
ആരുണ്ട് പകരം വെക്കാൻ !
ചോദ്യം സുൽത്വാനുൽ ഉലമയുടേതാണ്.
മറുപടി പറയാനാവാതെ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിസ്സഹായനായി.
കാമിലായ ആലിമായിരുന്നു. സുന്നത്ത് ജമാഅത്തിന് പൊതുവേയും മർകസിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടം.
ഒരു നെടുവീർപ്പോടെ ശൈഖുന കൂട്ടിച്ചേർത്തു.
ശരിയായിരുന്നു. ആ വിടവിപ്പോഴും നികത്താനാവാത്ത വിധമായിരുന്നു.
കേരളീയർക്ക് വിജ്ഞാനവും വിശുദ്ധിയും വിമോചനവും തന്ന മഖ്ദൂമീ താവഴിയിലാണ് ഉസ്താദിന്റെ കുടുംബ വേരുകൾ പടർന്നെത്തുന്നത്. മുസ്‌ലിയാരകം തറവാടിന്റെ ചരിത്രത്തിലത് കാണാനാവും. മലബാറിലെവിടെയെങ്കിലും പുതിയ പള്ളി നിർമിച്ചാൽ അവർ നേരെ പൊന്നാനിയിൽ ചെന്നു. പള്ളിയിലേക്കൊരു ഉസ്താദിനെ വേണം. മഖ്ദും നിയോഗിക്കുന്നയാൾ ആ നാടിന്റെ ഖാളിയായി, ഉസ്താദായി, അവസാന വാക്കായി ആ നാട്ടിൽ തന്നെ താമസമാക്കി. പള്ളിയിലെ മുസ്‌ലിയാർ / ഖാളിയാർ താമസിക്കുന്ന ‘അകം’ ( വീട് ) മുസ്‌ലിയാരകം / ഖാളിയാരകം എന്ന് ആദരവോടെ വിളിച്ചുപോന്നു. അതാതു കാലങ്ങളിലെ പരിഹാര മന്ദിരങ്ങളായി ആ തറവാടുകൾ. രണ്ടാം പൊന്നാനിയെന്നറിയപ്പെട്ട നെല്ലിക്കുത്തിലെ മുസ്‌ലിയാരകം തറവാടിന്റെയും കഥ മറ്റൊന്നല്ല.
പെരുമയേറെ നിറഞ്ഞ മുസ്‌ലിയാരകം തറവാട്ടിലെ അഹ്‌മദ് മുസ്‌ലിയാർ – മറിയം ദമ്പതികളുടെ മകനായി 1939 ലാണ് ഉസ്താദ് ജനിക്കുന്നത്. ഉപ്പ അഹ്‌മദ് മുസ്‌ലിയാർ ചെറുപ്പത്തിലേ വിടവാങ്ങി. എങ്കിലും അനാഥത്വത്തിന്റെ വിഹ്വലതകളറിയിക്കാതെ ഉമ്മ മറിയം മോനെ വളർത്തി. നെല്ലിക്കുത്ത് സ്വലാഹുദ്ദീൻ മദ്റസയിലും നെല്ലിക്കുത്ത് ഗവൺമെന്റ് സ്ക്കൂളിലുമായിരുന്നു പ്രാഥമിക പഠനം.
മർഹൂം കുഞ്ഞി ഹസൻ ഹാജി നെല്ലിക്കുത്ത്, മർഹൂം കാട്ടുകണ്ടം കുഞ്ഞഹമ്മദ് മുസ്ലിയാർ, മർഹൂം അബ്ദുറഹ്മാൻ മുസ്ലിയാർ മഞ്ചേരി, മർഹൂം കെ.സി ജമാലുദ്ദീൻ മുസ്ലിയാർ, മർഹൂം കുട്ടി മുസ്ലിയാർ തുടങ്ങിയ പണ്ഡിതശ്രേഷ്ഠർക്കു കീഴിൽ വിവിധ പള്ളികളിലായി ദർസ് പഠനം. ഉപരി പഠനം ദയൂബന്ദ് ദാറുൽ ഉലൂമിലായിരുന്നു. ഒന്നാം റാങ്കോടെയാണ് അവിടെ നിന്ന് പാസായത്.
