുറൈശികളുടെ സർവ്വ സമ്മതനായ നേതാവായി മാറി. അദ്ദേഹമാണ് മൂടിക്കിടന്ന സംസം കുഴിച്ചു വീണ്ടെടുത്തത്. മദ്യപാനവും വിഗ്രഹാരാധനയും വെടിഞ്ഞിരുന്ന അദ്ദേഹം 140 വയസ്സ് വരെ ജീവിച്ചു.
അബ്ദുൽ മുത്ത്വലിബിന് 19 മക്കളായിരുന്നു. 13 ആണും 6 പെണ്ണും. അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരനായ പുത്രനാണ് അബ്ദുല്ല എന്നവർ. അബ്ദുല്ല (റ) ഖുറൈശി തറവാട്ടിൽ നിന്ന് തന്നെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ആറാമത്തെ പിതാമഹനായ കിലാബിന്റെ സന്താന പരമ്പരയിലെ വഹബിന്റെ മകൾ ആമിന എന്നവരെ കല്യാണം കഴിച്ചു. ഗർഭം ധരിച്ച് രണ്ടുമാസം ആയപ്പോൾ അബ്ദുല്ല എന്നവർ മരണം വരിച്ചു.
ആമിനാ ബീവിക്ക് ഗർഭകാലത്ത് വേദനയോ വിഷമമോ ഉണ്ടായിരുന്നില്ല.ഗർഭകാലത്ത് തന്റെ വയറ്റിൽ നിന്നും ശാമിലെ ബുസ്റായിലേക്ക് പ്രവഹിച്ച പ്രകാശ രേഖ ദർശിച്ചതടക്കമുള്ള അത്ഭുത സംഭവങ്ങൾക്ക് ആമിന ബീവി സാക്ഷിയായി. മാസങ്ങൾ ഒന്നൊന്നായി കഴിഞ്ഞു. പ്രസവത്തിന്റെ 50 ദിവസം മുമ്പ് കഅ്ബ പൊളിക്കാൻ വന്ന യമനിലെ അബ്റഹത് രാജാവിന്റെ ആനപ്പടയും സൈന്യവും അബാബീൽ പക്ഷികളാൽ നശിപ്പിക്കപ്പെട്ട സംഭവം നടന്നു.
റബീഉൽ അവ്വൽ പിറന്നു. ക്രിസ്താബ്ദം 571 ഏപ്രിൽ 20 ന് റബീഉൽ അവ്വൽ 12ന് പുലർച്ചെ മനുഷ്യരാശിക്കാകമാനം മാർഗദർശിയായ മഹാഗുരു മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ സുജൂദിലായി ഭൂമിയിൽ പിറന്നു. ശേഷം തലയും വിരലുകളും വാനിലേക്കുയർത്തി. ബിംബങ്ങൾ തലകുത്തി വീണു. അഗ്നിയാരാധകരുടെ 3000 വർഷം അണയാത്ത തീയന്ന് കെട്ടു. പേർഷ്യൻ രാജാവിൻറെ കോട്ട വിറച്ചു. 14 ഗോപുരങ്ങൾ തകർന്നുവീണു. ഇങ്ങനെ അധർമ്മത്തിന്റെ കോട്ടകളെ വിറപ്പിച്ച നിരവധി അത്ഭുത സംഭവങ്ങൾക്ക് ആ മഹത്ദിനം സാക്ഷിയായി.
മാതാവിന്റെ മടിത്തട്ടിൽ നിന്ന് പിതൃവ്യന്റെ തണലിലേക്ക്*
[ ജനനം മുതൽ 10 വയസ്സ് വരെ]
➖➖➖➖➖➖➖➖➖➖➖
♻️പ്രധാന സംഭവങ്ങൾ
▪️മുലയൂട്ടിയവർ
▪️ നെഞ്ച് പിളർന്ന് ഹൃദയ ശുദ്ധീകരണം
▪️ നീന്തൽ പഠനം
▪️ ഉമ്മയുടെ വഫാത്
▪️ ഉപ്പാപ്പയുടെ വഫാത്
➿➿➿➿➿➿➿➿➿➿➿
മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ജനിച്ചപ്പോൾ അവിടുത്തെ പ്രസവാനുബന്ധ ശുശ്രൂഷകൾ നടത്തിയത് സ്വർഗ്ഗ സുവാർത്തയറിയിക്കപ്പെട്ട പത്ത് സ്വഹാബികളിൽ ഒരാളായ അബ്ദുറഹ്മാനിബ്നു ഔഫ്(റ)വിന്റെ ഉമ്മയായ ശിഫാഅ് എന്നവരായിരുന്നു. പ്രസവാനന്തരം പരിചരണം നടത്തിയത് ഉമ്മു അയ്മൻ (റ) ആയിരുന്നു.
ഏഴാം ദിനം ഉപ്പാപ്പ അബ്ദുൽ മുത്തലിബ് അവിടുത്തെ പേരിൽ അഖീഖ അറുക്കുകയും അല്ലാഹുവിൽ നിന്നുള്ള പ്രത്യേക വെളിപാട് പ്രകാരം മുഹമ്മദ് എന്ന് അവിടുത്തേക്ക് നാമകരണം ചെയ്യുകയും ചെയ്തു.
അൽപ്പ കാലം ഉമ്മയായ ആമിനാബീവിയും ശേഷം സുവൈബതുൽ അസ്ലമിയ്യ എന്നവരും മുലയൂട്ടിയ ശേഷം അന്നത്തെ അറബികളുടെ രീതിയനുസരിച്ച് മുലയൂട്ടുന്നതിന് വേണ്ടി ഗ്രാമപ്രദേശത്ത് വസിക്കുന്ന ബനൂ സഅ്ദ് ഗോത്രത്തിലെ ഹലീമത്തുസ്സഅ്ദിയ്യ എന്ന മഹതിയെ ഏൽപ്പിച്ചു. അവിടുത്തെ സ്വീകരിച്ചത് മുതൽ ഹലീമ(റ)യുടെ വീട്ടിലും ജീവിതനിലവാരങ്ങളിലും വലിയ ബറകത് ഉണ്ടായി.
സാധാരണ കുട്ടികളിൽ നിന്ന് വ്യത്യസ്തമായി വേഗത്തിലായിരുന്നു അവിടുത്തെ വളർച്ചയും മറ്റുകാര്യങ്ങളുമെല്ലാം. സംസാര പ്രായമെത്തും മുമ്പ് സംസാരിക്കുകയും നടക്കുന്ന പ്രായമെത്തും മുമ്പ് അവിടുന്ന് നടക്കാൻ തുടങ്ങുകയും ചെയ്തു.
മുലകുടി അവസാനിപ്പിക്കുന്ന പ്രായം എത്തിയപ്പോൾ ഹലീമ ബീവി കുട്ടിയെ തിരിച്ചേൽപ്പിക്കാൻ ആമിന ബീവിയുടെ അടുത്തേക്ക് ചെന്നുവെങ്കിലും മക്കയിൽ പകർച്ചവ്യാധി വ്യാപിച്ചിരുന്നതിനാൽ അൽപ്പകാലത്തേക്ക് കൂടെ ഹലീമ ബീവിയുടെ ഒപ്പം തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ ഉമ്മ തിരിച്ചയച്ചു.
