تذكار الأخيار-٢٢
ശൈഖു മശാഇഖിനാ വലിയുല്ലാഹി കരിങ്കപ്പാറ ഉസ്താദ്
رضي الله تعالى عنه
______________
പണ്ഡിതന്മാർക്കും മുതഅല്ലിമീങ്ങൾക്കും സുപരിചിതമായ നാമം.
അവിടുത്തെ തഹ്ഖീഖുകളും കുറിപ്പുകളുമടങ്ങിയ ഫത്ഹുൽ മുഈനും, മഹല്ലിയുമൊന്നുമില്ലാത്ത
ദർസുകളോ കോളജുകളോ ഉണ്ടാവില്ല.
ജ്ഞാനസമ്പന്നമായ അമൂല്യ നിധികളാണവ.
എല്ലാ ഫന്നിലും അഗാധ പാണ്ഡിത്യം ഉള്ള മഹാൻ
ഇസ്‌ലാമിക കർമശാസ്ത്രരംഗത്തു തുല്യതയില്ലാത്ത സേവനങ്ങൾ അർപ്പിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതർക്കിടയിൽ അവിടുത്തെ സ്ഥാനം വളരെ വലുതാണ്. ശരീഅത്തിന്റെ മുഴുവൻ നിയമങ്ങളും ജീവിതത്തിൽ കൃത്യമായി പാലിച്ചാണു മഹാനവർകൾ ജീവിച്ചത്. അവിടുത്തെ അടക്കങ്ങളും അനക്കങ്ങളുമെല്ലാം അങ്ങേയറ്റം സൂക്ഷ്മത നിറഞ്ഞതും കാണുന്നവരുടെ ഖൽബിൽ അല്ലാഹു ﷻ വിനെക്കുറിച്ചു വലിയ ഭക്തിയുണ്ടാക്കിത്തീർക്കുന്നതുമായിരുന്നു.
നീളം കുറഞ്ഞ വെളുത്ത ശരീരവും ഗാംഭീര്യം സ്ഫുരിക്കുന്ന മുഖവുമായിരുന്നു അവിടുത്തേത്.
ഹിജ്‌റ വർഷം 1321
എ.ഡി 1903 ന് മഹാ പണ്ഡിതനും സൂഫിയുമായ പറപ്പാറ വീട്ടിൽ സൂഫി മുസ്‌ലിയാരുടെയും വേങ്ങരക്കടുത്തു വലിയോറയിലെ ഉമ്മാച്ചുട്ടി എന്നവരുടെയും മകനായി വൈലത്തൂരിനടുത്ത കരിങ്കപ്പാറ എന്ന ഗ്രാമത്തിൽ ജനനം.
പിതാവായ സൂഫി മുസ്‌ലിയാർ ഇസ്മും (നാമം) മുസമ്മയും (നാമം വിളിക്കപ്പെടുന്ന വ്യക്തി) ഒത്തവരാണെന്നാണു വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
ഉസ്താദിന്റെ പത്താം വയസ്സിൽ പിതാവു മരണപ്പെട്ടിട്ടുണ്ട്.
ഓത്തുപള്ളിയിലെ പ്രാഥമിക പഠനത്തിനു ശേഷമാണു ദർസു പഠനത്തിലേക്കു കടന്നുവരുന്നത്.
പൊന്മുണ്ടം സയ്യിദു മുഹമ്മദ് ആറ്റക്കോയ തങ്ങൾ, കൈപ്പറ്റ മുഹമ്മദ് മുസ്‌ലിയാർ എന്നിവരിൽ നിന്നാണു നഹ്‌വിന്റെ പ്രധാന ഗ്രന്ഥങ്ങൾ ഓതിയത്.ക്ലാരി, ബേപ്പൂർ എന്നിവിടങ്ങളിലായായിരുന്നു ഇത്.അക്കാലത്തു കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാർ അൽഫിയ്യയിൽ സഹപാഠിയായിരുന്നു.
വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ,
പാങ്ങിൽ അഹ്മദുകുട്ടി മുസ്‌ലിയാർ, ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദു മുസ്‌ലിയാർ എന്നിവരിൽ നിന്നാണു ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളും മറ്റുമെല്ലാം ഓതിയത്.
ഉപരിപഠനത്തിനായി വെല്ലൂരിലേക്കു പോയെങ്കിലും കാലാവസ്ഥാനുബന്ധ പ്രതിബന്ധങ്ങൾ കാരണം മടങ്ങി വരേണ്ടിവന്നു.
പക്ഷേ ഉസ്താദിന്റെ കിതാബുകളിലെ അവഗാഹവും പ്രാപ്തിയും കണ്ടു മുഴുവൻ കിതാബുകളും ദർസു നടത്താനുള്ള ഇജാസത്തു നൽകിയാണു അവിടത്തെ ഗുരുനാഥന്മാർ നാട്ടിലേക്കു യാത്രയാക്കിയത്.
അര നൂറ്റാണ്ടോളം കാലം ദർസിലൂടെയും മറ്റും ജ്ഞാനപ്രസരണം നടത്തി.
ഈ കാലയളവിനിടയിൽ നിരവധിയിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
ഓമച്ചപ്പുഴ താഴെപള്ളി, കുറ്റൂര് കുന്നാഞ്ചേരി, എടവണ്ണപ്പാറ നെല്ലാര, വൈലത്തൂർ ചിലവിൽ,താനൂർ,
പരപ്പനങ്ങാടി, പെരുമ്പടപ്പ് പുത്തൻപള്ളി,ഓമച്ചപ്പുഴ പുത്തൻപള്ളി,
എന്നിവിടങ്ങളിലായിരുന്നു അത്.
പ്രഗത്ഭരും കഴിവുറ്റവരുമായ നിരവധി ശിഷ്യർ ഈ കാലയളവിനിടയിൽ ഉസ്താദിനുണ്ടായി.
സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചികോയ എന്ന അസ്ഹരി തങ്ങൾ,
കുണ്ടൂർ ഉസ്താദ്,നന്നമ്പ്ര സെയ്താലി മുസ്‌ലിയാർ, കെ കെ അബൂബക്കർ ഹസ്റത്ത്, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ, വൈലത്തൂർ ബാവ മുസ്‌ലിയാർ,തിരൂരങ്ങാടി ഹസ്സൻ മുസ്‌ലിയാർ, കോട്ടൂർ ഹസൻ മുസ്‌ലിയാർ,കുറ്റിപ്പുറം മുഹമ്മദ് മുസ്‌ലിയാർ, വിളയിൽ പറപ്പൂർ യൂസഫ് മുസ്‌ലിയാർ, പുതിയങ്ങാടി കുഞ്ഞീതീൻകുട്ടി മുസ്‌ലിയാർ തുടങ്ങിയവർ അവരിൽ പ്രധാനികളാണ്.
മലയിൽ ഉണ്ണീൻകുട്ടി മുസ്‌ലിയാർ വാർദ്ധക്യ സമയത്തു മുതഅല്ലിമായി മരിക്കണമെന്ന ആഗ്രഹത്തോടെ ഉസ്താദിന്റെ സവിധത്തിൽ വന്നു കിതാബോതിയിട്ടുണ്ട്.
ഗോളശാസ്ത്രം, തർക്കശാസ്ത്രം, തുടങ്ങിയ മഅ്കൂലാത്തിലും വലിയ നിപുണനായിരുന്നു.
തസവ്വുഫിൽ വലിയ കഴിവുള്ളവരും അത്തരം ഗ്രന്ഥങ്ങൾ നന്നാക്കി ഓതി കൊടുത്തിരുന്നവരുമാണ്.
ഇമാം ഗസാലി റളിയള്ളാഹു ﷻ അൻഹുവിന്റെ മിൻഹാജുൽ ആബിദീനും, ഇർഷാദുൽ ഇബാദും, മുർഷിദുതുല്ലാബുമെല്ലാം പഠിച്ചിരിക്കണം എന്ന കണിശതയുണ്ടായിരുന്നു.