അരിമ്പ്രയിലായിരുന്നു ആദ്യ സേവനം. തുടർന്ന് നെല്ലിക്കുത്ത്, പുല്ലാര, കാവനൂർ, പൊടിയാട്, നന്തി ദാറുസ്സലാം അറബിക് കോളേജ്, കാരന്തൂർ മർകസു സഖാഫത്തിസ്സുന്നിയ്യ എന്നിവിടങ്ങളിലായി അഞ്ച് പതിറ്റാണ്ടോളം ദർസീ രംഗത്ത് പ്രശോഭന കാലമായിരുന്നു.
ക്രാന്ത ദർശിയാണങ്കിലും ഹദീസായിരുന്നു ഉസ്താദിന്റെ മാസ്റ്റർ പീസ്. സബ്ഖിൽ ഒരുഹദീസ് വായിച്ചാൽ സനദു മുതൽ തുടങ്ങും ചർച്ച. സനദിലെ ഓരോ രിജാലിനെയും ഉസ്താദ് വിശദീകരിക്കുമ്പോൾ നേരിട്ട് പരിചയമുള്ള പോലെ തോന്നുമെന്ന് ശിഷ്യഗണങ്ങൾ. ഹദീസിൽ പറയുന്ന സംഭവങ്ങളും സ്ഥലങ്ങളും തഥൈവ. മർകസിലെ മുഖ്തസ്വർ ബാച്ചിലിയിരിക്കുമ്പോൾ ഉസ്താദിന്റെ ബുഖാരി കിട്ടിയ മധുരാനുഭവത്തെ കുറിച്ച് ഹുസൈൻ സഖാഹി ചുള്ളിക്കോട് പറയുന്ന വാക്കുകൾ ആ ജ്ഞാന സമൃദ്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കി തരുന്നതാണ് ബുഖാരിയുടെ ആമുഖമായ ഇസ്ത്വിലാഹ് രണ്ടാഴ്ച്ചയാണത്രെ വിശദീകരിച്ചത്. ആ ക്ലാസുകൾ ഇരുനൂറ്റി അമ്പതോളം പേജിലായി രേഖപ്പെടുത്തി. പ്രപഞ്ചത്തിനുമുമ്പേ നൂറുന്നബിയ്യ് (തിരുപ്രഭ ) സൃഷ്ടിച്ചുവെന്ന മൻഖൂസ് മൗലിദിലെ പരാമർശത്തിനു തെളിവായി ഉദ്ധരിക്കാറ് മുസ്വന്നഫു അബ്ദുറസാഖിൽ ഉണ്ടെന്നാണ്. പക്ഷെ.. പരതിയിട്ടും കാണാത്ത ഈ ഹദീസിനെ കുറിച്ച് ചോദിച്ചപ്പോൾ അതിശയിപ്പിക്കുന്നതാ യിരുന്നു മറുപടി. “ഇബ്നുഹജറുൽ ഹൈതമിയുടെ ഫതാവൽ ഹദീസിയ്യ, ഇമാം ഖസ്തല്ലാനിയുടെ അൽ മവാഹിബുല്ലദുന്നിയ്യ, മുല്ലാ അലിയുൽ ഖാരിയുടെ മൗലിദുർവാ, യൂസുഫുന്നബ്ഹാനിയുടെ ഹുജ്ജത്തുല്ലാഹി അലൽ ആലമീൻ, അബ്ദുൽ ഹഖ് ദഹ്‌ലവിയുടെ മദാരിജുന്നുബുവ്വ എന്നീ ഗ്രന്ഥങ്ങളിലെല്ലാം ഈ ഹദീസ് ഉദ്ധരിച്ചത് അബ്ദുറസാഖിൽ നിന്നാണ്. ഇന്നുള്ള വല്ല കോപ്പിയിലും അത് കാണുന്നില്ലെങ്കിൽ പഴയ നുസ്ഖകൾ കണ്ടെത്തണമെന്നായിരുന്നു മറുപടി.
മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിൽ നടന്ന അന്താരാഷ്ട്ര, ഇസ്ലാമിക് യൂണിറ്റി കോൺഫ്രറൻസിൽ ‘ ഹദീസ് പഠന മേഖലയിൽ സൈബർ സ്പേസിനെ എങ്ങനെ ഉപയോഗിക്കാമെന്ന വിഷയമവതരിപ്പിച്ച അഹ്മദ് കാമിൽ ഹുസൈൻ ദർവിശ്(ഈജിപ്ത്) ഹദീസ് പഠന രംഗത്തെ കേരളിയ പ്രവണതകൾ പഠിക്കാൻ വേണ്ടി നെല്ലിക്കുത്തിലെ മുസ്‌ലിയാരകം തറവാട്ടിലെത്തിയപ്പോൾ അസുഖത്തിന്റെ അവശതയിലായിരുന്നു ഉസ്താദ്. ഏറെനേരത്തെ കൂടിക്കാഴ്ചയിൽ രോഗത്തിന്റെ വൈഷമ്യം മറന്ന് ഉസ്താദ് ചർച്ചയിൽ സജീവമായി.
“ഹദീസ് രംഗത്ത് അറബ് ലോകത്തെ പുത്തൻ പ്രവണതകൾ” എന്നായിരുന്നു ചർച്ചാവിഷയം. അല്ലാഹ്.കോം, മുഹമ്മദ്.കോം തുടങ്ങിയവെബ്സൈറ്റുകൾ സ്വന്തമായി വികസിപ്പിച്ചെടുത്ത് ഹദീസ് പോസ്റ്റ് ചെയ്യുന്ന ഈജിപ്ത് പണ്ഡിതൻ ഉസ്താദിന്റെ അറിവാഴത്തിന് മുമ്പിൽ പകച്ചുനിന്നുവെന്നത് നിയോഗം. അൽ കൻസുൽ മഖ്‌ഫിയ്യ് (ചിപ്പിക്കുള്ളിലെ മുത്ത്) എന്നാണ് ഉസ്താദിനെ ദർവീശ് വിശേഷിപ്പിച്ചത്. ഈ മുത്തിനെയാണ് ഹറം ശരീഫിലെ വിശ്രുത പണ്ഡിതൻ സയ്യിദ് അബ്ബാസ് മാലിക്കിയുടെ നേതൃത്തിലുള്ള പാണ്ഡിത്യത്തിന്റെ പ്രൗഢസന്നിധാനങ്ങൾ തിരിച്ചറിഞ്ഞതും, “മുഹദ്ദിസുൽ ഉലമ’ പട്ടം നൽകി ആദരിച്ചതും.