അതിനിടയാണ് ഹലീമ ബീവിയുടെ മകനോടൊപ്പം ആടുമേയ്ക്കുന്നതിനിടെ ആകസ്മികമായി മലക്കുകൾ വന്നു അവിടുത്തെ നെഞ്ച് പിളർന്ന് ഹൃദയ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തിയ സംഭവം ഉണ്ടാക്കുന്നത്.
സംഭവത്തിൽ ഭയന്ന് ഹലീമ ബീവി കുട്ടിയെ തിരിച്ചേൽപ്പിക്കാൻ വീണ്ടും ചെന്നെങ്കിലും ആമിന ബീവി അവരെ ആശ്വസിപ്പിച്ച് തിരിച്ചയച്ചു.
അങ്ങനെ നാലുവർഷം അവിടുന്ന് ഹലീമ ബീവിയുടെ കൂടെ കഴിഞ്ഞു.
നാലാമത്തെ വയസ്സിൽ ഉമ്മയുടെ മടിത്തട്ടിലേക്ക് മടങ്ങി. ഉപ്പാപ്പ അബ്ദുൽ മുത്തലിബിന്റെ ശ്രദ്ധയും പരിഗണനയും അവിടുത്തേക്കെപ്പെഴും ഉണ്ടായിരുന്നു.
ആറു വയസ്സ് പ്രായമുള്ളപ്പോൾ പിതാമഹന്റെ അമ്മാവന്മാരായ ബനുന്നജ്ജാർ കുടുംബത്തെ സന്ദർശിക്കാനും പിതാവിൻറെ ഖബ്ർ സിയാറതിനും വേണ്ടി മദീനയിലേക്ക് ഉമ്മയോടൊപ്പം അവിടുന്ന് യാത്ര പോയി. ഒരു മാസക്കാലം അവിടെ തങ്ങുകയും അക്കാലയളവിൽ നീന്തൽ പഠിക്കുകയും ചെയ്തു.
അവിടെ നിന്നും മടങ്ങുമ്പോൾ അബവാഅ് എന്ന സ്ഥലത്ത് എത്തിയപ്പോൾ രോഗ ബാധിതയായ മുത്ത്നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പൊന്നുമ്മ ആമിന ബീവി അല്ലാഹുവിൻറെ അലംഘനീയമായ വിധിപ്രകാരം തന്റെ ഇരുപതാം വയസ്സിൽ ഇഹലോക വാസം വെടിഞ്ഞു.
ഉമ്മയെ മറവ് ചെയ്തശേഷം പരിചാരികയായിരുന്ന ഉമ്മു അയ്മൻ ആറ് വയസ്സ് മാത്രം പ്രായമായ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെയും കൊണ്ട് മക്കയിലേക്ക് മടങ്ങി. മാതാപിതാക്കൾ നഷ്ടപ്പെട്ട അവിടുന്ന് ഉപ്പാപ്പ അബ്ദുൽ മുത്ത്വലിബിന്റെ സംരക്ഷണത്തിലാണ് പിന്നീട് വളർന്നത്.കുടുംബത്തിൽ മറ്റാർക്കും നൽകാത്ത പരിഗണനയും ലാളനയും നൽകി അബ്ദുൽ മുത്തലിബ് അവിടുത്തെ പരിചരിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ എട്ടു വയസ്സുള്ള മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ പിരിഞ്ഞ് 140-ാം വയസ്സിൽ ഉപ്പാപ്പയും മരണം പുൽകി.
ശേഷം അബ്ദുൽ മുത്ത്വലിബിന്റെ വസ്വിയ്യത്ത് പ്രകാരം അവിടുത്തെ സംരക്ഷണ ചുമതല മൂത്താപ്പയായ അബൂ ത്വാലിബ് ഏറ്റെടുത്തു. അബൂത്വാലിബും തന്റെ മക്കളെക്കാളും പരിഗണന നൽകി തിരുനബി സല്ലല്ലാഹു അലൈഹിവസല്ലമയെ വളർത്തി.സാമ്പത്തിക ഞെരുക്കത്തിലായിരുന്ന അബൂത്വാലിബിന്റെ വീട്ടിൽ പരിമിതമായ സൗകര്യങ്ങളിൽ സംതൃപ്തനും ക്ഷമാശീലനുമായി പരാതി പരിഭവങ്ങൾ ഇല്ലാതെ മറ്റു കുട്ടികളോടൊപ്പം അവിടുന്ന് വളർന്നു.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
നുബുവ്വത്തിന് മുമ്പുള്ള തിരു ജീവിതം : ബാല്യം, കൗമാരം, യുവത്വം
[10 വയസ്സ് മുതൽ 40 വയസ്സ് വരെ]
➖➖➖➖➖➖➖➖➖➖➖
♻️പ്രധാന സംഭവങ്ങൾ
▪️ ഒന്നാം ശാം യാത്ര
▪️ രണ്ടാം ശാം യാത്ര
▪️ വിശ്വസ്തനായ അൽ അമീൻ
▪️ ഖദീജ(റ)യുമായി വിവാഹം
▪️ കഅ്ബാ പുനർ നിർമ്മാണം
➿➿➿➿➿➿➿➿➿➿➿
എട്ടു വയസ്സ് മുതലാണ് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ അബൂ ത്വാലിബിന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങിയത്. തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പന്ത്രണ്ടാമത്തെ വയസ്സിൽ അബൂത്വാലിബ് കച്ചവടാവശ്യാർത്ഥം ശാമിലേക്ക് പോകവേ ബാലനായ അവിടുന്നിനെയും കൂടെ കൂട്ടി. ശാമിലെ ബുസ്റാ പട്ടണത്തിൽ എത്തിയപ്പോൾ ബഹീറ എന്ന ക്രൈസ്തവ പുരോഹിതൻ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ കാണുകയും പൂർവ്വ വേദങ്ങളിൽ വാഗ്ദത്തം ചെയ്യപ്പെട്ട പ്രവാചകനാണീ ബാലനെന്ന് തിരിച്ചറിയുകയും ചെയ്തു. പ്രതീക്ഷിത പ്രവാചകന്‍ തന്നെയാണെന്ന് ഉറപ്പുവരുത്താൻ വേണ്ടി അദ്ദേഹം അബൂ ത്വാലിബിനും സംഘത്തിനും സദ്യ ഒരുക്കുകയും സദ്യാ മധ്യേ കുട്ടിയായ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയോടും ശേഷം അബൂത്വാലിബിനോടും സംസാരിക്കുകയും, വേദങ്ങളിൽ പ്രതിപാദ്യനായ വരാനിരിക്കുന്ന പ്രവാചകൻ തന്നെയാണിതെന്ന് ബോധ്യമായപ്പോൾ, ശത്രുക്കൾ അവിടുന്നിനെ അപായപ്പെടുത്തിയേക്കാം എന്ന ആശങ്ക പ്രകടിപ്പിക്കുകയും, കുട്ടിയുമായി മക്കയിലേക്ക് തിരിച്ചു പോകാൻ അബൂ ത്വാലിബിനോട് നിർദ്ദേശിക്കുകയും ചെയ്തു.തദടിസ്ഥാനത്തിൽ അബൂത്വാലിബ് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുമായി മക്കയിലേക്ക് തിരിച്ചു.