അതുപോലെ അഖീദയിൽ സനൂസി, കിഫായത്തുൽ അവാം എന്നിവയൊക്കെ ഓതൽ നിർബന്ധമായിരുന്നു.
ആത്മീയതയിൽ അധിഷ്ഠിതമായിരുന്നു ഉസ്താദിന്റെ ജീവിതവും.
സൂക്ഷ്മത, ഭൗതിക വിരക്തി, കുറഞ്ഞ സംസാരം എന്നിവ അവരിൽ മേളിച്ച സവിശേഷ ഗുണങ്ങളായിരുന്നു.
വഴികളിലോ അങ്ങാടികളിലോ അവരെ കാണുമായിരുന്നില്ല.
അനാവശ്യ സംസാരങ്ങളും ഇടപെടലുകളും അവിടുന്ന് നടത്തിയിരുന്നില്ല.
അവിടുത്തെ നിസ്കാരവും അംഗസ്നാനവും മറ്റു ഇബാദത്തുകളുമെല്ലാം കർമശാസ്ത്ര നിയമങ്ങൾ അനുസരിച്ചായിരുന്നു.
അതു കണ്ടാൽതന്നെ മനം നിറയുമെന്നും ഇബാദത്തിനു താത്പര്യം ജനിക്കുമെന്നും അനുഭവസ്ഥർ ഓർക്കുന്നു.
അങ്ങേയറ്റം വിനയത്തിന്റെ ഉടമയായിരുന്നു.
ഏതു സബ്ഖും വളരെ മധുരിതമായിരുന്നുവെന്നു ശിഷ്യന്മാർ അനുസ്മരിക്കുന്നുണ്ട്.
ക്ലാസിലെ എല്ലാവരെയും പരിഗണിക്കുകയും ആർക്കും ഇടപെടാനുള്ള അവസരം നൽകുകയും ചെയ്തിരുന്നു.
അധികം ശബ്ദം ഉയർത്താതെ പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നത്രെ ഉസ്താദിന്റെ അവതരണങ്ങൾ.
ഓരോ ഫന്നുകളിലെയും എല്ലാ ഗ്രന്ഥങ്ങളും ഓതിത്തീർക്കൽ ശ്രമകരമായതുകൊണ്ടുതന്നെ അതിലെ പ്രധാന ഗ്രന്ഥങ്ങൾ നന്നായി ചർച്ച ചെയ്ത് ആഴത്തിലിറങ്ങി പഠിപ്പിക്കുന്ന ശൈലിയായിരുന്നു ഉസ്താദു സ്വീകരിച്ചിരുന്നത്.
ഫത്ഹുൽ മുഈനൊക്കെ എട്ടുവർഷം കൊണ്ടായിരുന്നത്രെ ഓതിത്തീർത്തിരുന്നത്.
ഇതിനിടയിൽ തുഹ്ഫയും, മുഗ്നിയും, നിഹായയും മറ്റു വ്യാഖ്യാനങ്ങളുമെല്ലാം കടന്നു വരും.
ഫത്ഹുൽ മുഈനിനെ ഏറെ പ്രിയംവയ്ക്കുകയും അതിനു സേവനം ചെയ്യുകയും പരിഗണിക്കുകയും ചെയ്തിരുന്നു.
നഹ്‌വിലെ പ്രാഥമിക ഗ്രന്ഥങ്ങളെല്ലാം ഓതി ഇബ്നു മാലിക് തങ്ങളുടെ അൽഫിയ്യയും ഓതി പൂർത്തിയായി ഇബാറത്തുകളുടെ ബാഹ്യാർത്ഥങ്ങൾ മനസ്സിലാക്കാനും വ്യാഖ്യാനങ്ങൾ ആയ ഇആനത്തും തർശീഹുമൊക്കെ സ്വയം നോക്കി മനസ്സിലാക്കാനും പ്രാപ്തിയായതിനുശേഷം ഫത്ഹുൽ മുഈൻ തുടങ്ങിയാലേ അതിന്റെ ആഴവും വ്യാപ്തിയുമെല്ലാം വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാൻ സാധിക്കൂ എന്ന അഭിപ്രായമായിരുന്നു ഉസ്താദിന്.