അവയവദാനം, പോസ്റ്റ്മോർട്ടം, കുടുംബാസൂത്രണം, ക്ലോണിംഗ്, ലിംഗമാറ്റ ശാസ്ത്രക്രിയ, ടെസ്റ്റ് ട്യൂബ് ശിശു, വാടക ഗർഭം, തുടങ്ങി ആധുനികവും പൗരാണികമായ പ്രശ്നങ്ങളിൽ നാലു മദ്ഹബിലും അഗാധ പാണ്ഡിത്യമുള്ള ഉസ്താദ് ഗോള- തച്ചു ശാസ്ത്രങ്ങളുടെ അകക്കാമ്പ് കണ്ടവരായിരുന്നു. നാട്ടിലെ പളളിയിലെ ഖിബ്‌ല പ്രശ്നവുമായി കുറച്ചാളുകൾ ഉസ്താദിനെ വന്ന് കണ്ടു.ഖിബ്‌ല തെറ്റാണെന്ന വാദവുമായി ചിലർ രംഗത്തു വരികയും, ഒരു വിവാദത്തിലേക്ക് വഴിതെളിയുകയും ചെയ്യുന്ന സന്ദർഭത്തിൽ ഖിബ്‌ല അറിയാനുള്ള മാർഗമാണവർക്കു വേണ്ടിയിരുന്നത്. ലളിതമായിരുന്നു മറുപടി. “എല്ലാ വർഷവും മെയ് 28ന് ഉച്ചക്ക് 2:48നും ജൂലൈ 16 ഉച്ചക്ക് 2:57 നും സൂര്യൻ കഅബക്ക് മുകളിലാവും. അന്ന് ഭൂമിയിൽ കുത്തനെ നിൽക്കുന്ന എല്ലാ വസ്തുക്കളുടേയും നിഴൽ കഅ്ബക്ക് എതിർ ദിശയിലാവും. നിഴലിന്റെ ദിശനോക്കി മനസ്സിലാക്കാം. ദയൂബന്ദിൽ പഠിക്കുന്ന സമയം, പേർഷ്യൻ ഭാഷയിലുള്ള “വ ബിസ്തബാബ്’ എന്ന ഗോളശാസ്ത്ര ഗ്രന്ഥം അറബിയിലേക്ക് എഴുതിയെടുത്ത ജ്ഞാന തൃഷ്ണയുടെ ഊക്കും ആക്കവും എത്രയാണ്. അതുതന്നെയാണ് അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ഉസ്താദിന് ഒന്നാം റാങ്ക് നേടിക്കൊടുത്തതും.
പാരമ്പര്യമായി കേരളമുസസ്‌ലിംകൾ വിശ്വസിച്ചും ആചരിച്ചും അനുഷ്ഠിച്ചും പോന്നിരുന്ന ശാഫിഈ കർമധാരയേയും അശ്അരി വിശ്വാസപാതയേയും ചോദ്യം ചെയ്തു കൊണ്ട് 1921ൽ കടന്നുവന്ന വഹാബിസത്തിന്റെ വിഷകാറ്റിനെതിരെ ഹിമഗിരിയായി നിന്നവരാണ് ശൈഖുനാ. പിഴച്ച വാദങ്ങളുടെ അടിവേര് പിടിച്ചാണ് ഉസ്താദ് കുലുക്കിയത്. പഠന കാലത്തുതന്നെ അഹ്‌ലുസ്സുന്നയുടെ ആദർശഗോഥയിലിറങ്ങിയിരുന്നു. മഞ്ചേരി സം വാദം അതാണ് ഓർമപ്പെടുത്തുന്നത്. മനഃപ്പൂർവം ഖളാആയ നിസ്കാരം,ഇസ്റാഅ്-ബറാഅത്തുകളിലെ സുന്നത്തുനോമ്പുകൾ എന്നിവയെ ചൊല്ലി തെറ്റായ പരാമർശം നടത്തിയ മൗലവിയായിരുന്നു മറുഭാഗത്ത്. തെളിവ് ചോദിച്ച മൗലവിക്ക് ഹദീസ് നൽകി വായിക്കാൻ പറഞ്ഞു. വായിക്കുന്നതിനിടയിൽ കേറി ഉസ്താദ് “എങ്ങനെ”യെന്ന് ചോദിച്ചതും, കുടുങ്ങി. പതറിയ മൗലവി ഇഅ്റാബ് മാറ്റി വായിക്കുമ്പോൾ വീ ണ്ടും.”എങ്ങനെ” ഉസ്താദ് ചോദിക്കുന്നതിനനുസരിച്ച് അയാൾ മാറ്റി വായിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഉസ്താദ് ചോദിച്ചു. നിങ്ങൾ ആദ്യം വായിച്ചതോ രണ്ടാമത് വായിച്ചതോ മൂന്നാമത് വായിച്ചതോ ഏതാണുശരി. സദസ്സാർത്തുചിരിച്ചു. ആരവങ്ങൾക്കിടയിൽ ഉസ്താദ് എഴുന്നേറ്റ് സത്യം ബോധ്യപ്പെടുത്തികൊടുത്തു.