അബൂത്വാലിബിന്റെ സംരക്ഷണത്തിലായി തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ വളർന്ന്, ബാല്യവും കടന്ന് കൗമാരവും കഴിഞ്ഞ് യുവത്വത്തിലേക്ക് പ്രവേശിച്ചു.പ്രായത്തിൽ കവിഞ്ഞ അതുല്യമായ പക്വതയും അനുപമമായ സൽസ്വഭാവവും കൊണ്ട് അവിടുന്ന് ജനമനങ്ങളിൽ ഇടംപിടിച്ച യുവാവായി മാറി. വിശ്വസ്തതയുടെ ആൾരൂപമായിരുന്ന അവിടുന്നിനെ സ്നേഹബഹുമാനപുരസ്സരം അൽ അമീൻ [വിശ്വസ്തൻ] എന്നാണ് അവർ വിളിച്ചിരുന്നത്.
ദാരിദ്ര്യത്തോട് മല്ലടിക്കുന്ന മൂത്താപ്പയായ അബൂത്വാലിബിന് ആശ്വാസമേകാൻ തന്നാലാവുന്ന തൊഴിലുകൾ ചെയ്യാൻ അവിടുന്ന് അങ്ങേയറ്റം പരിശ്രമിച്ചു.അതിൻറെ ഭാഗമായാണ് അവിടുന്ന് തന്റെ ഇരുപത്തഞ്ചാം വയസ്സിൽ രണ്ടാം ശാം യാത്ര നടത്തുന്നത്.
ഖുറൈശി തറവാട്ടിലെ കുലീനയും സമ്പന്നയുമായ ഖദീജ എന്ന മഹതിയുടെ കച്ചവടച്ചിരക്കുകളുമായി, അവരുടെ അടിമയായിരുന്ന മയ്സിറതിനൊപ്പമാണ് ഇത്തവണ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ശാമിലേക്ക് യാത്രതിരിച്ചത്.
വഴിമധ്യേ ബുസ്റാ പട്ടണത്തിന്റെ ഓരത്ത് മരത്തണലിൽ വിശ്രമിക്കുന്ന അവിടുന്നിനെ കണ്ട നസ്ത്വൂറാ എന്ന ക്രൈസ്തവ പുരോഹിതൻ മയ്സിറതിനോട് “ഈ മരച്ചുവട്ടിൽ ഇരിക്കുന്നത് ഒരു പ്രവാചകൻ തന്നെയെന്ന് ” പ്രസ്താവിക്കുകയുണ്ടായി.വരാനിരിക്കുന്ന അന്ത്യപ്രവാചകന്ന് പൂർവ്വ വേദങ്ങളിൽ പറഞ്ഞ അടയാളങ്ങൾ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
പ്രസ്തുത യാത്രയിൽ മേഘം അവിടുന്നിന് തണലിട്ടു കൊടുക്കുന്ന അത്ഭുത കാഴ്ചക്കും മൈസറത്ത് സാക്ഷിയായി. കച്ചവടം വിജയകരമായി പൂർത്തിയാക്കി വൻ ലാഭത്തോടെ മടങ്ങാനായതും ഈ യാത്രയിലെ കൗതുകജന്യമായ സംഭവമായിരുന്നു.
കച്ചവടം കഴിഞ്ഞ് മടങ്ങിവന്നശേഷം മൈസിറത് തൻറെ യജമാനയായ ഖദീജ(റ)യോട്, യാത്രാവിശേഷങ്ങളും, സഹയാത്രികനായ തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുമായി ബന്ധപ്പെട്ട് യാത്രയിലുണ്ടായ അത്ഭുതങ്ങളും വിവരിച്ചു നൽകി.മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ഗുണഗണങ്ങളും മഹത്വവും മനസ്സിലാക്കിയ മഹതി അവിടുത്തെ ഇണയായി ലഭിക്കാൻ ആഗ്രഹിച്ചു.
മുമ്പ് രണ്ട് വിവാഹങ്ങളിലായി അഞ്ചുമക്കളുടെ ഉമ്മയായ, 40 വയസ്സുള്ള വിധവയായിരുന്നു ഖദീജ(റ).ഒന്നാം ഭർത്താവായ ഉതയ്യഖിൽ നിന്ന് ഒരാണ്, ഒരു പെണ്ണ് എന്നിങ്ങനെ രണ്ട് മക്കൾക്കും, ഉതയ്യഖിന്റെ മരണാനന്തരം മഹതിയെ വിവാഹം ചെയ്ത അബുഹാലയിൽ നിന്ന് രണ്ടാണ്, ഒരു പെണ്ണ് എന്നിങ്ങനെ മൂന്നു മക്കൾക്കും അവർ ജന്മം നൽകിയിരുന്നു.
ഖദീജ ബീവിയുടെ വിവാഹ അന്വേഷണം തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ സ്വീകരിച്ചു.ഖുറൈശി പ്രമുഖരുടെ സാന്നിധ്യത്തിൽ, ഖദീജ ബീവിയുടെ പിതൃവ്യൻ മഹതിയെ അവിടുന്നിന് വിവാഹം ചെയ്തു കൊടുത്തു. അവിടുന്നിനന്ന് ഇരുപത്തഞ്ച് വയസ്സായിരുന്നു പ്രായം. 500 ദിർഹം വെള്ളിയാണ് അവിടുന്ന് മഹ്റായി നൽകിയത്.
വിവാഹാനന്തരം, ലോകം കണ്ട ഏറ്റവും നല്ല ഭാര്യയായി ഖദീജ ബീവി അവിടുന്നിനോടൊപ്പം ജീവിച്ചു.തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് താങ്ങും തണലുമായിരുന്ന ബീവിക്ക് തന്നെയാണ് അവിടുന്നിൻറെ ഏഴുമക്കളിൽ ഇബ്രാഹിം (റ) ഒഴിച്ചുള്ള എല്ലാ മക്കളുടെയും മാതാവാകാനും ഭാഗ്യം ലഭിച്ചത്.
കാലചക്രം പിന്നെയും കറങ്ങി.പത്ത് വർഷങ്ങൾക്ക് ശേഷം തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മുപ്പത്തഞ്ചാം വയസ്സിലാണ് പ്രളയത്തിലും അഗ്നിബാധയിലും തകർന്നു പോയിരുന്ന കഅ്ബാലയത്തിന്റെ പുനർനിർമ്മാണം നടക്കുന്നത്.പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ അവിടുന്നും സജീവമായി പങ്കുകൊണ്ടു.
