lkm313

islamic

തഖ്ലീദ് നിരാസം തോന്നിവാസം

തഖ്ലീദ് നിരാസം തോന്നിവാസം

By: മൗലാനാ നജീബ് മൗലവി ആലിമല്ലാത്തവർ ആലിമുകളോടു പിൻപറ്റണമെന്നും ആലിമിനെ അനുസരിച്ചു ജീവിക്കണമെന്നും ഖുർആൻ നിർദ്ദേശിച്ചതു നാം വിവരിച്ചുവല്ലോ. ഗവേഷണ യോഗ്യരായ പണ്ഡിതന്മാർ മാത്രമേ ശരിയായ അർത്ഥത്തിൽ ആലിംകളെന്നു വിളിക്കപ്പെടാൻ അർഹരായുള്ളൂവെന്നും അല്ലാത്തവരെല്ലാം അവരെ പിൻപറ്റി ജീവിക്കാൻ ബാധ്യതപ്പെട്ടവരാണെന്നും കാര്യകാരണ സഹിതം നാം വ്യക്തമാക്കുകയും ചെയ്തു. മദ്ഹബിന്നകത്തുള്ള ഇജ്തിഹാദിന്റെ ഗ്രേഡുള്ളവർ പോലും സമൂഹത്തിൽ കുറ്റിയറ്റു പോയിട്ടു നൂറ്റാണ്ടുകൾ പിന്നിട്ടുവെന്നും കഴിഞ്ഞ അഞ്ചെട്ടു നൂറ്റാണ്ടുകളിൽ ജീവിച്ചു മറഞ്ഞ മുഴുവൻ പണ്ഡിതന്മാരും ഗ്രന്ഥകർത്താക്കളും മുഫസ്സിർ, മുഹദ്ദിസ്, ഫഖീഹുമാരെല്ലാം നാലിലൊരു മദ്ഹബു സ്വീകരിച്ചവരാണെന്നും ഇതിനു മുൻപ് ഉദാഹരണ സഹിതം സമർത്ഥിച്ചതുമാണ്. ഒരു മദ്ഹബുമില്ലാതെ ഖുർആനും സുന്നത്തുമനുസരിച്ചു ജീവിക്കാമെന്നു പറയാനെളുപ്പമാണ്. പക്ഷേ, എങ്ങനെ? ഒന്നാലോചിച്ചു നോക്കൂ. അഞ്ചുനേരം നിസ്കരിക്കാൻ അല്ലാഹുവിന്റെ കല്പനയുണ്ട്. എങ്ങനെയാണു നമസ്കരിക്കുക? ഖുർആനിൽ അതിന്റെ രൂപം വിവരിച്ചിട്ടില്ല. ഹദീസുകളിൽ നബി(സ) നിസ്കരിച്ചതുപോലെ നിസ്കരിക്കാൻ നിർദ്ദേശമുണ്ട്. റുകൂഅ, സുജൂദ്, തശഹ്ഹുദ് എന്നിങ്ങനെ പല കർമ്മങ്ങളും നമസ്കാരത്തിൽ നബി(സ) ചെയ്തതായും ഹദീസുകളിലുണ്ട്. ഫാത്വിഹ കഴിഞ്ഞു റുകൂഅ്, അതിൽ നിന്നു നിവർന്നു നിൽക്കൽ, അനന്തരം സുജൂദ് എന്നിങ്ങനെ ക്രമത്തിൽ പ്രവർത്തിക്കാനുള്ള കൽപനയും ഹദീസുകളിൽ കാണാം. പക്ഷേ, എങ്ങനെയാണു റുകൂഅ'? അതിന്റെ ഘടകങ്ങളും നിബന്ധകളുമെന്തെല്ലാം? സുജൂദെങ്ങനെ? അതിന്റെ നന്ന ചുരുങ്ങിയ രൂപമെന്ത്? എന്തുകൊണ്ടല്ലാം അതു നിഷ്ഫലമാകും? ഇതൊന്നും കൃത്യവും വിശദവുമായി ഹദീസുകളിൽ നിന്നും നമുക്കു ലഭ്യമല്ല. മദ്ഹബിന്റെ ഗ്രന്ഥങ്ങളെയും വിവരണങ്ങളെയും ആശ്രയിച്ചല്ലാതെ ഇതു വിശദീകരിക്കാൻ ആർക്കും കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട നമസ്കാരത്തിന്റെ തന്നെ നില ഇതാണെങ്കിൽ മറ്റാരാധനകളുടെയും ഇടപാടുകൾ, വിവാഹം, വിവാഹ മോചനം എന്നിങ്ങനെ പ്രവിശാല മനുഷ്യ ജീവിതത്തിലെ സർവ്വസാധാരണമായ കാര്യങ്ങളുടെയും ശരിയായ രൂപവും നിയമങ്ങളും മനസ്സിലാക്കുവാൻ മറ്റെന്താണു മാർഗ്ഗം? നാലിലൊരു മദ്ഹബിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലൂടെയല്ലാതെ ഇതൊന്നും മനസ്സിലാക്കാനാകുകയില്ല തന്നെ. സമൂഹത്തിന്റെ വികാസവും വൈവിധ്യമാർന്ന ജീവിത രീതികളുമനുസരിച്ചു പുതുതായി ഉടലെടുക്കുന്ന പ്രശ്നങ്ങൾ, വിവരക്കുറവുമൂലം മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി സാധാരണക്കരിൽ നിന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ചെയ്തികൾ, അവരുടെ മൊഴികൾ എന്നിവ സംബന്ധിച്ചെല്ലാം ഇസ്ലാമിന്റെ വിധികൾ വിശുദ്ധ ഖുർആനിലും ഹദീസുകളിലും നമുക്കെവിടെ കാൺമാൻ കഴിയും? മദ്ഹബു ഗ്രന്ഥങ്ങളുടെ വിവരണവും വിശദചർച്ചകളും അവഗണിച്ചുകൊണ്ട് ഇവയൊന്നും മനസ്സിലാക്കുവാൻ സാധ്യമേയല്ല. ഇതുതന്നെ അറബുഭാഷയിൽ നല്ല കഴിവും തിരിവുമുള്ള പണ്ഡിതന്മാരെ സംബന്ധിച്ചാണു പറയുന്നത്. ആയത്തു- ഹദീസുകളുടെ ഭാഷയും അർത്ഥങ്ങളും ആശയങ്ങളും മനസ്സിലാകുന്നവരെപ്പറ്റി. ഇവർക്കു തന്നെ മദ്ഹബു ഗ്രന്ഥങ്ങളെ ആശ്രയിക്കാതെ കർമവിധികൾ ഗ്രഹിക്കാനാകുകയില്ലെന്ന്. ഇതൊന്നുമറിയാത്ത സാധാരണക്കാരെ സംബന്ധിച്ച് അവർ പണ്ഡിതന്മാരെന്നു ധരിച്ചവരെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ. ആ പണ്ഡിതന്മാരുടെ മൊഴികൾ സ്വീകരിക്കുകയല്ലാതെ അവർക്കു ഗത്യന്തരമില്ല. പണ്ഡിതന്മാർക്കാകട്ടെ, മേൽപറഞ്ഞപോലെ മദ്ഹബുകളെ അവലംബിക്കാതെ രക്ഷയുമില്ല. അപ്പോൾ ഇന്നത്തെ സമൂഹത്തിലെ പണ്ഡിതന്മാർക്കും സാധാരണക്കാർക്കും മദ്ഹബുകൾ അവലംബിച്ചല്ലാതെ അല്ലാഹുവിന്റെ നിയമങ്ങളനുസരിക്കുവാൻ കഴിയില്ലെന്നു വളരെ വ്യക്തം. ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ, എന്നീ നാലു മദ്ഹബുകളല്ലാതെ മനുഷ്യ ജീവിതത്തിലെ മുഴു വിഷയങ്ങളിലും നിയമങ്ങൾ വിശദീകരിച്ചതായി വേറൊരു മദ്ഹബും നിലവിലില്ലെന്നു പറഞ്ഞുവല്ലോ. ആരാധനകൾ, ഇടപാടുകൾ, വൈവാഹികം, ക്രിമിനൽ നിയമങ്ങൾ എന്നിങ്ങനെ ക്രമത്തിൽ മനുഷ്യന്റെ മുഴുവൻ ജീവിത വിഷയങ്ങളും പ്രസ്തുത നാലു മദ്ഹബുകളിലും സവിശദം വിവരിച്ചിട്ടുണ്ട്. സ്വഹാബത്തു മുതൽ മുസ്ലിം തലമുറകളിൽ ജീവിച്ച മറ്റു മുജ്തഹിദുകളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഏതെങ്കിലുമൊരു വിഷയത്തിൽ എവിടെയെങ്കിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നല്ലാതെ ശാസ്ത്ര രീതിയിൽ അവ ക്രോഢീകരിക്കപ്പെട്ടിട്ടില്ല. ഉദ്ധരിക്കപ്പെട്ട അഭിപ്രായങ്ങൾ തന്നെ പൂർണ്ണവുമല്ല. അവരുടെ നിബന്ധനകളും വ്യവസ്ഥകളും അറിയാൻ മാർഗ്ഗമില്ലാത്തേടത്തോളം അഭിപ്രായങ്ങൾ പൂർണ്ണമാകാൻ വഴിയുമില്ല. ഇതുകൊണ്ടാണു നാലു മദ്ഹബുകൾക്കപ്പുറമുള്ള മുജ്തഹിദുകളെ അനുകരിക്കലും പിൻപറ്റലും അനുവദനീയമല്ലെന്നു പണ്ഡിത ലോകം ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്. ഇത് ഇജ്മാആണ്. തുഹ്ഫ 10-109. നാലു മദ്ഹബുകൾക്കും വിരുദ്ധമായ അഭിപ്രായം ഇജ്മാഇനു വിരുദ്ധമായ അഭിപ്രായം പോലെ അവഗണിക്കപ്പെടേണ്ടതാണെന്ന് ഇമാം സുബ്കി(റ)യും പ്രസ്താവിച്ചിട്ടുണ്ട്. തുഹ്ഫ 10-110. ഇമാംശാഫിഈ(റ), മാലിക്(റ), അബൂ ഹനീഫ(റ), അഹ്മദ്(റ) എന്നിവർ മാത്രമല്ല സുഫ്യാനുസ്സൗരി(റ), സുഫ്യാനുബ്നു ഉയയ്ന(റ), ഔസാഈ(റ), ഇസ്ഹാഖ്(റ), ദാവൂദ്(റ) തുടങ്ങി മുസ്ലിംകളിലെ എല്ലാ മുജ്തഹിദുകളായ അഇമ്മത്തും അവരുടെ വീക്ഷണങ്ങളിൽ അല്ലാഹുവിങ്കൽ നിന്നുള്ള നേർ മാർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവരാണെന്നു വിശ്വസിക്കൽ നമുക്കു നിർബന്ധമാണ്. (ജംഉൽ ജവാമിഅ് 2-441, 442, ഇമാം മുനാവി(റ)യുടെ ശർഹുൽ ജാമിഅ') ഇങ്ങനെ പ്രസ്താവിച്ച ഇമാമുകൾ തന്നെയാണു നാലു മദ്ഹബിനപ്പുറം മറ്റുള്ളവരെയൊന്നും അനുകരിക്കാവതല്ലെന്നും അതു നിഷിദ്ധമാണെന്നും പ്രഖ്യാപിച്ചത്. അവരുടെയെല്ലാം