ദയൂബന്ദിലെ പഠനകാലത്താണ് മറ്റൊരു സംഭവം. ദാറുൽ ഉലൂമിലെ മലയാള സമാജിന്റെ സെക്രട്ടറിയായി ഉസ്താദുള്ള കാലം. റബീഉൽ അവ്വലിൽ മലയാളികൾ കൂടിച്ചേർന്ന് മൗലിദ് നടത്തിയത് തബ്‌ലീഗ് ബന്ധമുള്ള ഉത്തരദേശ വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. പരാതിയുമായി ചെന്നപ്പോൾ അധ്യാപകൻ പ്രശ്നത്തിന് തിടം വക്കുകയും ചെയ്തതോടെ ക്ലാസ് സംവാദവേദിയായി. “നിങ്ങൾ കഴിക്കുന്നതു പോലുള്ള മൗലിദ് ഖൈറുൽ ഖുറൂനിലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ”. നിധികിട്ടിയ ഭൂതത്തെപോലെ വലിയ വായിൽ ചോദിച്ച് മറുഭാഗത്തെ ബംഗാളി ഇരുന്നു. ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. “ഖതം ബുഖാരി ഔർ തഖ്സീം മിഠായി ഖുറൂൻ സലാസ മേം ത്ഥാ യാ ന ത്ഥാ” മൂന്നുതവണയാവർത്തിച്ച് ഉസ്താദും ഇരുന്നു. പത്തിക്കുപൊട്ടിയ പാമ്പിനെ പോലെ ഉഴറുകയാണ് മറുഭാഗം ചെയ്തത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഖത്മുൽ ബുഖാരി നേർച്ചയാക്കലും സദസ്സിൽ ചീരണി വിതരണം ചെയ്യലും ദാറുൽ ഉലൂമിന്റെ പരിസരങ്ങളിൽ പതിവായിരുന്നു. കോളേജ് വിദ്യാർത്ഥികളെയാണ് അതിന് ഏൽപ്പിക്കാറ്. ഇതിനെ കുറിച്ചാണ് ഉസ്താദ് ചോദിച്ചത്. ഈ സ്ഥൈര്യവും തന്ത്രവും ഉസ്താദിന്റെ ജീവിതത്തിലുടനീളം കണ്ടു. മരണ രോഗത്തിൽ ആശുപത്രിവാസക്കാലത്ത് അവിടുത്തെ മുസ്‌ലിം ഡോക്ടേഴ്സിനോട് ഉസ്താദിന്റെ ആദർശഗാനത്തെ പരിചയപ്പെടുത്തി ആദർശപഠനത്തിന് പ്രേരിപ്പിക്കുക പോലുമുണ്ടായി. വഹാബി ഐഡിയോളജിയെ മാത്രമല്ല, വ്യതിയാന പ്രവണതകളുമായി വന്നവരെ മുഴുവൻ ഉസ്താദ് വെട്ടിലാക്കി.