നിർമ്മാണം പൂർത്തിയായപ്പോൾ ഹാജറുൽ അസ്‌വദ് അതിൻറെ യഥാസ്ഥാനത്ത് ആര് വെക്കുമെന്നതിൽ ഖുറൈശികൾക്കിടയിൽ തർക്കം മൂർച്ഛിക്കുകയും അവിടേക്ക് ആദ്യം ആരാണോ കടന്നുവരുന്നത് അദ്ദേഹത്തെ ഈ വിഷയത്തിൽ വിധി കർത്താവാക്കാമെന്ന കാര്യത്തിൽ അവർ ഏകോപിതരാവുകയും ചെയ്തു.പിന്നീട് അവരിലേക്ക് ആദ്യം കടന്നെത്തിയത് തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ആയിരുന്നു.”ഈ വിശ്വസ്തനെ വിധികർത്താവാക്കുന്നതിൽ ഞങ്ങൾ തൃപ്തരാണെന്ന്” സാവേശം അവർ പ്രഖ്യാപിച്ചു.
അവിടുന്നിന്റെ നിർദ്ദേശപ്രകാരം ഹജറിനെ ഒരു തുണിയിൽ വെക്കുകയും തുണിയുടെ അറ്റങ്ങൾ ഓരോ ഗോത്രക്കാരും പിടിക്കുകയും, ശേഷം എല്ലാവരുമൊരുമിച്ച് അതിനെ ഉയർത്തുകയും ചെയ്തപ്പോൾ അവിടുത്തെ വിശുദ്ധ കരം കൊണ്ട് ഹജറുൽ അസ്‌വദെന്ന സ്വർഗ്ഗത്തിൽ നിന്നിറക്കപ്പെട്ട വിശുദ്ധ ശിലയെ തൽസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടു.
പ്രവാചകത്വ സ്വീകരണത്തിന് യോഗ്യനാവും വിധമുള്ള ഉന്നത ഗുണഗണങ്ങൾ കൊണ്ട് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ജനങ്ങൾക്കിടയിൽ അതുല്യനായി ജീവിതം തുടർന്നു.അധാർമ്മികമായ സകലതും വെടിഞ്ഞ് ഉദാത്തമായ കർമ്മങ്ങളിലൂടെ വിശുദ്ധമായ ആ ജീവിതം നാല്പതാം വയസ്സിന്റെ പടിവാതിൽക്കലേക്കെത്തി.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
പ്രവാചകത്വവും രഹസ്യ പ്രബോധനവും
[40 മുതൽ 43 വയസ്സ് വരെ ]
➖➖➖➖➖➖➖➖➖➖➖
♻️പ്രധാന സംഭവങ്ങൾ
▪️വഹ്‌യിന്റെ മുൻ സൂചനകൾ
▪️ഹിറാ ഗുഹയിലെ ആരാധന
▪️വഹ്‌യാരംഭം
▪️വറഖതിന്റെ സാക്ഷ്യം
▪️വിശ്വസ്തരുടെ ഇസ്ലാമാശ്ലേഷം
➿➿➿➿➿➿➿➿➿➿➿
സർവ്വ സമ്മതനായി വിശ്വസ്തനായി സ്വസമൂഹത്തിനിടയിൽ ജീവിച്ചു കൊണ്ടിരിക്കവേ, മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് 40 വയസ്സ് പൂർത്തിയായി.പ്രവാചകത്വ നിയോഗത്തിന്റെ നിമിഷങ്ങൾ അടുത്ത് വരുന്നു. അവിടുത്തേക്ക് സ്വപ്നത്തിലും ഉണർച്ചയിലും ദിവ്യ ബോധനത്തിന് മുന്നോടിയായുള്ള സുവാർത്തകൾ വന്നു തുടങ്ങി.
നടന്നുപോകുമ്പോൾ വഴിയിൽ കാണുന്ന കല്ലുകളും മരങ്ങളും എല്ലാം “യാ റസൂലല്ലാഹ് ” എന്ന് അവിടുത്തെ അഭിസംബോധന ചെയ്തു കൊണ്ട് സലാം ചൊല്ലുന്നതും, ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെല്ലാം പകൽവെളിച്ചം പോലെ പുലരുന്നതും പതിവായി. അത്തരം ദിവ്യ വെളിപാടിന്റെ ആഗമന സൂചനകൾ ആറുമാസക്കാലം അവിടുത്തെ ജീവിതത്തിലുണ്ടായി.
പിന്നീട് അവിടുന്നിന് ഏകാന്തതയോട് അഭിനിവേശം ഉണ്ടായി.മക്കയിൽനിന്ന് മൂന്ന് മൈൽ അകലത്തിൽ പർവ്വത മുകളിലുള്ള ഹിറാ ഗുഹയിൽ അവിടുന്ന് ഏകാന്തനായി ആരാധനകളിൽ മുഴുകൽ പതിവായി. അൽപ്പം ദിവസം അവിടെ വസിക്കും, പിന്നെ വീട്ടിലേക്ക് മടങ്ങും , ശേഷം വീണ്ടും പോവും. പോവുമ്പോൾ ഖദീജ ബീവി ഭക്ഷണം തയ്യാർ ചെയ്ത് കയ്യിൽ നൽകും.
അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയി.അവിടുത്തേക്ക് നാൽപ്പത് വയസ്സും ആറുമാസവും അഞ്ച് ദിവസവും പൂർത്തിയായപ്പോൾ ഹിറാഗുഹയിൽ ആരാധനയിൽ മുഴുകവേ റമളാൻ 17ന് തിങ്കളാഴ്ച ദിവസത്തിൽ അല്ലാഹുവിൻറെ ദൂതന്മാർക്ക് ദിവ്യ വെളിപാടുമായി വരുന്ന മാലാഖയായ ജിബ്‌രീൽ അലൈഹിസ്സലാം അവിടുന്നിന്ന് മുമ്പിൽ പ്രത്യക്ഷപ്പെടുകയും ഇഖ്റഅ് (ഓതുക) എന്ന് ആവശ്യപ്പെടുകയും ചെയ്തു. മൂന്ന് തവണ അതാവർത്തിച്ചപ്പോൾ മൂന്ന് തവണയും എനിക്ക് ഓതാനറിയില്ലെന്ന് പ്രതിവചിച്ച പ്രവാചകരെ ജിബ്‌രീൽ(അ)ഓരോ തവണയും മാറോട് ചേർത്ത് പിടിക്കുകയും അവസാനം സൂറത്തുൽ അലഖിന്റെ ആദ്യ അഞ്ചു വചനങ്ങൾ അവിടുന്ന് പാരായണം ചെയ്യുകയും ചെയ്തു.
👁️🗨️(ഹദീസ് വിശദീകരിച്ച ചില പണ്ഡിതരുടെ വീക്ഷണം : നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ മൂന്ന് വട്ടം മാ അന ബി ഖാരിഇൻ എന്ന് പറഞ്ഞത് മൂന്നർത്ഥത്തിലാണെന്നാണ്. ഒന്നാം തവണ ഞാൻ ഓതില്ലെന്നും രണ്ടാം വട്ടം എനിക്കോതാൻ അറിയില്ലെന്നും മൂന്നാം വേളയിൽ എന്താണ് ഞാൻ ഓതേണ്ടതെന്നുമാണ് അവിടുന്ന് പറഞ്ഞതിന്റെ ആശയം എന്നാണ്.)
