lkm313

islamic

കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാർ

കുറ്റിപ്പുറത്തിന്റെ സുകൃതം

പി പി എം കബീർ മുസ്ലിയാർ കുറ്റിപ്പുറം മുസ്ലിം കൈരളിക്ക് കുറ്റിപ്പുറത്തിന്റെ വകയായി നൽകിയ മഹൽ സമ്മാനം! മഹാ സുകൃതം! അതാണ് കുറ്റിപ്പുറം കമ്പാല അബ്ദുല്ല മുസ്‌ലിയാർ. മഹാത്മാവിനെ കുറിച്ച് ഞാനെന്താണ് എഴുതേണ്ടത്? അയവിറക്കാൻ യഥേഷ്ടം സംഭവങ്ങളെന്റെ ഓർമ്മകളിൽ കിടന്ന് ആന്ദോളനമാടുന്നുവെങ്കിലും അവ അക്ഷരങ്ങളായി പെറുക്കി വെക്കാൻ ഈ കരങ്ങൾക്കാകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ ഓർക്കുമ്പോൾ തന്നെ ഹൃദയം തേങ്ങുകയാണ്. കണ്ണുകൾ സജലങ്ങളാവുകയാണ്. അത് കവിളിലൂടെ ചാലിട്ടൊഴുകുകയാണ്. തിരയടങ്ങാത്ത ദുഃഖത്തിന്റെ സാഗരം മനസ്സിൽ കിടന്നിരമ്പുകയാണ്. പണ്ഡിത തറവാട്ടിലെ ലബ്ധ പ്രതിഷ്ഠനായ ഒരു പ്രതിഭ എന്നതിലുപരി കുറ്റിപ്പുറത്തുകാർക്ക് അബ്ദുല്ല മുസ്‌ലിയാർ ഖാസിയും കാരണവരുമായിരുന്നു. കെട്ടുപിണഞ്ഞ ഏതൊരു പ്രശ്നത്തിലും പരിഹാരത്തിനായി ചെന്നെത്താനുള്ള അവസാനത്തെ അഭയവും ആശ്രയവുമായിരുന്നു. മരണത്തെക്കുറിച്ച് ശരിയായ അവബോധം ഉണ്ടെങ്കിലും പ്രിയപ്പെട്ടവരുടെ വേർപാട് മനസ്സിനകത്ത് വലിയ ആഘാതമേൽപ്പിക്കുന്നു. അടങ്ങാനും സംയമനും പാലിക്കാനും മനസ്സിനോട് നാം പറയുമെങ്കിലും ഉപദേശം അത് ചെവി കൊള്ളാറില്ല. കോള് കൊണ്ട കടല് പോലെ മനസ്സ് സംഘർഷഭരിതമാകുന്നു. ശൈഖുനാ കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ എന്റെ സ്വന്തം പിതാവോ മാതുലനോ അല്ല. പക്ഷേ സ്വന്തം പിതാവിനെ കണ്ട ഓർമ്മ പോലുമില്ലാത്ത എന്റെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനം സ്വന്തം പിതാവിന്റേത് തന്നെയായിരുന്നു. വത്സലനായൊരു പിതാവിനെ ഞാനദ്ദേഹത്തിൽ കണ്ടു. പുത്രസമാനം അദ്ദേഹം എന്നെ സ്നേഹിക്കുകയും ചെയ്തു. അഞ്ചാം വയസ്സിൽ ഉമ്മയുടെ കയ്യിൽ തൂങ്ങി അദ്ദേഹത്തിന്റെ സന്നിധിയിൽ ചെന്നപ്പോൾ കൗതുകത്തോടെ ആ മുഖത്തേക്ക് നോക്കി നിന്നിട്ടുണ്ട്. അന്ന് എന്നെ മടിയിലിരുത്തി തലോടി മന്ത്രിച്ചൂതി, ആശിർവദിച്ചു, പ്രാർത്ഥനയോടെ അക്ഷരജ്ഞാനത്തിനു തുടക്കം കുറിക്കാനായി മദ്രസയിലേക്ക് പറഞ്ഞയച്ചു. ശൈഖുനായുമായുള്ള