ദുൽഹിജ്ജ : ആദ്യപത്തിലെ പഞ്ച കർമങ്ങൾ
_______________________
◼️ സൂറത്തുൽ ഫജ്ർ
ദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ വൽ ഫജ്‌രി സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ഇരുന്നൂറ് തവണ സൂറത്തുൽ ഇഖ്‌ലാസ് ഓതുന്നതും സുന്നത്തു തന്നെ. (ഫത്ഹുൽ മുഈൻ 148)
◼️ സ്വദഖഃ
ദുൽ ഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ ദാന ധർമ്മങ്ങൾ അധികരിപ്പിക്കുന്നത് പ്രത്യേകം സുന്നത്താണ്. റമളാൻ കഴിഞ്ഞാൽ പിന്നെ ദാന ധർമ്മങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠത പ്രസ്തുത ദിവസങ്ങൾക്കാണെന്നുണ്ട്. (തുഹ്ഫ 7/179, ഫത്ഹുൽ മുഈൻ 185)
◼️ നോമ്പ്
ദുൽഹിജ്ജ ഒന്ന് മുതൽ ഒമ്പതുൾപ്പെടെയുള്ള ദിവസങ്ങളിൽ നോമ്പനുഷ്‌ടി ക്കുന്നത് വളരെ പുണ്യമുള്ളതാണ്. പ്രസ്‌തുത ദിവസങ്ങളിലെ ഒരു നോമ്പ് ഒരു വർഷത്തെ നോമ്പിനു സമാനമാണെന്ന് ഹദീസുകളിലുണ്ട്. (കൻസുന്നജാഹ് 279) ഖളാആയ നോമ്പുണ്ടെങ്കിൽ അതു കൂടി കരുതിയാൽ രണ്ടിൻ്റെയും പ്രതിഫലം ലഭി ക്കും. (തുഹ്‌ഫ 3/390)
◼️ തക്‌ബീർ
ദുൽഹിജ്ജ ഒന്ന് മുതൽ പെരുന്നാൾ ദിവസത്തെ മഗ്‌രിബ് വരെയുള്ള സമയ ങ്ങളിൽ ആട്, മാട്, ഒട്ടകം എന്നിവയിലെ ഏതു പ്രായത്തിലുള്ള മൃഗത്തെ കാണുമ്പോഴും അവയുടെ ശബ്ദം കേൾക്കുമ്പോഴും അല്ലാഹു അക്‌ബർ എന്ന് ഒറ്റത്തവണ പറയുന്നത് സുന്നത്താണ്. ആ വർഷം ബലി അറുക്കാനുള്ള മൃഗത്തെ കാണുമ്പോൾ മാത്രമല്ല ഈ തക്ബീർ എന്ന് പ്രത്യേകം ഉണർത്തുന്നു. ബലി പെരുന്നാളിന്റെ മഗ്‌രിബിനു ശേഷം ഈ സുന്നത്തില്ല. (ഹാശിയത്തുൽ ജമൽ 2/101). ഉച്ചത്തിലാണ് ഈ തക്ബീർ ചൊല്ലേണ്ടത്. (അൽ ഫതാവൽ കുബ്റ 1/158)
◼️ ഇവകൾ നീക്കരുത്
ബലി അറവു നടത്താനുദ്ദേശിക്കുന്നവൻ ദുൽഹിജ്ജ ഒന്നു മുതൽ അത് നിർവഹിക്കും വരെ തൻ്റെ ശരീരത്തിലെ നഖം, മുടി, രോമം, രക്തം തുടങ്ങിയവയൊന്നും നീക്കം ചെയ്യരുത്. അത് കറാഹത്താണ്. ഹറാമാണെന്ന അഭിപ്രായവുമുണ്ട്. എന്നാൽ ആവശ്യമുണ്ടെങ്കിൽ ഇത് കറാഹത്തില്ല. വേദനയുള്ള പല്ലു പറിക്കുന്നതും അത്യാവശ്യമായി വരുമ്പോൾ ഹിജാമ നടത്തുന്നതും ഈ ഗണത്തിൽ പെടും..
ഒന്നിലധികം അറവു നടത്തുന്നവർ അതു മുഴുവനും അറവു നടത്തും വരെ ഇവയൊന്നും നീക്കം ചെയ്യാതിരിക്കുന്നതാണുത്തമം. എങ്കിലും ആദ്യ അറവോടെ കറാഹത്ത് നീങ്ങുന്നതാണ്. (തുഹ്ഫ 9/347)
_____________________
Leave a comment