നീതിപീഠത്തിനു മുമ്പിലും ഔദ്യോഗിക തലങ്ങളും ഉസ്താദ് കയറുക മാത്രമല്ല,നെഞ്ച് വിരിച്ച് ഇറങ്ങി വരികയും ചെയ്തു. ചെമ്പിട്ട പള്ളിയുടെ പരിസരത്ത് ഖാദിയാനികളുണ്ടാക്കിയ പ്രശ്നത്തിൽ ഉസതാദിനോട് വക്കീലിന്റെ ചോദ്യം. “മുസ്‌ലിം എന്നതിന്റെ നിർവചനം എന്ത്”. “മുഹമ്മദ് നബി കൊണ്ടുവന്നതായി അനിഷേധ്യമായി സ്ഥിരപെട്ട മുഴുവൻ കാര്യങ്ങളും അംഗീകരിക്കുന്നവരാണ് മുസ്‌ലിംകൾ, കേസ് കൊടുത്തവർ മുഹമ്മദ് നബി അന്ത്യ പ്രവാചകനാണെന്ന് നിഷേധിക്കുന്നതായി അവരുടെ മൊഴിയിലുണ്ട്. അതിനാൽ അവർ മുസ്‌ലിം അല്ല”. വക്കീൽ ശരിക്കും പതറി.എങ്ങനെ കളം മാറ്റികളിച്ചിട്ടും കോണികയറാനായില്ല. ചെന്നുപെട്ടതെല്ലാം പാമ്പിന്റെ വായിൽ. മുക്കുതല പളളിയിലെ ഖുതുബ പരിഭാഷയുമായി ബന്ധപെട്ട കേസിലും ഉസ്താദ് തന്നെയാണ് കോടതി കയറിയത്. “ഖുതുബ എന്നാൽ പ്രസംഗമല്ലേ” എന്ന പതിവുചോദ്യത്തെ,”അല്ലാ,കീർത്തനം”എന്ന് പറഞ്ഞായിരുന്നു ഉസ്താദ് നേരിട്ടത്. എത്ര സമയം വേണമെ”ന്ന് ചോദിച്ചപ്പോൾ “മൂന്നുമിനുട്ടെ”ന്നായിരുന്നു മറുപടി വക്കീൽ പൂർ ണ്ണമായും പകച്ചു. പ്രതീക്ഷിക്കാത്ത ഗതിയിലൂടെയാണ് കാര്യങ്ങൾ നീങ്ങുന്നത്. മൂന്ന് മിനുട്ട് കൊണ്ട് പ്രസംഗം സാധിക്കില്ലെന്ന രൂപത്തിൽ ഉസ്താദ് നീങ്ങിയപ്പോൾ വിധി വന്നു; ഖുത്വുബ പരിഭാഷ പാടില്ല. ഇങ്ങനെ സാർഥവും സമർഥവുമായ പ്രതിരോധ താന്ത്രങ്ങളിലൂടെ കേരള മുസ്‌ലിംകളുടെ അഭിമാനമാണ് ഉസ്താദ് നിലനിർത്തിയത്.
രചനകൾ
പ്രൊജ്വലമായ ആ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഉസ്താദിന്റെ ര ചനകൾ. തെറ്റിദ്ധാരണകളുടെയും ദുർവ്യാഖ്യാനങ്ങളുടെയും പതിയിടങ്ങളിലാണ് ഉസ്താദ് മഷി നിറച്ചത്. എട്ടുവാള്യങ്ങളിലായി ഏഴായിരത്തിലധികം പേജുകൾ വരുന്ന മിർആത്ത്,ശാഫിഈ കർമ്മധാരയനുസരിച്ച് മിശ്ക്കാത്തിന് ഇന്ന് കിട്ടാവുന്ന പ്രൗഢ ഹാശിയയാണ് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കൃതി തിരുമൊഴികളുടെ വെളിച്ചത്തിൽ ശാസ്ത്ര സമസ്യകൾക്കു വരെ പരിഹാരം ആകുന്നുണ്ട്.