ഉൽകണ്ഠാകുലനായി വീട്ടിലേക്ക് വന്ന തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ ഖദീജ ബീവി പുതപ്പിട്ടു മൂടി സമാധാനിപ്പിക്കുകയും, ആശ്വാസ വാക്കുകൾ പകർന്നു നൽകുകയും ചെയ്തു.
ശേഷം മഹതി തന്റെ അമ്മാവനായ വേദപണ്ഡിതൻ വറഖതു ബ്നു നൗഫലിനടുത്തേക്ക് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെയും കൂട്ടിപ്പോവുകയും, വിവരങ്ങൾ കേട്ടശേഷം ആ വന്ന ദൂതൻ മൂസാ നബി (അ)ന് മേൽ ഇറങ്ങിയ നാമൂസ് എന്ന് ഞങ്ങൾ വിളിക്കുന്ന ജിബ്‌രീൽ (അ )ആണെന്ന് വറഖത് സ്ഥിരീകരിക്കുകയും ചെയ്തു.സ്വന്തം ജനതയിൽ നിന്ന് പ്രവാചകർക്ക് പീഡനങ്ങൾ നേരിടേണ്ടി വരുമെന്നും അവർ അവിടുന്നിനെ നാട്ടിൽ നിന്ന് പുറത്താക്കാൻ ശ്രക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും അന്ന് ഞാൻ ഉണ്ടെങ്കിൽ താങ്കൾക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.അന്ത്യപ്രവാചകന്റെ ആഗമനം കാത്തിരിക്കുന്ന ക്രൈസ്തവ ജൂത വേദപണ്ഡിതന്മാർക്ക് കൂടെ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തന്നെയാണ് ആ പ്രവചിത പ്രവാചകന്‍ എന്ന് ബോധ്യപ്പെടാൻ വറഖതിന്റെ സ്ഥിരീകരണം നിദാനമായി.
തനിക്കു ലഭിച്ചത് അല്ലാഹുവിൽനിന്നുള്ള ദിവ്യ വെളിപാട് തന്നെയാണെന്ന് അവിടുന്ന് ഉറപ്പായി. പിന്നെ നാല്പത് ദിവസം വഹ്‌യൊന്നും ഉണ്ടായില്ല.അവിടുന്ന് കാത്ത് പ്രതീക്ഷിച്ചിരിക്കവേ ആകാശഭൂമികൾക്കിടയിൽ, സിംഹാസനത്തിൽ ഇരിക്കുന്ന നിലയിൽ ജിബ്‌രീൽ അലൈഹിസ്സലാമിനെ വീണ്ടും കണ്ടു. ഭയന്ന് കുടുംബത്തിലേക്കെത്തി പുതപ്പിട്ട് മൂടിക്കിടക്കവേ അല്ലാഹുവിന്റെ ആജ്ഞ സൂറത്തുൽ മുദ്ദസ്സിറിന്റെ ആദ്യ വചനങ്ങളായി കടന്നുവന്നു.എഴുന്നേറ്റ് പ്രബോധനം ചെയ്യാനും ബിംബാരാധന വിപാടനം ചെയ്യാനുമൊക്കെയുള്ള കൽപ്പനയായിരുന്നു അത്.
അങ്ങനെ അവിടുന്ന് പ്രബോധനം ആരംഭിച്ചു. ആദ്യത്തെ മൂന്ന് വർഷം തൻറെ വിശ്വസ്തരോട് മാത്രമായുള്ള രഹസ്യ പ്രബോധനമായിരുന്നു അവിടുന്ന് നടത്തിയത്. അങ്ങനെ പുരുഷന്മാരിൽ നിന്ന് അബൂബക്കർ(റ)വും സ്ത്രീകളിൽ നിന്ന് ഖദീജ ബീവിയും കുട്ടികളിൽ നിന്ന് അവിടുത്തെ പിതൃവ്യപുത്രൻ അലി(റ)വും അടിമകളിൽ നിന്ന് അവിടുത്തെ അടിമയായിരുന്ന സൈദ്(റ) വുമാണ് ആദ്യമായി വിശ്വാസം പുൽകാൻ ഭാഗ്യം ലഭിച്ചവർ.
പിന്നീട് അബൂബക്കർ (റ)പ്രബോധന പ്രവർത്തനങ്ങളിൽ പങ്കുചേർന്നതിലൂടെ, സുബൈറുബ്നുൽ അവ്വാം(റ) ഉസ്മാനുബ്നു അഫ്ഫാൻ(റ) സഅ്ദുബ്നു അബീ വഖാസ്(റ) അബ്ദുറഹ്മാനിബ്നു ഔഫ്(റ) എന്നീ പ്രമുഖരും ഇസ്ലാമിലേക്ക് കടന്നു വരികയുണ്ടായി.പിന്നീട് സ്വർഗ്ഗം കൊണ്ട് സുവാർത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബികളിൽ പെട്ടവരാണിവരെല്ലാം.
പിന്നെ വിവിധ ഗോത്രങ്ങളിൽ നിന്ന് കുട്ടികളും വലിയവരും അടിമകളും സ്വതന്ത്രരും ധനികരും ദരിദ്രരുമെല്ലാം ഒറ്റയും തെറ്റയുമായി ഇസ്ലാമിലേക്ക് കടന്നുവന്നു തുടങ്ങി.ശത്രുക്കൾ അവർക്കെതിരെ അക്രമങ്ങൾ അഴിച്ചു വിട്ടു.പരസ്യമായ ആരാധന പ്രയാസമായപ്പോൾ അവർ മക്കാ മലഞ്ചെരിവുകളിൽ ആരാധനകൾക്ക് വേണ്ടി അഭയം തേടി.അവിടെയും ശത്രുക്കളുടെ ശല്യം എത്തിയപ്പോൾ അനുയായികളുമായി അർഖമുബ്നു അബിൽ അർഖമിന്റെ വീട്ടിൽ(ദാറുൽ അർഖം) തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ അഭയം തേടി.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
പരസ്യ പ്രബോധനവും പീഢന പർവ്വങ്ങളും
[ നുബുവ്വത്തിന്റെ 3 വർഷങ്ങൾക്ക് ശേഷം]
➖➖➖➖➖➖➖➖➖➖➖
♻️പ്രധാന സംഭവങ്ങൾ
- പരസ്യ പ്രബോധനാരംഭം.
- പ്രബോധനം കുടുംബത്തിൽ നിന്ന്
- അബൂ ലഹബിന്റെ ധിക്കാരം
- സ്വഹാബത്ത് നേരിട്ട പീഢനങ്ങൾ.