അഭിപ്രായങ്ങളും വീക്ഷണങ്ങളും ന്യായ രഹിതമോ പിഴവോ ആയതുകൊണ്ടല്ല ഇത്. മറിച്ച്, നടേപറഞ്ഞപോലെ പൂർണ്ണരൂപത്തിൽ അവരുടെ അഭിമതങ്ങൾ നമുക്കു ലഭിക്കാൻ മാർഗ്ഗമില്ലാത്തതു കൊണ്ടാണ്. സ്വഹാബാക്കൾ, താബിഉകൾ തുടങ്ങി നാലുമദ്ഹബിനപ്പുറമുള്ള മുജ്തഹിദിന്റെ അഭിപ്രായം ഏതെങ്കിലുമൊരു വിഷയത്തിൽ തന്റെ നിബന്ധനകളും വ്യവസ്ഥകളുമെല്ലാം ഒത്തുചേർന്ന വിധം രേഖപ്പെട്ടു ലഭിക്കുന്നതായാൽ ആ വിഷയത്തിൽ അവരെ അനുകരിക്കൽ അനുവദനീയമാണെന്നു തന്നെയാണു പ്രബല പണ്ഡിതവീക്ഷണം. പക്ഷേ, സ്വന്തമായി പ്രവൃത്തിക്കുന്നതിനാണ് ഇതവലംബിക്കാൻ പറ്റൂ. അതനുസരിച്ചു ഫത്വാ നൽകാനോ കേസുകളിൽ വിധി പ്രഖ്യാപിക്കാനോ പാടില്ല. അതേസമയം, ദീനിയ്യായ വല്ല നേട്ടങ്ങളും ബോദ്ധ്യപ്പെട്ടാൽ നാലു മദ്ഹബിനപ്പുറമുള്ള അഭിപ്രായങ്ങൾ മുഫ്തി ചൂണ്ടികാണിച്ചു കൊടുക്കാവുന്നതും അതുപ്രകാരം പ്രവർത്തിക്കാവുന്നതുമാണ്. തുഹ്ഫ:10-109,110. നാലു മദ്ഹബുകളിൽ ഏതെങ്കിലും ഒന്നുതന്നെ അനുകരിച്ചു ജീവിക്കണമെന്നുണ്ടോ? നാലും ഒന്നിച്ചനുകരിച്ചു ജീവിച്ചുകൂടേ? എന്നു ചോദിച്ചേക്കാം. പറയാം. ഒരേസമയം പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ ഒരേ വിഷയത്തിൽ കൈകൊള്ളാൻ കഴിയുകയില്ലല്ലോ. ഒരു കാര്യം ഒരു മദ്ഹബിൽ നിർബന്ധമാകുമ്പോൾ മറ്റൊരു മദ്ഹബിൽ അതു ഹറാമാണെന്നാകും വിധി. (ഇതു വളരെ അപൂർവ്വമാണെങ്കിലും.) ഒരു കാര്യം പ്രവൃത്തിക്കൽ സുന്നത്താണെന്ന് ഒരു മദ്ഹബിലും അതേ കാര്യം ഒഴിവാക്കൽ സുന്നത്താണെന്നു മറ്റൊരു മദ്ഹബിലും. ഇങ്ങനെ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ അനുകരിച്ചു കൊണ്ടൊരാൾക്കെങ്ങനെ ജീവിക്കാൻ കഴിയും. ഇതാരും ഉദ്ദേശിക്കാനും വഴിയില്ല. എങ്കിൽ പിന്നെ, എല്ലാ മദ്ഹബുകളും അനുകരിച്ചു ജീവിക്കുകയെന്നതിനർത്ഥം, ഓരോരോ വിഷയങ്ങളിൽ ഓരോ മദ്ഹബിൽ നിന്നും ഇഷ്ടമുള്ളതെടുത്തു കൊണ്ട് ഒരാൾ ഇച്ഛാനുസരണം ജീവിക്കുകയെന്നാകണം. ഇത് അല്ലാഹു വിലക്കിയിട്ടുള്ളതാണ്. കാരണം, ഓരോ മദ്ഹബിൽ നിന്നും