അഹ്‌ലുസ്സുന്നയെ സമഗ്രമായി പ്രതിപാദിക്കുന്ന അഖീദത്തുസ്സുന്ന ഉസ്താദിന്റെ വൈജ്ഞാനിക വൈപുല്യത്തെ വാനോളം ഉയർത്തുന്നതാണ്. ആദർശ മുഖത്ത് വലിയ പണ്ഡിതഗോപുരങ്ങൾ കഴിഞ്ഞ് പോയിട്ടുപോലും വിവാദ വിഷയങ്ങൾ ശാസ്ത്രീയമായി കേന്ദ്രീകരിച്ച് ആർക്കും എളുപ്പത്തിൽ പഠിക്കാൻ പാകത്തിൽ ഒരു രചനയുടെ അഭാവം വരുത്തിയ വിടവിനെയാണ് ഉസ്താദ് നികത്തിയത്.
സുന്നി-ബിദഇകൾക്കിടയിൽ ആശയചേർച്ചയില്ലാത്ത സ്ത്രി ജുമുഅ-ജമാഅത്ത്, രണ്ടാം വാങ്ക്, ഖുതുബ പരിഭാഷ,ഖുനൂത്ത് തുടങ്ങിയ വിഷയങ്ങളുടെ ഹിഖ്ഹീ വീക്ഷണങ്ങളും,ബാങ്ക് പലിശ, ഇൻഷുറൻസ് അടവ്,ഷെയർ ബിസിനസ് തുടങ്ങിയ ശാസ്ത്ര സമസ്യകളും ഇഴകീറി പരിശോധിക്കുന്ന ഫിഖ്ഹ് സ്സുന്ന എടുത്ത് പറയേ ണ്ടതാണ്.
ഖിബ്‌ല നിർണയം,നിസ്കാരസമയം തുടങ്ങിയവ പഠിക്കാൻ കേരളീയ സിലബസിലുള്ള രിസാലത്തുൽ മാറദീനിക് ഉസ്താദ് രചിച്ച ഹാശിയ പഠിക്കാത്ത പഠന കേന്ദ്രങ്ങൾ ഉണ്ടാകില്ല കേരളത്തിൽ. അക്ഷാംശം,ഭൂമധ്യരേഖയിൽ നിന്നുള്ള സൂര്യന്റെ ചലനം തുടങ്ങി ആവശ്യമെന്ന് തോന്നുന്നതെല്ലാം ചിട്ടയിൽ പട്ടികപ്പെടുത്തിയ “ഹാശിയത്തുരിസാല ” തദ്വിഷയത്തിലെ ആധികാരിക രചനയാണല്ലോ.
തർക്കശാസ്ത്രത്തിലും ഉസ്താദ് വിസ്മയം തീർത്തിട്ടുണ്ട് “ഹാശിയത്തുൽ തസ്‌രീഹുൽ മൻഥി ഖും”,”തഖ്രീറു മുല്ലാഹസനും സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള സമർത്ഥനമാണ്. തർക്കശാസ്ത്രത്തിന്റെ ചരിത്രവും ഇസ്‌ലാമുമായുളള ബന്ധവും ലളിതമായി പ്രതിപാദിക്കുകക്കുടി ചെയ്യുന്നുണ്ട് മൻഥിഖിൽ.
“തൗഹീദ് ഒരു സമഗ്ര പഠനം” -ബിദഈ കോട്ടക്കകത്തു തീർത്ത മുഴക്കം ചെറുതൊന്നുമല്ല. ഈജിപ്ഷ്യൻ ആകാന്ധതയെ തുറന്നുക്കാട്ടുന്ന ചില ഓരിയിടലുകളല്ലാതെ മറുപടി ലഭിച്ചില്ല. തൗഹീദ് -ശിർക്കുകളുടെ നിർവചനങ്ങൾ അപഗ്രഥിച്ച് അവയിൽ പെടുന്നതും പെടാത്തതും വേർതിരിച്ച ഈ കൃതിക്ക് ശേഷം വളരും തോറും പിളരുന്ന രൂപത്തിലായിരുന്നു വഹാബി വികാസം.