•അബൂദർറുൽ ഗിഫാരി(റ)വിന്റെ ഇസ്ലാമാശ്ലേഷം
•ജിന്ന് ചികിത്സകൻ ളിമാ ദുൽ അസദിയുടെ ഇസ്ലാമാശ്ലേഷം
➿➿➿➿➿➿➿➿➿➿➿➿
രഹസ്യപ്രബോധനം മൂന്നുവർഷം നീണ്ടുനിന്നു. ഖുറൈശികളിലെ എല്ലാ കുടുംബങ്ങളിലേക്കും ഇസ്ലാം വ്യാപിച്ചു.അപ്പോഴാണ് അല്ലാഹു പ്രബോധനം പരസ്യമാക്കാൻ കൽപ്പിക്കുന്നത്.അതോടൊപ്പം, ആ പരസ്യ പ്രബോധനം കുടുംബത്തിൽ നിന്ന് തന്നെ ആരംഭിക്കുവാനും അല്ലാഹു സുബ്ഹാനഹുതആല നിർദ്ദേശിച്ചു.
അങ്ങനെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ഖുറൈശികളെ വിളിച്ചു കൂട്ടി ഓരോ താവഴിയിലുള്ളവരെയും പ്രത്യേകം അഭിസംബോധന ചെയ്ത് കൊണ്ട് നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി സംസാരിച്ചു.
ശേഷം പ്രത്യേകമായി, തന്റെ ഉപ്പാപ്പ അബ്ദുൽ മുത്തലിബിന്റെ തറവാട്ടിലെ എല്ലാ കുടുംബങ്ങളെയും വിളിച്ചുചേർത്ത് തൻറെ പ്രവാചകത്വം പ്രഖ്യാപിക്കുകയും പരലോക ജീവിതത്തെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തു.അപ്പോൾ അബൂലഹബൊഴികെ ബാക്കിയെല്ലാവരും സൗമ്യമായി പ്രതികരിച്ചു.
മറ്റൊരു ദിവസം സഫാ കുന്നിൽ കയറി ജനങ്ങളെ വിളിച്ച് ഉദ്ബോധനം നടത്തവേ “നീ നശിച്ചു പോകട്ടെ “എന്ന് തിരുനബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ നേരെ ശാപവർഷം ചൊരിഞ്ഞ അബൂലഹബിനെ അങ്ങേയറ്റം ആക്ഷേപിച്ചുകൊണ്ട് സൂറത്തുല്ലഹബ് അവതരിച്ചു.
ഇസ്ലാമിലേക്ക് വന്നവർ ശത്രുക്കളെ അപേക്ഷിച്ച് ന്യൂനപക്ഷമായതിനാൽ ശത്രുക്കൾ വ്യത്യസ്തമായ പീഡനങ്ങൾ അവർക്കെതിരിൽ അഴിച്ചുവിട്ടു.
1.അബൂബക്കർ(റ) ജനങ്ങളോട് ഇസ്ലാമിക സംബന്ധമായി പ്രഭാഷണം നടത്തവേ ശത്രുക്കൾ അദ്ദേഹത്തെ അടിച്ചു വീഴ്ത്തി അദ്ദേഹത്തിൻറെ ബോധം മറഞ്ഞു.
2.കഅ്ബാലയ ചാരത്ത് ഖുർആൻ ആദ്യമായി പരസ്യമായി പാരായണം നടത്തിയ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിനെ അടിച്ചു മുഖത്ത് പരിക്കേൽപ്പിച്ചു.
3.സുമയ്യ ബീവിയെ അബൂജഹൽ ഗുഹ്യ ദ്വാരത്തിൽ ഇരുമ്പ് ദണ്ഡു കൊണ്ട് കുത്തി കൊലപ്പെടുത്തി അവരാണ് ആദ്യത്തെ ശഹീദ്.
4.സുമയ്യ ബീവിയുടെ ഭർത്താവ് യാസിർ(റ)വിനെ എന്നവരെ ചുട്ടുപൊള്ളുന്ന വെയിലത്ത് ഇരുമ്പിന്റെ പടയങ്കി ധരിപ്പിച്ചു അതിൽ കിടന്നു പുളഞ്ഞ അദ്ദേഹം മരണം പുൽകി ശഹീദായി.
5.അടിമയായ ബിലാൽ(റ)വിനെ ഉമയ്യത് എന്ന തന്റെ യജമാനൻ, പഴുത്തു പൊള്ളുന്ന മരുഭൂമിയിൽ മലർത്തി കിടത്തി നെഞ്ചിൽ പാറക്കല്ല് കയറ്റിവെച്ച്, വിശ്വാസം വെടിയാൻ നിർബന്ധിച്ചു. പക്ഷേ, മഹാൻ ഈമാനിൽ ഉറച്ചുനിന്നു.അത് കണ്ട അബൂബക്കർ(റ) അദ്ദേഹത്തെ മോചിപ്പിച്ചു.
6.ഉസ്മാൻ(റ)വിനെ പിതൃവ്യൻ തടങ്കലിൽ വച്ച് വിശ്വാസം ഉപേക്ഷിക്കാൻ ആജ്ഞാപിച്ചു. അദ്ദേഹത്തിൻറെ വിശ്വാസദാർഢ്യം ബോധ്യമായപ്പോൾ രക്ഷയില്ലെന്ന് കണ്ടു, വിട്ടയച്ചു.
7.സിന്നീറ(റ)ക്ക് പീഢനത്തിൽ കാഴ്ച നഷ്ടപ്പെട്ടു.
8.ഖാലിദ് ബിനു സഈദ്(റ)വിന് ഭക്ഷണം തടഞ്ഞു.
9.ഖബ്ബാബു ബ്നു അറത്ത്(റ)വിനെ മരുഭൂവിൽ ചുടുകല്ലു കൊണ്ട് ആക്രമിച്ചു.
10.അബൂ ഫുകൈഹ(റ)വിനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു.
11.മുസ്അബ്(റ)വിനെ തടവിലാക്കി.
12.സുബൈറുബ്നുൽ അവ്വാം(റ)വിനെ തടവിൽ വെച്ച് പുകയിട്ട് പീഡിപ്പിച്ചു
ഇത്തരം ക്രൂരമായ പീഡന താഡന അക്രമ മുറകൾക്ക് മുമ്പിലും, പർവ്വതങ്ങളെ വെല്ലുന്ന മനോദാർഢ്യത്തോടെ സ്വഹാബത്ത് നിലകൊണ്ടു.
ഇക്കാലയളവിൽ തന്നെയാണ് ഗിഫാരി ഗോത്രക്കാരനായ പ്രമുഖൻ അബൂദർറുൽ ഗിഫാരീ തന്റെ നാട്ടിൽ നിന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ കുറിച്ച് പഠിക്കാൻ മക്കയിൽ വരികയും ശേഷം ഇസ്ലാം പുൽകുകയും ചെയ്ത സന്തോഷ സംഭവമുണ്ടായത്.
അദ്ദേഹത്തെയും ഉപദ്രവിക്കാൻ ഖുറൈശികൾ ശ്രമിച്ചെങ്കിലും അബ്ബാസ്(റ)വിന്റെ ഇടപെടൽ കാരണം അവർക്ക് അതിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.
ശേഷം അബൂദർറ്(റ)വിന്റെ പ്രബോധനത്തിലൂടെ അദ്ദേഹത്തിന്റെ സഹോദരനും ഉമ്മയും നാട്ടുകാരും ഇസ്ലാമിലേക്ക് കടന്നു വരികയുണ്ടായി.