മഹല്ലിയിലെ ഒരു ളമീർ മടക്കാൻ ചിലപ്പോൾ ഒരാഴ്ചയൊക്കെ പിടിക്കുമത്രേ.
പലപ്പോഴും കിതാബുകളിലെ ഒരു വരിയും അരവരിയുമൊക്കെയാണു ചർച്ചചെയ്യാറുള്ളത്. മഹല്ലിയുടെ ഒന്നാം വാള്യം നാലു വർഷംകൊണ്ട് ഓതിത്തീർത്തതു ശിഷ്യന്മാർ സ്മരിക്കുന്നുണ്ട്.
അറിവിനോടും അതുമായി ബന്ധപ്പെട്ട വിഷയങ്ങളോടും അവരൊക്കെ കാണിച്ച പ്രതിബദ്ധത വളരെ വലുതാണ്. പുതിയകാലത്ത് ഇത്തരം പാരമ്പര്യ ശൈലികളോടു പലരും വിമുഖത കാണിക്കുന്നു എന്നതു വളരെ സങ്കടകരമായ
വസ്തുതയാണ്.
ഏതു വിഷയങ്ങൾ ചോദിച്ചാലും ഇപ്പോൾ നോക്കിവെച്ചതുപോലെ മറുപടി പറയുന്നവരാണ്.
മേശയുടെ മേൽ ഒരു വിരിപ്പു വിരിച്ച് അതിൽ കിതാബുകൾ വെച്ച് നിലത്ത് ഒരു പ്രത്യേകതരം ഇരുത്തം ഇരുന്നായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്.
കിതാബുകളോടും ഇൽമിനോടുമെല്ലാം അവരടക്കമുള്ള ഉലമാഅ പുലർത്തിയ അദബു വളരെ മാതൃകാപരമാണ്.
സമസ്തയുടെ ആദ്യകാല മുശാവറ അംഗവും അന്നത്തെ ഫത്‌വാ ബോർഡിലെ അംഗവുമാണ്.
ശാഫിഈ മദ്ഹബിലെ ഏതു വിഷയങ്ങൾക്കും മറുപടി കൊടുക്കാൻ കെല്പുള്ള പണ്ഡിതനായിരുന്നു.
പക്ഷേ ഏതു മസ്അലയും കിതാബു നോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രമേ പറഞ്ഞിരുന്നുള്ളു.
അത്രത്തോളം സൂക്ഷ്മത പുലർത്തിയവരായിരുന്നു.
കാണാത്ത വിഷയങ്ങളിൽ തന്റെ വകയായി ഒന്നും പറയാറില്ല.
ഞാനത് കണ്ടിട്ടില്ലായെന്നു പറഞ്ഞ് അക്കാലത്തെ മറ്റു വലിയ പണ്ഡിതരെ സമീപിക്കാൻ പറയുമായിരുന്നു.
ബഹുമാനപ്പെട്ടവർ ഒരു വിഷയത്തിൽ മതവിധി പറഞ്ഞു എന്നു കേട്ടാൽ വലിയ പണ്ഡിതന്മാർക്കു പോലും അതൊരു തെളിവായിരുന്നു. മലബാറിൽ ഒരു ഫഖീഹ് ഉണ്ടെങ്കിൽ അതു കരിങ്കപ്പാറ ഉസ്താദ് ആണെന്ന് അല്ലാമാ പതി ഉസ്താദ് പറഞ്ഞിരുന്നത്രേ. സമകാലീനരായ പണ്ഡിതരിൽ നിന്നുതന്നെ അത്രത്തോളം അംഗീകാരം ലഭിച്ചവരായിരുന്നു ബഹുമാനപ്പെട്ടവർ. മദ്ഹബിൽ സലക്ഷ്യം സ്ഥിരപ്പെട്ട പ്രബലമായ അഭിപ്രായങ്ങൾ മാത്രമേ അദ്ദേഹം ഫത്‌വ കൊടുത്തിരുന്നുള്ളൂ. അവിടുന്ന് നൽകിയ ഫത്വകളിൽ ഒരു ന്യൂനത കണ്ടെത്താൻ ഒരു പണ്ഡിതനും സാധ്യമല്ല അത്ര കൃത്യമായിരുന്നു. തുഹ്ഫ പോലുള്ള ആധികാരിക ഗ്രന്ഥങ്ങൾ കൊണ്ടായിരുന്നു അവിടുന്ന് മറുപടി നൽകിയിരുന്നത്.
പുതിയകാല പണ്ഡിതർക്കും മത വിദ്യാർത്ഥികൾക്കും അവരിൽ വലിയ മാതൃകയുണ്ട്.
അവർ നന്നാക്കിയ
ഫത്ഹുൽ മുഈനിൽ തുഹ്ഫയുടെ സമാന വിഷയം പ്രതിപാദിക്കുന്ന പേജ്,വാള്യം എന്നിവയുടെ അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ഇതു പണ്ഡിതർക്കും വിദ്യാർത്ഥികൾക്കും തുഹ്ഫയിൽ അതേ വിഷയങ്ങൾ കണ്ടെത്താൻ ഏറെ സഹായകരമാണ്.
തന്റെ ഗുരുവായ ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ഗ്രന്ഥത്തിൽ നിന്നും പകർത്തിയതാണ് അവ .
അതുപോലെ സ്വന്തമായ അഭിപ്രായങ്ങളും കുറിപ്പുകളുമെല്ലാം അതിലുണ്ട്.
ഇരുമ്പാലശ്ശേരി ഉസ്താദിന്റെ കിതാബിനു പുറമെ, പിതാവായ സൂഫി മുസ്‌ലിയാരുടെ ഫത്ഹുൽ മുഈനും ഭാര്യ പിതാവായ കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ഫത്ഹുൽ മുഈനും അവലംബിച്ചിട്ടുണ്ട്.
പല സംശയങ്ങൾക്കും അവിടുന്ന് ഇബാറത്തു സഹിതം മറുപടി പറയാറുണ്ടെന്ന് ഉസ്താദുമാർ സ്മരിക്കുന്നു.
അവരുടെ പക്കൽ ധാരാളം കിതാബുകളുടെ ശേഖരമുണ്ടായിരുന്നു. ഫിഖ്ഹിലെ ഗ്രന്ഥങ്ങളായിരുന്നു അതിൽ മുഖ്യവും. കിതാബുകൾ ലഭ്യമല്ലാത്ത അക്കാലത്തു വളരെ പ്രയാസപ്പെട്ടുകൊണ്ടുതന്നെയാണ് ഉസ്താദ് ഇതെല്ലാം സംഘടിപ്പിച്ചത്. തനിക്കു കിട്ടുന്ന പണമെല്ലാം ഒരുമിച്ചുകൂട്ടി വളരെ അത്യാവശ്യങ്ങൾക്കു മാത്രമായി ചെലവു ചുരുക്കി കിതാബുകൾ വാങ്ങലായിരുന്നു പതിവ് . കിതാബുകൾ വാങ്ങൽ അവർക്ക് ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. ഫത്ഹുൽ മുഈൻ എപ്പോഴും കൂടെ കരുതുമായിരുന്നു ഉസ്താദ് .
യാത്രകളിൽ കിതാബുകളുടെ കൂടെ ഫത്ഹുൽമുഈൻ ഒരു ഉറയിൽ പൊതിഞ്ഞ് തന്റെ കൂടെക്കരുതും.
ഉന്നതരായ ആത്മീയ പുരുഷന്മാരുമായി ബന്ധപ്പെടുകയും അവരിൽ നിന്നു ത്വരീഖത്തുകളും ഇജാസത്തുകളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വാളക്കുളം കോയാമുട്ടി മുസ്‌ലിയാരിൽ നിന്നാണു രിഫാഈ ത്വരീഖത്തു സ്വീകരിച്ചത്. അദ്ധ്യാത്മജ്ഞാനിയായിരുന്ന കൂട്ടായി ചട്ടിക്കൽ അബ്ദുല്ല മുസ്‌ലിയാരിൽ നിന്നു ത്വരീഖത്തുകൾ സ്വീകരിച്ചിട്ടുണ്ട്.
സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങളുമായി അടുത്ത ബന്ധമായിരുന്നു.
സുമ്മിന്റെ ഇജാസത്തും ഹദ്ദാദിന്റെ ഇജാസത്തും പലർക്കും നല്കാറുണ്ട്.
അല്ലാമാ ഖുതുബി തങ്ങളിൽ നിന്നും ഹദ്ദാദിന്റെ ഇജാസത്തു സ്വീകരിച്ചിട്ടുണ്ട്.. വൈലത്തൂർ തങ്ങളുടെ ശൈഖായിരുന്നു ഉസ്താദ് . തങ്ങളവറുകൾ ഒരുപാട് ഇജാസത്തുകൾ ഉസ്താദിൽ നിന്നു സ്വീകരിച്ചിട്ടുണ്ട്. തങ്ങൾ അവരെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറയുമായിരുന്നു.
അവിടുന്നു മന്ത്രിച്ച വെള്ളം വിഷത്തിനു ശമനം നൽകുമായിരുന്നു. ലൈലത്തുൽ ഖദ്റിൽ തന്റെ നഗ്നനേത്രങ്ങളെക്കൊണ്ടു മലാഇക്കത്തിന്റെ സാന്നിധ്യം ദർശിച്ചവരാണു മഹാൻ.
അവിടുത്തെ സഹോദരീ പുത്രൻ കുഴിക്കാട്ടിൽ ബീരാൻ കുട്ടി മുസ്‌ലിയാർ പല മഹാന്മാരെ സമീപിച്ചപ്പോഴും അവർ പറഞ്ഞു” ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ശൈഖ് ആണല്ലോ നിങ്ങളുടെ അമ്മാവൻ “
വരക്കൽ മുല്ലക്കോയ തങ്ങൾ, ആലുവായ് അബൂബക്കർ മുസ്ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, ഞണ്ടാടി ശൈഖ് തുടങ്ങിയവരെല്ലാം ഇങ്ങനെ പറഞ്ഞവരാണ്. ഇതിൽ നിന്നെല്ലാം അവിടുത്തെ വലിയ സ്ഥാനം നമുക്കു ബോധ്യപ്പെടുന്നതാണ്.
അവിടുത്തെ മന്ത്രങ്ങൾക്കൊക്കെ വലിയ ഫലമായിരുന്നു.
1966 സെപ്റ്റംബർ 23 മുതൽ വഫാത്തുവരെ സമസ്ത മുശാവറയിൽ അംഗമാണ്.
ചുരുക്കം മുശാവറകളിൽ മാത്രമേ സംബന്ധിച്ചിരുന്നുള്ളൂ.
1985 ഫെബ്രുവരി 28 ജമാദുൽ ഉഖ്‌റ 7 ന് മഹാൻ വഫാത്തായി. ഓമച്ചപ്പുഴ പുത്തൻപള്ളിയിൽ ഹാഫിള് മൊയ്‌ല്യാർ ഉപ്പാപ്പയുടെ തൊട്ടടുത്തായി അന്ത്യവിശ്രമം കൊള്ളുന്നു.
ബഹുമാനപ്പെട്ടവരുടെ മർസിയ്യത്തുകൾ വൈലത്തൂർ ഉസ്താദും, തിരൂരങ്ങാടി ഹസ്സൻ ഉസ്താദും (ചെറിയുസ്താദ്) മറ്റും എഴുതിയിട്ടുണ്ട്.
القول الموفي بمدح شيخنا محمد بن صوفي
എന്ന പേരിൽ ശൈഖുനാ മാദിഹു റസൂൽ പകര ഉസ്താദ് മൗലിദും എഴുതിയിട്ടുണ്ട്.
••••••••••••••••••••••••••
മഹാന്റെ പേരിൽ ഫാത്തിഹയും യാസീനും കഴിയുന്ന സത്കർമ്മങ്ങളും ഹദിയ്യ ചെയ്യുക
@tp Kalpetta
Leave a comment