മതതാരതമ്യ പഠനങ്ങളും സംവാദങ്ങളും ഇപ്പോഴുള്ള പോലെ വ്യാപകമായിട്ടില്ലാത്ത 1990 ൽ രചിച്ച “മതങ്ങളിലൂടെ ഒരു പഠനപര്യടനം”, മതാരംഭം,അല്ലാഹു,യഹോവ,ഈശ്വരൻ,വേദങ്ങൾ തുടങ്ങിയവയെ പഠനവിധേയമാക്കുന്നുണ്ട്.
കേവല ഉൽപാദന വിതരണ വിപണന നിക്ഷേപ ഉപഭോഗങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് മാത്രമേ ഭൗതിക സാമ്പത്തിക ശാസ്ത്രം പ്രാമുഖ്യം നൽകുന്നൊള്ളൂ. പക്ഷേ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ സംസ്കരണം കൂടി കണിശമാക്കുന്നുണ്ട്. ലോകത്തെ വിവിധ സമ്പദ് വ്യവസ്ഥകളെ പഠനവിധേയമാക്കി സക്കാത്തിനെയും, അനന്തരാവകാശത്തെയും സമർത്ഥിക്കുക കൂടി ചെയ്യുന്ന ഗ്രന്ഥം ഈടുറ്റ രചന തന്നെ.
സാധാരണക്കാരെക്കൂടി പരിഗണിച്ച് തയ്യാറാക്കിയ “വഴിമാറി സഞ്ചരിക്കുന്നവർ’ ആദർശരംഗത്തെ ഉത്തമ ഗൈഡാണ്. നർമവും മർമവും ഇഴചേർത്തു ണ്ടാക്കിയ ഈ കൃതി മാലപ്പാട്ട് രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് താഴെ ഭാഗത്ത് ആവശ്യമായ അടിക്കുറിപ്പും നൽകിയത് മത്‌ന് ശറഹ് വായനയുടെ ഗാംഭീര്യം നൽകുന്നു. സത്യത്തിന്റെ മാർഗമേത് എന്ന് ചോദിച്ചു തുടങ്ങുന്ന പുസ്തകം സത്യ മാർഗത്തെ നിർണയിച്ചും സത്യേതര മാർഗങ്ങളുടെ അടിസ്ഥാന രാഹിത്യത്തെ തുറന്ന് കാട്ടിയും മുന്നേറുന്നു.
ഇവക്കു പുറമെ “ഇസ്‌ലാം മതം, ജുമുഅ ഒരു പഠനം”,” ഫതാവാ”,”മദ്ഹബുകളും ഇമാമുകളും ഒരു ഹൃസ്വ പഠനം” തുടങ്ങിയവയും ഉസ്താദിന്റെ രചനാ ലോകത്തെ വിശാലമാക്കുന്നു. ജീവിതത്തിലെ ഓരോ ദിനത്തിനും ഓരോ പേജ് വീതത്തിലാണ് ഉസ്താദ് എഴുതിയത്. ഇനിയെത്ര എഴുതാപ്പുറങ്ങൾ ആ മനസ്സിലൊളിച്ചു കളിച്ചിരുന്നു.രോഗാവസ്ഥയിൽ സഹിച്ചിറക്കിയ വേദനകൾക്കൊപ്പം പകർ ത്തപ്പെടാത്ത പൊരുളുകളെ ചൊല്ലിയും എത്ര നൊന്തിരിക്കും. ശാലിയാത്തിയിൽ തുടങ്ങി ചാലിലകത്തു വഴി ഒകെ ഉസ്താദിലൂടെ ശൈഖുൽ ഹദീസിലെത്തുന്ന വിപ്ലവ തുടർച്ച കണ്ണിയറ്റു പോയിരിക്കുകയാണോ.
( സ്വൂഫി ഉസ്താദ് ദർസ് അമ്പത്തിമൂന്നാം വാർഷിക സമ്മേളന സുവനീറിൽ നിന്ന് )


Leave a comment