മറ്റൊരിക്കൽ,ജിന്ന് ബാധയും ഭ്രാന്തും ചികിത്സിക്കുന്ന ളിമാദുൽ അസദീ എന്ന ചികിത്സകൻ മക്കയിലേക്ക് വന്നു.മക്കയിലെ വിഡ്ഢികൾ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് ഭ്രാന്താണെന്ന് പറയുന്നത് കേട്ട് , ചികിത്സിച്ചു ഭേദമാക്കാനായി അവിടുന്നിന്റെ ചാരത്തേക്കദ്ദേഹമെത്തി.തദ്സമയം നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ചൊല്ലിയ ഹംദിന്റെയും ശഹാദത്തിന്റെയും വശ്യമായ വചനങ്ങൾ കേട്ടപ്പോൾ അതിന്റെ സാഹിത്യ മാസ്മരികതയിൽ ലയിച്ചു പോയ അദ്ദേഹം നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ യഥാർത്ഥ പ്രവാചകനാണെന്ന് തിരിച്ചറിയുകയും തുടർന്ന് ശഹാദത്ത് മൊഴിഞ്ഞ് ഇസ്ലാം പുൽകുകയും ചെയ്തു.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
പ്രബോധന വീഥിയിലെ പ്രതിബന്ധങ്ങൾ
[ നുബുവ്വത്തിന്റെ നാല് അഞ്ച് വർഷങ്ങൾ]
➖➖➖➖➖➖➖➖➖➖➖
♻️പ്രധാന സംഭവങ്ങൾ
- അബൂ ത്വാലിബിന്റെ നിലപാട്
- ഉത്ബയുടെ മാധ്യസ്ഥ്യം
- ഹജജ് വേളയിലെ ദുഷ്പ്രചരണം.
- ഒന്നാം ഹബ്ശ ഹിജ്റ
- രണ്ടാം ഹബ്ശ ഹിജ്റ
- നജ്ജാശീ രാജാവിന്റെ സഹായം.
➿➿➿➿➿➿➿➿➿➿➿
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ഇസ്ലാമിക പ്രബോധനം പരസ്യമാക്കുകയും മുശ്രിക്കുകളുടെ വിഗ്രഹങ്ങളെ വിമർശിക്കുകയും ചെയ്തപ്പോൾ ഇസ്ലാം സ്വീകരിച്ചവർ ഒഴികെയുള്ള ജനത മുഴുവൻ അവിടുത്തേക്കെതിരിൽ നിലകൊണ്ടു.
എന്നാൽ മൂത്താപ്പ അബൂത്വാലിബ്, അവിശ്വാസികളുടെ മതത്തിൽ ആയിരിക്കെത്തന്നെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയോട് വളരെ സൗമ്യമായി പെരുമാറുകയും ശത്രുക്കളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു.
അക്കാരണത്താൽ ഖുറൈശികൾ അബൂത്വാലിബിനെ വളരെയധികം ഭീഷണിപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുകയുണ്ടായി.
അദ്ദേഹം അവരെ ഒരുവട്ടം സൗമ്യമായി തിരിച്ചയച്ചെങ്കിലും വീണ്ടും യുദ്ധപ്രഖ്യാപനവുമായി ഖുറൈശികൾ വന്നപ്പോൾ താങ്ങാനാവാതെ അബൂത്വാലിബ് തന്റെ സഹോദര പുത്രനായ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയോട് പ്രബോധന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉപദേശം നൽകി.
എന്നാൽ അവർ വലതു കയ്യിൽ സൂര്യനും ഇടതു കയ്യിൽ ചന്ദ്രനും വച്ചു തന്നാൽ പോലും ഞാനീ സത്യ സന്ദേശ പ്രചരണമെന്ന ഉദ്യമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ചു പ്രതിവചിച്ച പ്രവാചകർ,അതോടൊപ്പം തന്നെ മൂത്താപ്പയുടെ നിസ്സഹായവസ്ഥ കണ്ടു കണ്ണീർ പൊഴിക്കുകയും ചെയ്തു.അത് കേട്ട അബൂ താലിബ് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് എല്ലാ സംരക്ഷണവും നൽകാമെന്ന് ഉറപ്പു നൽകുകയും ശത്രുക്കൾക്കെതിരെ ഉറച്ച നിലപാടെടുക്കുകയും ചെയ്തു.
ആ ശ്രമം പാളിയതോടെ ഖുറൈശികൾ, സമ്പത്തും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്ത് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ സ്വാധീനിക്കാൻ തീരുമാനിച്ചു.
അതിന്നുവേണ്ടി മധ്യസ്ഥ ചർച്ചകൾക്ക് വന്ന ഉത്ബത് ബ്നു റബീഅക്ക് അവിടുന്ന് സൂറത്ത് ഫുസ്സ്വിലതിലെ മുപ്പതിലധികം ആയതുകൾ പാരായണം ചെയ്തു കേൾപ്പിച്ചു.
ഖുർആനിക വചനങ്ങളുടെ മാസ്മരികതയിൽ അമ്പരന്ന്, ഖുറൈശികളിലേക്ക് മടങ്ങിയ ഉത്ബ, തനിക്കുണ്ടായ അത്ഭുതകരമായ അനുഭവം അവരോട് പങ്കുവെക്കുകയും ഇസ്ലാമിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.നിന്നെ മുഹമ്മദ് [സ്വല്ലല്ലാഹു അലൈഹിവസല്ലം] നാവുകൊണ്ട് മാരണം ചെയ്തുവെന്ന് അവർ അയാളെ ആക്ഷേപിച്ചപ്പോൾ, നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും എൻറെ അഭിപ്രായത്തിൽ മാറ്റമില്ലെന്ന് ഉറച്ചു പറഞ്ഞു ഉത്ബ.
ഹജ്ജ് കാലമായപ്പോൾ വിവിധ പ്രദേശങ്ങളിൽ നിന്ന് മക്കയിലേക്ക് വരുന്നവരോട് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ കുറിച്ച് ഏകോപിതമായി, ഒരൊറ്റ നിലപാടിലൂന്നിയ ആരോപണ ദുഷ്പ്രചരണങ്ങൾ നടത്തണമെന്ന് ശത്രുക്കൾ തീരുമാനിച്ചു.
അതിന്നായി ഖുറൈശികളിലെ പ്രായം ചെന്ന വ്യക്തിയായ വലീദ് ബ്നു മുഗീറയുടെ നേതൃത്വത്തിൽ ഗൂഢാലോചനയോഗം ചേർന്നു.