ആത്മബന്ധം അന്നുമുതൽ തുടങ്ങിയതാണ്. എന്നോട് മാത്രമല്ല എന്റെ മാതാവ്, സഹോദരങ്ങൾ എല്ലാവരോടും ഖാസിയാർക്ക് നല്ല ബന്ധവും സ്നേഹവും ആയിരുന്നു. സ്വന്തം പേരമക്കളോടെന്നപോലെ അദ്ദേഹത്തിന്റെ വാത്സല്യവും കാരുണ്യവും ഏറ്റുവാങ്ങാൻ എന്റെ മക്കൾക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ മഹിതമായ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുകയും പരമ്പരാഗത വിശ്വാസവും സമ്പന്നമായ സംസ്കാരവും തരിമ്പും മാറ്റമില്ലാതെ എക്കാലവും നിലനിർത്താനായി കഠിനാധ്വാനം ചെയ്യുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. പാരമ്പര്യം നിഷേധിക്കുകയും പൂർവികരെ ധിക്കരിക്കുകയും ചെയ്യുന്നവരോട് അദ്ദേഹം രോഷം കൊണ്ടു. മതചിഹ്നങ്ങൾ ഹനിക്കപ്പെടുകയും മഹാത്മാക്കൾ നിന്ദിക്കപ്പെടുകയും ചെയ്യുന്നതിൽ ആ മനസ്സ് വ്യഥ പൂണ്ടു. കേരള മുസ്ലിംകളിൽ അനൈക്യത്തിന്റെ വിത്തുപാകിയ പുത്തൻ വാദികളുടെ കണ്ഠകോടാലിയായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ ഉപദേശങ്ങളും പഠന ക്ലാസുകളുമെല്ലാം സുന്നത്ത് ജമാഅത്തിന്റെ ആശയകാന്തിയും ആദർശ വിശുദ്ധിയും പ്രകാശിപ്പിക്കുന്നതായിരുന്നു. പഴമക്കാരനായ ശൈഖുനാ അബ്ദുല്ല മുസ്‌ലിയാർ പേരും പ്രശസ്തിയും ആഗ്രഹിച്ചില്ല. പക്ഷേ, പ്രശസ്തർക്കിടയിൽ അദ്ദേഹം പ്രശസ്തനായിരുന്നു. താൻ വിചാരിച്ചിരുന്നുവെങ്കിൽ പണ്ഡിത സഭയിൽ ഉന്നതസ്ഥാനീയനായി അദ്ദേഹത്തിന് വിരാജിക്കാമായിരുന്നു. പക്ഷേ, സംഘടനകളുടെ അകത്തളങ്ങളിലേക്ക് കയറി ചെല്ലാൻ അദ്ദേഹം മടി കാണിച്ചു. ദർസും വഅളുമായി വൈജ്ഞാനിക സേവനത്തിൽ ഒറ്റയാൻ പടനയിച്ച് അദ്ദേഹം സംതൃപ്തിയടഞ്ഞു. മുൻകാലത്ത് മുസ്ലിം മഹല്ലുകളിൽ നടത്തപ്പെട്ടിരുന്ന വഅളു പരമ്പരകളിൽ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ആ വാഗ്വിലാസത്തിൽ മയങ്ങിനിന്ന സ്റ്റേജുകളും സദസ്സുകളും ഒട്ടനവധിയാണ്. ജ്ഞാനസേവനമായിരുന്നു കൊച്ചു നാൾ മുതലേ ഈ മഹാമനുഷ്യന്റെ ഹോബി. ഒരായുസ്സ് മുഴുവനും ജ്ഞാനം നുകരാനും പകരാനും ചെലവിട്ടു. ഇരുപത് വർഷക്കാലം ഉന്നത ശീർഷരായ ഉസ്താദുമാരുടെ ശിഷ്യത്വം സ്വീകരിച്ച് വിവിധ ദറസുകളിൽ പഠനം നടത്തി. പിന്നീട് വിവിധ നാടുകളിൽ മുദരിസായി സേവനമനുഷ്ഠിച്ചു. സ്വാർത്ഥതയും കാപട്യവുമില്ലാത്ത അസൂയയും കുശുമ്പുമറിയാത്ത ജാഡയും നാട്യവും തൊട്ടുതീണ്ടാത്ത ഒരു സേവകനായിരുന്നു അദ്ദേഹം. ലാളിത്യവും സൂക്ഷ്മതയും നിറഞ്ഞ ജീവിതനിഷ്ഠ മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു. പാവപ്പെട്ട ഒരു മീൻ കച്ചവടക്കാരന്റെ മകനായ ജനിച്ച ഈ തലേക്കെട്ടുകാരൻ പിതാവിനെ പിന്തുണർന്ന് മീൻ കച്ചവടവും ചെയ്തിരുന്നു. പള്ളിക്കകത്ത് ജ്ഞാന തപസ്യയിൽ ചടഞ്ഞു കൂടുന്ന മുസ്ലിയാർക്ക് അങ്ങാടിയിൽ മീൻ കച്ചവടം ചെയ്യാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഇങ്ങനെയാണെങ്കിലും കഷ്ടതയും ക്ലിഷ്ടതയും കൂട്ടിക്കുഴച്ച അന്നം കഴിച്ചാണ് ജീവിതത്തിന്റെ നല്ലൊരു കാലം തള്ളിനീക്കിയത്. ഒരു യുവപണ്ഡിതൻ, ശൈഖുനയോട് ചോദിച്ചു 'ഉസ്താദിന്റെ ജന്മസ്ഥലം എവിടെയാണെ'ന്ന്. അദ്ദേഹം പ്രതിവചിച്ചു. ഇതാ ഇവിടെത്തന്നെ! നാമിപ്പോഴുള്ള ഇതേ സ്ഥലം. പക്ഷേ അന്നാ വീടിന്റെ സ്ഥാനത്ത് ഒരു ചാപ്പയായിരുന്നു. അതായത്, ഒരു ചെറ്റകുടിൽ! ഒരിക്കൽ പതിവുപോലെ ദർസ് കഴിഞ്ഞു വന്നപ്പോൾ കണ്ടത് ചെറ്റകുടിൽ കാറ്റെടുത്ത കാഴ്ചയാണ്. ആരുടെയൊക്കെയോ സന്മനസ്സുകൊണ്ട് പിന്നീട് ഇത്തിരി ഭേദപ്പെട്ട ഒരു പുര പണിതു. സൗകര്യങ്ങൾ വർധിക്കുമ്പോൾ ഒക്കെ മഹാനവർകളുടെ മനസ്സിൽ ഭീതിയും വർദ്ധിക്കുകയായിരുന്നു. സ്വന്തം മുറി വീതി കൂട്ടിയതിനു ശേഷം പലപ്പോഴും അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു, 'ഈ സുഖസൗകര്യത്തിന് റബ്ബിനോട് മറുപടി പറയേണ്ടി വരുമോ'. ദീനി കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത കടുംപിടുത്തവും അസത്യത്തോടും അനീതിയോടുമുള്ള സന്ധിയില്ലാ സമരവും ആ വ്യക്തിത്വത്തിന് മാറ്റുകൂട്ടുകയാണ് ചെയ്തത്. വിശ്വാസപരമോ കർമ്മപരമോ ആവട്ടെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിനേയും അദ്ദേഹം നഖശിഖാന്തം എതിർത്തു. തെറ്റിനോട് രാജിയാവാൻ ഒരിക്കലും സന്നദ്ധമല്ലായിരുന്നു. നിസ്കാരാദി നിർബന്ധ ബാധ്യതകൾ അവഗണിച്ചും പ്രകടമായ മതശാസനകൾക്ക് വഴിപ്പെടാതെയും ദിക്റ് ചൊല്ലി ആടിത്തിമർത്ത് നടക്കുന്നവരെ അദ്ദേഹത്തിന് പരമ പുച്ഛമായിരുന്നു. ത്വരീഖത്തിന്റെ പേരിൽ നിലനിൽക്കുന്ന കള്ളനാണയങ്ങളും വ്യാജ ശൈഖുമാരെയും അദ്ദേഹം തൊലിയുരിച്ച് കാണിച്ചു. കുറ്റിപ്പുറത്ത് കൂട്ടുകൂടാൻ വന്ന അത്തരം ചിലരെ അവിടെ നിന്ന് വേരോടെ അദ്ദേഹം പിഴുതെറിഞ്ഞു. അദ്ദേഹം പറയുന്നു: 'അല്ലാഹുവിന്റെ നാമം ജപിക്കുമ്പോൾ ആത്മാവിന് സംസ്കരണവും ഹൃദയത്തിന് സമാധാനവും കൈവരുന്നു. എന്നാൽ ഇവിടെ ദിക്റ് ചൊല്ലി നടക്കുന്ന ചിലരിൽ കാണുന്നത് ഇതിനെ നേരെ വിപരീത അനുഭവമാണ്. ഇവരുടെ മന്ത്രോച്ഛാരണത്തിൽ പൈശാചികമായ സ്പർശനമുണ്ടെന്ന് ഇതുകൊണ്ടുതന്നെ മനസ്സിലാക്കാവുന്നതാണ്!'. ത്വരീഖത്തിന്റെ പേരിലുള്ള വ്യാജ നിർമ്മിതികളെ വിമർശിക്കുന്നതോടൊപ്പം അദ്ദേഹം യഥാർത്ഥ ത്വരീഖത്തുകളുമായും അതിന്റെ വരിഷ്ടരായ ഗുരുവര്യന്മാരുമായും ഈടുറ്റ ബന്ധം സ്ഥാപിക്കുകയും ആത്മസാക്ഷാത്കാരം കൈവരിക്കുകയും ചെയ്തു. മശാഇഖന്മാരുടെ വഴികൾ സ്വീകരിക്കുകയും പലരെയും ആ വഴികളിലേക്ക് ചേർക്കുകയും ചെയ്തു. കേരളത്തിൽ മതരംഗത്ത് അറിയപ്പെടുന്ന പലരും അദ്ദേഹത്തിന്റെ മുരീദുമാരായിട്ടുണ്ട്. ഇമാം ബുസ്വീരിയുടെ ബുർദ: കാവ്യവും മഖ്ദൂമിന്റെ അദ്കിയ കാവ്യവും അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട വിഭവങ്ങളായിരുന്നു. ദിനംപ്രതി ബുർദ ചൊല്ലണമെന്ന് അദ്ദേഹം നിർദ്ദേശിക്കുമായിരുന്നു. മുഴുവനായി കഴിഞ്ഞില്ലെങ്കിൽ കുറഞ്ഞഭാഗമെങ്കിലും ചൊല്ലണമെന്ന് തന്റെ ബന്ധപ്പെട്ടവരോട് പറയുമായിരുന്നു. ഉപദേശങ്ങൾക്കും ക്ലാസുകൾക്കും താൻ അവലംബമാകുന്നത് അദ്കിയയിലെ കവിതകളൊക്കെയായിരിക്കും. അവയുടെ ഭാഷ്യങ്ങളും പ്രതികരണങ്ങളുമായിരിക്കും തന്റെ സംസാരത്തിലെ ഇതിവൃത്തം. കൺമുമ്പിൽ നിന്ന് മറഞ്ഞെങ്കിലും ഇഷ്ട ജനങ്ങളുടെ ഹൃദയത്തിൽ ശൈഖുനാ എന്നും ജീവിക്കുക തന്നെ ചെയ്യും കുറ്റപ്പുറത്തിന്റെ പുണ്യമായി! സുകൃതമായി!...

കടപ്പാട്:
കാലത്തിന്റെ കണ്ണാടി


Discover more from lkm313

Subscribe to get the latest posts sent to your email.

Published by

Leave a comment

Discover more from lkm313

Subscribe now to keep reading and get access to the full archive.

Continue reading

Design a site like this with WordPress.com
Get started