ഇഷ്ടാനുസരണം പറ്റിയതു തെരഞ്ഞെടുക്കുന്നതിൽ എന്താണയാൾക്കു മാനദണ്ഡം? തന്റെ താത്പര്യം മാത്രം. തന്റെ തടി ഇച്ഛിക്കുന്നത്. ഇതാണിവിടെ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. അപ്പോൾ അയാൾ പണ്ഡിതനെ പിൻപറ്റി അല്ലാഹുവിനു വഴിപ്പെടുകയെന്ന ബാദ്ധ്യതയല്ല നിറവേറ്റുന്നത്. തന്റെ തടിയിഛയോടു പിൻപറ്റി ഇഷ്ടാനുസരണം ജീവിക്കുകയാണ്. തന്റെ മോഹങ്ങൾക്കും താത്പര്യങ്ങൾക്കും പ്രാധാന്യം നൽകി തന്നിഷ്ടത്തിനൊത്തു സുഖിക്കുകയാണ്. ഇത്തിബാഉൽ ഹവാ (തടിയിഛക്കൊത്തു ജീവിക്കൽ), ഇത്തിബാഉ ശ്ശഹവാത്ത് (മോഹത്തിനനുസരിച്ചു ജീവിക്കൽ) എന്നാണിതിനു പേര്. ഇതു രണ്ടും വിലക്കപ്പെട്ടതാണ്. വിശുദ്ധ ഖുർആനിന്റെ വ്യക്തമായ പ്രസ്താവന കൊണ്ടുതന്നെ. “നിങ്ങൾ സ്വന്തം ഇച്ഛകളെ പിൻപറ്റി ജീവിക്കരുത്. നിങ്ങളുടെ ഇച്ഛകൾ അല്ലാഹുവിനു വഴിപ്പെട്ടു ജീവിക്കുന്ന മാർഗ്ഗത്തിൽ നിന്നും നിങ്ങളെ തെറ്റിക്കും.”(വി.ഖു.) എന്നിതുപോലെ നിരവധി ആയത്തുകളിൽ അല്ലാഹു ഇതു വിലക്കിയിട്ടുണ്ട്. ലളിതമായതു തന്നെ ഓരോ മദ്ഹബിൽ നിന്നും പരിശോധിച്ചു പെറുക്കിയെടുത്ത് അതു കൈക്കൊണ്ടു മാത്രം ജീവിക്കുന്നതായാൽ അല്ലാഹു ഏൽപിച്ച ഭാരം ഏറ്റെടുത്തു ജീവിക്കുകയെന്ന തക്ലീഫിന്റെ മാല അയാൾ കഴുത്തിൽ നിന്നും സ്വയം അറത്തെറിയുകയെന്ന അപകടവും സംഭവിക്കും. ഇത് അയാളെ സാക്ഷി നിൽക്കാൻ പോലും പറ്റാതാക്കുന്ന അയോഗ്യത സൃഷ്ടിക്കും. ഫാസിഖാകുന്ന വൻദോഷമാണിതെന്നു ചുരുക്കം. (തുഹ്ഫ 10-112, ഇമാം ശാത്വിബിയുടെ അൽമുവാഫഖാത്ത് 4-134, 144, 145).

പുസ്തകം: മദ്ഹബുകൾ

Ahibbau Moulana Group
to join:http://shorturl.at/fzV37


Discover more from lkm313

Subscribe to get the latest posts sent to your email.

Published by

Leave a comment

Discover more from lkm313

Subscribe now to keep reading and get access to the full archive.

Continue reading

Design a site like this with WordPress.com
Get started