മുഹമ്മദ് [സ്വല്ലല്ലാഹു അലൈഹി വസല്ല]യെ കുറിച്ച് എന്തു പറയണം എന്ന ചർച്ചയിൽ, മാരണക്കാരൻ , ഭ്രാന്തൻ ജിന്ന് സേവകൻ, കവി, എന്നീ നാല് അഭിപ്രായങ്ങൾ ഖുറൈശികൾ പറഞ്ഞപ്പോൾ അത് നാലും കേൾക്കുന്നവർ വിശ്വസിക്കില്ലെന്നും തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറയുന്ന വാക്കുകളൊന്നും ഈ പറഞ്ഞ കാര്യങ്ങളോട് ബന്ധമുള്ളതല്ലെന്നും എന്തുപറഞ്ഞാലും ജനങ്ങളെ വിശ്വസിപ്പിക്കാൻ പ്രയാസമാണെന്നും ആണയിട്ടു പറഞ്ഞ വലീദ് അവസാനമായി മാരണക്കാരൻ എന്നതാണ് പിന്നെയും അല്പമെങ്കിലും ജനങ്ങൾ ഉൾക്കൊള്ളാൻ സാധ്യതയുള്ളതെന്ന് അഭിപ്രായപ്പെട്ടു. മാരണം കൊണ്ട് ദമ്പതികൾക്കിടയിലും സഹോദരങ്ങൾക്കിടയിലും ഭിന്നതയുണ്ടാവാറുള്ളതുപോലെ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ കൊണ്ടുവന്ന ഈ സത്യപ്രസ്ഥാനവും ഭിന്നതയുണ്ടാക്കിയെന്നതായിരുന്നു അത്തരമൊരു സമീകരണത്തിന് ഏകേതു.
യഥാർത്ഥത്തിൽ ഇസ്ലാമിനും ഖുർആനിനും സിഹ്റുമായി പുലബന്ധം പോലുമില്ലെന്ന് അവർക്ക് ബോധ്യമായിട്ടും, വേറൊന്നും പറയാനില്ലാത്തതിനാൽ ഹജ്ജിന് വരുന്ന വിവിധ നാട്ടുകാരെ അവിടുന്ന് സാഹിറാണെന്ന വ്യാജവാദമുന്നയിച്ച് അവർ തെറ്റിദ്ധരിപ്പിച്ചെങ്കിലും, എല്ലാ നാടുകളിലേക്കും തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ കുറിച്ചുള്ള വിവരങ്ങളും വിവരണങ്ങളും എത്താനും കൂടുതൽ പേർ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും അവരുടെ കുതന്ത്ര ഗൂഡാലോചന പ്രവർത്തനങ്ങൾ കാരണമായി തീർന്നു.
മക്കയിൽ ശത്രു പീഡനം ശക്തമായപ്പോൾ നുബുവ്വത്തിന്റെ അഞ്ചാം വർഷം റജബിൽ, അനുയായികളോട് നീതിമാനായ നജ്ജാശീ രാജാവിൻറെ ഭരണത്തിൻ കീഴിലുള്ള, ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ അബ്സീനിയ (ഹബ്ശ)യിലേക്ക് പലായനം ചെയ്യാൻ അവിടുന്ന് നിർദ്ദേശിച്ചു.
തദനുസാരം ആ റജബിൽ തന്നെ 10 പുരുഷന്മാരും നാല് സ്ത്രീകളുമായി 14 പേർ കടൽ മാർഗ്ഗം ഹബ്ശയിലെത്തി.അവിടെയെത്തി മൂന്ന് മാസമായപ്പോൾ മക്കക്കാരെല്ലാം ഇസ്ലാം സ്വീകരിച്ചെന്ന വ്യാജവാർത്ത കേട്ട് തെറ്റിദ്ധരിച്ചു അവർ തിരിച്ചു വന്നു.
വീണ്ടും ഖുറൈശികളുടെ അക്രമം കഠിനമായപ്പോൾ ശവ്വാലിൽ 83 പുരുഷന്മാരും 18 സ്ത്രീകളുമായി 101 പേർ വീണ്ടും ഹബ്ശയിലേക്ക് ഹിജ്റ പോയി.
അവർക്ക് അവിടെ അഭയം നഷ്ടപ്പെടുത്തി മക്കയിൽ തിരിച്ചെത്തിച്ചു വീണ്ടും പീഡിപ്പിക്കാൻ വേണ്ടി, സമ്മാനങ്ങളുമായി നജ്ജാശീ രാജാവിനെ തെറ്റിദ്ധരിപ്പിക്കാൻ ഖുറൈശി പ്രതിനിധികൾ അദ്ദേഹത്തെ സമീപിച്ചെങ്കിലും, ഹിജ്റ പോയവരിൽ ഉണ്ടായിരുന്ന ജഅ്ഫർ ബ്നു അബീത്വാലിബ്(റ)നോട് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെയും ഇസ്ലാമിനെയും കുറിച്ച് ചോദിച്ചു മനസ്സിലാക്കി സത്യം ബോധ്യമായ രാജാവ് ഖുറൈശി പ്രതിനിധികളെ കൊണ്ടുവന്ന സമ്മാനങ്ങൾ സഹിതം മടക്കയയച്ചു.
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ മദീനയിലേക്ക് ഹിജ്റ പോയപ്പോൾ ഹബ്ശയിലേക്ക് ഹിജ്റ പോയവരിൽ പകുതിപേർ മദീനയിലേക്കെത്തുകയും ബാക്കിയായവരെ ഹിജ്റ ഏഴാം വർഷം ഖൈബർ യുദ്ധവേളയിൽ നജ്ജാശീ രാജാവ് കപ്പൽ തയ്യാറാക്കി ഖൈബറിലേക്കെത്തിക്കുകയും ചെയ്തു.
തുടരു….ان شاء الله
✍️ sulaiman shamil irfani
ph: 9961605676
〰️〰️〰️〰️〰️〰️〰️〰️〰️
Please support our efforts: you can buy our books.
نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق
Nuzhathunnalar fi thoolihi nuqbathul fikr
Download book sample
Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹150 in India, ₹200 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات في علم أصول الفقه مع التعليق والتحقيق
Sharahul waraqath
Download book sample
Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹130 in India, ₹180 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الميبذي على هداية الحكمة مع تعليقات
Sharahul maibadi ala hidayathul hikma
Download book sample
Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹230 in India, ₹280 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات مع حاشية الدمياطي
Sharahul warakath with Hshiyathu thamyathi
Download book sample
Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين
Sharahu rasheediyya ala risalathishareefa
Download book sample
Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)
Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)
Download book sample
Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹185 in India, ₹235 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
നബി (സ) ജീവിത ചരിത്രം, നബി (സ) ജീവചരിത്രം, റസൂൽ (സ) ജീവിത ചരിത്രം, മുഹമ്മദ് (സ) ജീവിത ചരിത്രം, തിരുനബി ജീവചരിത്രം ചുരുക്കം, പ്രവാചകൻ ജീവിതം, പ്രവാചകൻ ചരിത്രം,തിരു നബിയുടെ ചരിത്രം,തിരുനബി ചരിത്രം, മുഹമ്മദ് നബി ചരിത്രം മലയാളം,മുഹമ്മദ് നബിയുടെ ജീവചരിത്രം, മുഹമ്മദ് നബി ലേഖനം, തിരുനബി(സ)യുടെ ജീവിതം, മുഹമ്മദ് | ജീവചരിത്രം, ചരിത്രം, Nabi Charithram
Leave a comment